ഇത്രമാത്രം

കൊലവിളിയൊരു രാഷ്ട്രീയമല്ലെന്നും അതിനെ അഹിംസയെന്നോ ഫാസിസമെന്നോ ചൊല്ലാവുന്നതാണെന്നും പലർക്കും അറിയാഞ്ഞിട്ടല്ല. എളുപ്പം മീൻ പിടിക്കാൻ പറ്റിയ വഴി, കുളം കലക്കലെന്ന് ചില മനസുകളിൽ പതിഞ്ഞുപോയിരിക്കുന്നു. അതൊക്കെ തേച്ച് കളയാമോ മിനുക്കിയെടുക്കാമോയെന്ന് കാലം തന്നെ തീരുമാനിക്കേണ്ടതാണ്. ആക്രോശിക്കുന്ന നേതൃത്വത്തെയല്ല ജനം പ്രതീക്ഷിക്കുന്നതും ആശിക്കുന്നതും, എന്നാൽ അതാണ് രാഷ്ട്രീയമെന്ന് ജനത്തെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. ബാബറി മസ്ജിദും അയോധ്യയും രണ്ട് വിഭാഗങ്ങളുടെ തലയിൽ വച്ചുകെട്ടിയത് ആ വിഭാഗങ്ങൾക്ക് അതിൽ താല്പര്യമൊന്നും ഉണ്ടായിട്ടല്ല, അതൊക്കെ അവരുടെ ബാധ്യതയാക്കി തീർത്തു എന്നുവേണം കരുതാൻ.
പറഞ്ഞുവന്നത് അക്രമ രാഷ്ട്രീയത്തെ കുറിച്ച്, അക്രമത്തിൽ എവിടെയാണ് രാഷ്ട്രീയമെന്ന ചോദ്യം ഉണ്ടാകും വരെ അതെല്ലാം തുടരുകയും അത്തരം ജീർണതകൾ ജനത ചുമക്കേണ്ടിയും വരുന്നു. വിപ്ലവമെന്നത് ഒരു ക്ലേഷേ, അതുകൊണ്ട് വിപ്ലവത്തെ കുറിച്ചിനി സംസാരങ്ങൾ വേണമെന്നില്ല. നമ്മുടെ രാഷ്ട്രീയം തീരുമാനിക്കുന്നത് ചാനൽ മുറികളിലെ അന്തിചർച്ചകളിലാവുമ്പോൾ ജനം നല്ലതൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല.
പിണറായി സർക്കാരിന്റെ ഒരു വർഷം തിരിഞ്ഞുനോക്കുമ്പോൾ , മാധ്യമങ്ങളും മറ്റുകക്ഷികളും, എന്തിനേറെ കൂടെ നിൽക്കുന്ന സി.പി.ഐ യും ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നതായാണ് കാണുന്നത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? അധികാരത്തിന്റെ ആദ്യ നാളിൽ പിണറായിയിൽ നിന്നുമുണ്ടായ ആ ഭാഷ ഇന്നും പലർക്കും ദഹിക്കാതെ കിടപ്പുണ്ട്, അതായത്, മുന്നിൽ വരുന്ന ഫയലുകളിൽ ജീവിതങ്ങളുടെ തേങ്ങലുണ്ടെന്ന്, അത് ബ്യൂറോക്രാറ്റുകളെക്കൊണ്ട് കൊള്ള ചെയ്യിക്കുകയും അതിന്റെ വിഹിതം പറ്റുകയും ചെയ്യുന്ന കക്ഷികൾക്ക് ദഹിച്ചില്ലെങ്കിലേ അൽഭുതമുള്ളൂ. രാഷ്ട്രീയ പ്രവർത്തനം പലർക്കും സാധാരണക്കാരെ പിഴിയുകയെന്നോ അവരുടെ ചട്ടിയിൽ നിന്നും വാരുകയെന്നോ ഒക്കെയാണ് ഇന്നും നടമാടുന്നത്. തൊഴിൽ സമയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം പാടില്ലെന്ന് പിണറായി പറയുമ്പോൾ, പുറമ്പോക്ക് വാസികളുടെ ഫയലുകളാവും മേശമേൽ കെട്ടികിടക്കുക.
സ്വതന്ത്രാനന്തര ഭാരതത്തിന്റെ ശാപമായി ബ്യൂറോക്രാറ്റുകൾ തുടരുന്നു. അതൊന്ന് തിരുത്താൻ ഏതെങ്കിലും ഭരണാധികാരി ശ്രമിച്ചാൽ വളഞ്ഞിട്ടുള്ള ആക്രമണമാവും ഫലം. അത്തരം ബഹളങ്ങൾക്കിടയിൽ സർക്കാർ ചെയ്ത പല നല്ല കാര്യങ്ങളും മാധ്യമങ്ങൾ മുക്കുകയും അത് ജനങ്ങളിൽ എത്താതെ പോകുകയും ചെയ്തിട്ടുണ്ട്. മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ നിശബ്ദരായി പ്രവർത്തിക്കുന്ന മന്ത്രിമാരെക്കാൾ വിടുവായത്തം പറയുന്നവരെയാണ് മാധ്യമങ്ങൾക്ക് ഇഷ്ടം. ഇന്ത്യയിൽ തന്നെ ആദ്യമായി മെട്രോയിൽ ട്രാൻസ് ജെൻഡേഴ്സിനു ജോലി നൽകിയതും മലയാളം നിർബന്ധമാക്കിയതും കാറ്റത്ത് പറത്തിവിടുന്ന മാധ്യമങ്ങൾ.
