ഒരുവർഷം പിന്നിടുമ്പോൾ

ബുദ്ധ ക്രിയേഷൻസിന്റെ പ്രഥമ സംരംഭമായ അടയാളം ഓൺലൈൻ വായനക്കാർക്കിടയിലേക്കു വന്നിട്ട് ഒരു വര്‍ഷം പിന്നിടുന്നു. നാളിതുവരെ കിട്ടിയ എല്ലാ സഹകരണങ്ങൾക്കും ആദ്യമേ നന്ദി പറയുന്നു. അത്യന്തം കലുഷിതമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജ്ഞാനബുദ്ധന്മാരുടെ തലയരിയുന്ന പ്രവണത നാൾക്കുനാൾ വർദ്ധിച്ചുവരുന്നു. മതം മുമ്പെങ്ങുമില്ലാത്തവിധം നമ്മുടെ ജീവിതത്തിനിടയിലേക്ക് കടന്നുവരുന്നു. ജാതി കേന്ദ്രീകൃതമായ കൊലപാതകങ്ങളും അതിന്റെ പരകോടിയിലെത്തിക്കഴിഞ്ഞു. നാം എന്ത് ചിന്തിക്കണം, ഏത് വസ്ത്രം ധരിക്കണം? എന്തു കഴിക്കണമെന്നുപോലും തീരുമാനിക്കുന്നത് മറ്റുപലരും ആകുമ്പോൾ നമ്മൾ നിശ്ശബ്ദരാകണോ? പല്ലും നഖവും മാത്രമല്ല ചിന്തയും വാക്കും പ്രവർത്തിയും അടയാളപ്പെടുത്തലുകളാവണ്ടേ?
അടയാളം നിങ്ങളുടെ മുന്നിലെത്തിയതും അതേ ഉദ്ദേശത്തോടെയാണ്. വന്മരമായി പടർന്നു പന്തലിക്കാനല്ല, പുൽക്കൊടിയായെങ്കിലും പടരാൻ. പക്ഷെ ഞങ്ങൾക്ക് ലഭിച്ചത് അമ്പരപ്പിക്കുന്ന പ്രതികരണമായിരുന്നു. നാളിതുവരെ അടയാളം സന്ദർശിച്ചവരുടെ എണ്ണം അമ്പത്തിയൊന്നു ലക്ഷത്തിനു മുകളിലാണ്. ഈ യാത്രയിൽ കൂടെവന്നവരേയും ഇവിടെ അടയാളപ്പെടുത്തിയവരെയും പ്രത്യേകം ഓർക്കുന്നു.
അടയാളത്തിന്റെ സഹോദര സംരഭമായാണ് നോട്ടം ഓൺലൈൻ മാസിക തുടങ്ങിയത്. പൂർണ്ണമായും സാഹിത്യ സൃഷ്ടികൾക്കായി നീക്കിവച്ച നോട്ടത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരുലക്ഷത്തോളം വായനക്കാർ നോട്ടത്തിനുണ്ട്. ഒപ്പം ഇരുപത്തിയഞ്ചോളം സ്ഥിരം എഴുത്തുകാരും. അവരെയും നന്ദിയോടെ ഓർക്കുന്നു. വർഷാന്ത്യത്തിൽ ബുദ്ധ ക്രിയേഷൻസിന്റെ ബാനറിൽ രണ്ടുപുസ്തകങ്ങൾ കൂടിയിറക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. തുടർന്നും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
എല്ലാ വായനക്കാർക്കും ഞങ്ങളുടെ പുതുവത്സരാശംസകൾ

 പത്രാധിപസമിതി,
അടയാളം ഓൺലൈൻ, നോട്ടം ഓൺലൈൻ.

Leave a Reply

Your email address will not be published.

error: Content is protected !!