ചെന്നെത്തിയത് ഉത്സവപ്പറമ്പിൽ
കഥകളി
കഥ കീചകവധം
ഭീമനും കീചകനും…
നിറഞ്ഞുകത്തുന്ന ആട്ടവിളക്ക്
ഭീമന്റെ അലർച്ച, കൊലവിളി
പ്രണയാതുരൻ കീചകൻ!
ഭീമനുചുറ്റും തീകത്തി, പുകയുന്ന ചൂട്
കീചകൻ പുഴപോലൊഴുകി
പൂപോലെ മണത്തു
അവനുചുറ്റും തേൻ നുകർന്നൊരു കരിവണ്ട്
മത്തുകേറി ലക്കില്ലാതെ പായുന്ന മന്ദൻ!
ഒടുവിൽ ആട്ടവിളക്കിന്റെ മൊട്ടിലിടിച്ച്
തിളച്ച എണ്ണയിലേക്ക്….
എണ്ണയിൽ പാപികളെ വറുക്കുന്ന
നരകത്തിന്റെ പേരെന്താ?
കുംഭീപാകമെന്നാണോ കൂട്ടേ?
മിണ്ടാതിരുന്നു കണ്ടോളണമെന്ന് മറുമൊഴി
ഭീമന് കലികയറി
കീചകന്റെയടിതെറ്റി
കൂട്ടേ …….
കീചകന്റെ കോന്ത്രപ്പല്ലു കണ്ടോ?
കണ്ണിലെ ചോപ്പു കണ്ടോ?
പതിയിരുന്നു ചിരിക്കുന്ന മരണം കണ്ടോ?
ഞാനൊന്നും കണ്ടില്ല, കാണേണ്ട
തിളച്ച എണ്ണയിൽ പിടഞ്ഞൊടുങ്ങിയവന്റെ
കണ്ണിൽ ഞാനിതു നേരത്തെ കണ്ടു!
അനീഷ് തകടിയിൽ