അത്യുന്നതങ്ങളിൽ അസമാധാനം പുകയുമ്പോൾ

ഒരു ജനാധിപത്യരാജ്യത്തിന്റെ നെടുംതൂണുകളാണ് നീതിന്യായപീഠവും നിയമനിർമ്മാണവും ഭരണനിർവഹണവും. ‘തൂണുകൾ’ എന്നത് കേവലമൊരു അലങ്കാരികപ്രയോഗമല്ല. അത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന പൗരന്മാരുടെ ആശയും പ്രതീക്ഷയും കൂടിയാണ്. സുതാര്യമായിവേണം ഈ സംവിധാനങ്ങൾ പ്രവർത്തിക്കേണ്ടത്. 2018 ന്റെ തുടക്കം തന്നെ രാജ്യം സാക്ഷിയായത് ഒട്ടും ശുഭകരമായ സംഭവങ്ങൾക്കായിരുന്നില്ല. ഭരണനിർവഹണങ്ങളിൽ കെടുകാര്യസ്ഥത അടിഞ്ഞുകൂടുമ്പോഴും നിയമനിർമ്മാണ സംവിധാനം പലരുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തുമ്പോഴും നമ്മുടെ പ്രതീക്ഷ നീതിപീഠത്തിലാണ്. രാജ്യത്തെ പരമോന്നത നീതിപീഠം, നാമൊരു സ്വതന്ത്ര റിപ്പബ്ലിക്ക് ആയശേഷം കാത്തുസൂക്ഷിക്കുന്ന അന്തസ്സാണ് പൊയ്മാസം തകർന്നുവീണത്.

കോടതിയുടെയോ നീതിന്യായ വ്യവസ്ഥയുടെയോ ന്യാധിപന്മാരുടെയോ ആഭിജാത്യമല്ല കോടതികളുടെ നിലനിൽപ്പിനാധാരം. മറിച്ച് നീതിന്യായവ്യവസ്ഥകളുടെ സുതാര്യതയാണ്. ജനങ്ങൾ തീരുമാനിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് രാജ്യത്തെ ഏറ്റവും മുതിർന്ന ന്യായാധിപർ രാജ്യത്തിന്റെ മുന്നിലവതരിപ്പിച്ച പ്രശ്നങ്ങൾ കേവലം വൈകാരികതയിൽനിന്നോ പ്രതികാരബുദ്ധിയിൽ നിന്നോ ഉണ്ടായതല്ല. പുകഞ്ഞുകൂടിയ അസ്വസ്ഥതയിൽ നിന്നും തന്നെയാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്റെ ഭരണപരമായ ചുമതലകൾ ദുരുപയോഗപ്പെടുത്തുന്നുവെന്നും ഇത് ജനാധിപത്യ വ്യവസ്ഥയെ അപകടത്തിലാക്കുമെന്നുമാണ് പത്രസമ്മേളനം നടത്തിയ ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, കുര്യൻ ജോസഫ്, മദൻ ബി ലോക്കൂർ എന്നിവർ പറഞ്ഞത്. ഇത് നീതിന്യായ സംവിധാനത്തിനുമേൽ പതിഞ്ഞ കരിനിഴൽ തന്നെയാണ്.