ജനപക്ഷത്ത് നിൽക്കേണ്ട മാധ്യമങ്ങൾ ഒളിക്യാമറാരുചികളിലൂടെ നീങ്ങുമ്പോൾ സാംസ്കാരിക ലോകത്തിന്റെ വരിയുടയുന്നു. രണ്ട് മന്ത്രിമാർക്ക് രാജി വയ്ക്കേണ്ടി വന്നത് ഇടതുപക്ഷത്തിന്റെ മേന്മയായി തന്നെ കരുതാം. കഴിഞ്ഞ യൂ.ഡി.എഫ് ഭരണകാലത്തായിരുന്നെങ്കിൽ അതൊന്നും സംഭവിക്കില്ലായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ആ മന്ത്രിസഭയിൽ എത്രപേർക്ക് പുറത്തേക്ക് പോകേണ്ടി വരുമായിരുന്നു. അന്നത്തെ ഭരണത്തിൽ ഇരുന്നതും കളങ്കിതവുമായൊരു കക്ഷിയുമായി കോട്ടയത്തെ അധികാരത്തിനു വേണ്ടിയുള്ള നാടകം ഇടതുപക്ഷത്തിനു പറ്റിയതാണോയെന്ന് ആലോചിക്കേണ്ടതാണ്. ഇടതുപക്ഷം വർഗീയതക്കും ഭീകരതക്കും അഴിമതിക്കുമെതിരെയാണ് നിലയുറപ്പിച്ചിരിക്കുന്നത്. അതാണു ജനഹിതവും. വർഗീയതയെ നിർവചിക്കാൻ പലരും പല വഴിയാണ് അവലംബിക്കുന്നത്. തങ്ങളുടെ കൂടെ നിൽക്കുന്ന കാലത്തോളം ഏതൊരു വർഗീയ കക്ഷിയും മതേതരവും തങ്ങളിൽ നിന്നും അകലുന്നതോടെ അത് വർഗീയവുമാകുന്നു എന്ന സമീപനം ആദ്യമേ അട്ടത്തുവയ്ക്കുക. ഏതൊരു കക്ഷിയാവട്ടെ, ഏതെങ്കിലും സമുദായത്തിന്റെ ലേബൽ ഉപയോഗിക്കുകയോ, ഏതെങ്കിലും സമുദായ താല്പര്യം മുൻ നിർത്തി പ്രവർത്തിക്കുകയോ, ഏതെങ്കിലും സമുദായ നേതാക്കളുടെ ആശീർവാദത്തോടെ പ്രവർത്തിക്കുകയോ ചെയ്യുന്നതായാൽ ആ കക്ഷി വർഗീയ കക്ഷി തന്നെയാണ്. ആ അർത്ഥത്തിൽ മുസ്ലീം ലീഗ് പോലെ തന്നെ കേരളാ കോൺഗ്രസും ഒരു വർഗീയ കക്ഷിയാണ്. ഇനി എൻ.ഡി.എ.യിലേക്ക് പോകാതിരിക്കാനാണ് മാണി കോൺഗ്രസിനെ കൂടെ നിർത്താൻ ശ്രമിക്കുന്നതെന്ന വരട്ടുന്യായത്തിനു പ്രസക്തിയൊന്നുമില്ല. മറ്റൊന്ന്, എൻ.ഡി.എക്ക് അധികാരംനിലനിർത്താൻ ഗോവയിൽ നിൽക്കുന്ന എൻ.സി.പി.എന്ന കക്ഷിയെ കേരളത്തിൽ കൂടെ നിർത്തുന്നത് പാർട്ടിക്ക് ദോഷമേ വരുത്തിവയ്ക്കൂ എന്നുകൂടെ ചിന്തിക്കുക.
ബാലകൃഷ്ണപിള്ളക്ക് ക്യാബിനറ്റ് പദവി നൽകി ആദരിക്കുന്നിടത്ത് ഒരു ഉമ്മൻ ചാണ്ടി ഗന്ധമാണ് പരക്കുന്നത്. ബാലകൃഷ്ണപിള്ളയുടെ കക്ഷി ഇടതു കക്ഷികളിൽ ഒന്ന് ആവുകയോ അല്ലാതിരിക്കുകയോ ചെയ്യട്ടെ. ഇതൊക്കെ ഇടതുപക്ഷത്തിന്റെ അടുക്കളകാര്യമെന്ന് കരുതി ചിലരെങ്കിലും തള്ളിയേക്കാം. എങ്കിലും പറയാതെ വയ്യ, കുറെ കൂടെ ആരോഗ്യകരമായി ചിന്തിച്ചാൽ പിള്ളയെ ഒഴിവാക്കി പകരം കഴിവ് തെളിയിച്ച ഗണേഷ് കുമാറിനെ മന്ത്രിയാക്കുകയായിരുന്നു നല്ലത്.
മാർക്സിസ്റ്റ് പാർട്ടി ബംഗാളിൽ നിന്നും പഠിക്കുക. ബംഗാളിൽ പാർട്ടി എങ്ങനെയാണ് ജനങ്ങളിൽ നിന്നും അകന്നുപോയതെന്ന് ചിന്തിച്ചാൽ മാത്രം മതി. അതിനു പ്രത്യയശാസ്ത്രമൊന്നും ചികഞ്ഞുപോകേണ്ടതില്ല. ഇടതുപക്ഷ സർക്കാരിനു കൂടുതൽ കരുത്തോടെ ജനപക്ഷത്ത് നിലയുറപ്പിക്കാൻ ആവട്ടെയെന്ന് ആശംസിക്കുന്നു

എം.കെ.ഖരീം

Leave a Reply

Your email address will not be published.

error: Content is protected !!