ലോകത്തിന് വായിക്കാനും അക്ഷരങ്ങളിലൂടെ വിസ്മയയാത്ര നടത്താനും വലിയൊരു പുസ്തകം തുറന്നുവെക്കുകയാണ് സാംസ്കാരിക തലസ്ഥാനമായ ഷാര്‍ജ. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ 38ാം പതിപ്പിന് ബുധനാഴ്ച കൊടിയേറും. ഷാര്‍ജ എക്സ്പോ സെന്ററില്‍ പുസ്തകമേളയുടെ ഉൗര്‍ജസ്രോതസ്സ് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്യും.
സാഹിത്യ നൊേബല്‍ സമ്മാന ജേതാവ് ഒര്ഹാന് പാമുഖ്, അമേരിക്കന്‍ സെല്‍ഫ് ഹെല്പ് എഴുത്തുകാരന് മാര്‍ക് മാന്ഷന്, ടി.വി അവതാരകനും അമേരിക്കന്‍ എഴുത്തുകാരനുമായ സ്റ്റീവ് ഹാര്‍വെ, കനേഡിയന്‍ നടി ലിസ റായ്, ഗുല്‍സാര്‍, ചലച്ചിത്രതാരങ്ങളായ മനീഷ കൊയ്രാള, ഗുല്‍ഷന്‍ ഗോവെര്‍, ഫുഡ് വ്ലോഗര്‍ ശിവേഷ് ഭാട്ടിയ, ഷെഫ് കീര്‍ത്തി ബൗട്ടിഖ, ഷെഫ് പങ്കജ് ബദോരിയ, മോട്ടിവേഷന്‍ സ്പീക്കര്‍മാരായ രാജ് ഷമാനി, റോബിന് ശര്‍മ, ഇന്ത്യന്‍ സാഹിത്യരംഗത്തെ പ്രമുഖരായ വിക്രം സേഥ്, അശ്വിന് സാംഘ്വി, ജീത് തയ്യില്‍, അനിത നായര്‍, മഗ്സസെ അവാര്‍ഡ് ജേതാവും എന്‍.ഡി.ടി.വി മാനേജിങ് എഡിറ്ററുമായ രവീഷ് കുമാര്‍ തുടങ്ങി 68 രാജ്യങ്ങളിലെ 173 എഴുത്തുകാരും 28 രാജ്യങ്ങളില്‍നിന്നുള്ള 90 സാംസ്കാരിക വ്യക്തിത്വങ്ങളുമാണ് പുസ്തകമേളയില്‍ സംവദിക്കാനെത്തുന്നത്.
രണ്ടായിരത്തില്പരം പ്രസാധകരാണ് ലോകത്തിലെ വലിയ മേളകളിലൊന്നായ ഷാര്‍ജ പുസ്തകനഗരിയില് ഈ വര്‍ഷം പുസ്തകക്കൂട്ടങ്ങളുമായെത്തുന്നത്. 10 ദിവസങ്ങളിലായി നടക്കുന്ന മേളയോടനുബന്ധിച്ച് 987 സാംസ്കാരിക പരിപാടികള്‍ അരങ്ങേറും.അറബ് രാജ്യങ്ങളിലെ മികവുറ്റ 88 നാടകങ്ങള്‍ ഈ വര്‍ഷത്തെ മേളയില്‍ അരങ്ങിലെത്തും.കുട്ടികളുടെ വിഭാഗത്തിലായി 409 വ്യത്യസ്തമായ പരിപാടികളാണ് മേളയില്‍ സംഘടിപ്പിക്കുന്നത്. ഒപ്പം നഗരിയിലെത്തുന്ന കുട്ടിക്കൂട്ടങ്ങളെ ആകര്‍ഷിക്കുന്നതിനായി 11 സിനിമകളും പ്രദര്‍ശിപ്പിക്കും.സൈപ്രസ്, വെനിസ്വേല, ഇക്വഡോര്‍, എസ്തോണിയ, ഗ്രീസ്, മൊസാംബീക്, സോമാലിയ, ദക്ഷിണ കൊറിയ, തയ്വാന് രാജ്യങ്ങള്‍ ആദ്യമായി എത്തുന്നു എന്ന പ്രേത്യകതകൂടിയുണ്ട് ഇത്തവണത്തെ പുസ്തകമേളക്ക്. അറബ് സാഹിത്യത്തിലെ പ്രമുഖരുടെ വലിയ നിരയും പുസ്തകോത്സവത്തെ സമ്ബന്നമാക്കാനെത്തും. വടക്കേ അമേരിക്കന്‍ വന്‍കരയിലെ മെക്സികോയെയാണ് അതിഥിരാജ്യമായി ഈ വര്‍ഷം ഷാര്‍ജ വരവേല്‍ക്കുന്നത്.