പ്രത്യേകകേസുകൾ എത്രപേരുള്ള ബെഞ്ചാവണം കേൾക്കേണ്ടതെന്നും ആ ബെഞ്ചിൽ ആരോക്കെവേണമെന്നും തീരുമാനിക്കാനുള്ള പരമ്പരാഗത സംവിധാനങ്ങളും ലംഘിക്കപ്പെട്ടുവെന്നും ഇവർ ആരോപിക്കുന്നു.
ജഡ്ജിമാർ ഉൾപ്പെട്ട അഴിമതിക്കേസിൽ ജസ്റ്റിസ് ചെലമേശ്വർ അധ്യക്ഷനായ രണ്ടംഗബെഞ്ചിന്റെ ഉത്തരവ് മറികടക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഞ്ചംഗ ബഞ്ച് രൂപീകരിച്ചതും സൊറാബുദ്ദീൻ വ്യാജഏറ്റുമുട്ടൽ കേസ് കേട്ട സി.ബി.ഐ ജഡ്ജി ബി.എച്ച് ലോയയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന കേസ് പ്രത്യേകസ്‌ ബെഞ്ചിലേക്ക് മാറ്റിയതുമെല്ലാം ഈ പൊട്ടിത്തെറിക്കുള്ള ആക്കം കൂട്ടിയ സംഭവങ്ങളാണ്. നീതിന്യായ വ്യവസ്ഥയിൽ നിന്നും നീതി കിട്ടുന്നില്ലെന്ന വിവശയം മാധ്യമങ്ങളിലൂടെ ജനങ്ങളുടെ കോടതിയിലെത്തിച്ചിരിക്കുകയാണ് ഈ മുതിർന്ന ന്യായാധിപന്മാർ.

പലപ്പോഴും നാം കേൾക്കുന്ന തർക്കം ജുഡീഷ്യറിയുടെയും പാർലമെന്റിന്റെയും മൂപ്പിളമ സംബന്ധിച്ചാണ്. എന്നാൽ ഈ രണ്ടുകൂട്ടരും മനസിലാക്കേണ്ട കാര്യം നാം കല്പിച്ചുകൊടുത്ത മൂന്നു നെടുംതൂണുകളെക്കാൾ മുകളിൽ നിൽക്കുന്നത് ഈ രാജ്യത്തെ ജനങ്ങളാണ് എന്നതാണ്. ‘ഇന്ത്യയിലെ പൗരന്മാരായ ഞങ്ങൾ’ എന്ന അഭിസംബോധനയോടെയാണ് നമ്മുടെ ഭരണഘടന തുടങ്ങുന്നതുതന്നെ. പിന്നാലെവരുന്നതെല്ലാം ‘നമുക്ക്’ വേണ്ടി നാം എഴുതിയുണ്ടാക്കിയത് എന്നുസാരം.

‘വിശുദ്ധപശുവിന്റെ പരിവേഷമുണ്ടെങ്കിലും സംശയത്തിനും ഒളിഞ്ഞും തെളിഞ്ഞുമുള്ള ആരോപണങ്ങൾക്കും വിധേയമാണ് നമ്മുടെ ജുഡീഷ്യറി. കൊളോണിയൽ കാലഘട്ടത്തിന്റെ പ്രേതം വേഷഭൂഷാദികളിലും കെട്ടിലും മട്ടിലും ഇന്നും പേറുന്ന സംവിധാനമാണ് ഇവിടെ നിലനിൽക്കുന്നത്. ഭരണഘടനയുടെ നാലാം തൂണെന്നു വിശേഷിപ്പിക്കുന്ന മാധ്യമങ്ങളെ ജുഡീഷ്യറി എങ്ങനെ കാണുന്നുവെന്നതും ശ്രദ്ധേയമാണ്. ആഭ്യന്തരമായി പരിഹരിക്കാൻ കഴിയില്ലെന്നുറപ്പുള്ള വിഷയം ജഡ്ജിമാർ അവതരിപ്പിച്ചതും മാധ്യമങ്ങൾക്കുമുന്നിൽ തന്നെയാണ്.അതിനാൽ മാധ്യമങ്ങളും നവമാധ്യമങ്ങളും പൊതുജനങ്ങളുൾപ്പെട്ട സമൂഹത്തിന്റെ കരുതലോടെയുള്ള നോട്ടം നമ്മുടെ ജുഡീഷ്യറിയുടെ മേൽ എപ്പോഴുമുണ്ടാവണം. റോമൻ കവിയായിരുന്ന ജുവേനലിന്റെ ചോദ്യം ഇക്കാര്ക്കാലവും നിലനിൽക്കുന്നതാണ്. ‘കാവൽക്കാർക്ക് ആര് കാവൽ നിൽക്കും?’

 

അനീഷ് തകടിയിൽ

Leave a Reply

Your email address will not be published.

error: Content is protected !!