കൃഷ്ണപക്ഷം

ചൊല്ലാമിനിയൊരു കൃഷ്ണപക്ഷം

നഷ്ട്ട വൃന്ദാവന സ്‌ഥിലികളിലെവിടെയോ 
പെട്ടഴലിലിടറുന്നൊരുന്മാദലഹരികൾ
തണ്ടൊടിഞ്ഞൊരു പാഴ്മുളം തണ്ടു കീറി-
പ്പിടഞ്ഞു പാടിത്തന്ന നഷ്ട്ടകാംബോജികൾ

ഇല്ല വെൺകൊറ്റക്കുടകൾ ,ദന്തസിംഹാസനങ്ങൾ
വിൺതലം മുഴക്കിയ മന്ത്രഭേരികൾ
ഇല്ല പീതാംബരം പീലിത്തണ്ടുകൾ
വനമാലികൾ കൗസ്തുഭം ശ്രീവത്സം
മുക്കോടി ദേവകൾ വാഴ്ത്തി സ്തുതിച്ചോരാ
ചക്രായുധത്തിന്റെ ശീൽക്കാരസ്വരമില്ല
രുക്മിണിയില്ല അനിരുദ്ധനില്ല
സാത്യകിയില്ല വിജയാഘോഷങ്ങളില്ല

ഉള്ളതോ വിങ്ങൽ ഉരുകിയ മനം ഉന്മാദം
പിടഞ്ഞൊരുടൽ വിറയാർന്ന കൈകൾ
കലങ്ങിയ കണ്ണുകൾ കിരാതശരമേറ്റു
ചോരവാർന്നൊഴുകുമീ കാലും

ഓർക്കാമിനിയൊരു കൃഷ്ണപക്ഷം …

ഒറ്റക്കടമ്പിന്റെ ചോട്ടിലെത്തണലിലായൊത്തു
ചേർന്നൊഴുകിയ വിധൂരയാം പ്രണയത്തെ
ഒന്നുമൊരിക്കലും ചൊല്ലാതെ വാങ്ങാതെ
എല്ലാം പകുത്തു പകർന്നൊരാ കൈകളെ
കോലക്കുഴൽകേട്ടു ചാരെയിരുന്നു കൊണ്ടാ-
കാശഗംഗയെ തേടിയ മിഴികളെ
ശ്വാസ വേഗങ്ങളിൽ താളം പിടിച്ചിട്ടു
ലാസ്യ ശൃംഗാരത്തിൽ രാഗങ്ങൾ തീർത്തവൾ
കാട്ടിലെ ചെമ്പകപ്പൂക്കളെ കോർത്തവൾ
ആദ്യമായി ചൂടിച്ച പ്രിയ വനമാലകൾ
ഗോവർധനത്തിന്റെ തുഞ്ചത്തിരുനന്നു
പാടിയ പാട്ടുകൾ ,ആടിയ ജീവിതം .
നന്നേ തണുത്ത മടിത്തട്ടിലാണ്ടതും
പൊന്നിളം കൈകളെ ചേർത്തു പിടിച്ചതും
ഉള്ളിലിളകിക്കലങ്ങും കടലിനെ ചൊല്ലി
പരാതികളില്ലാതെ പോയതും
ഒന്നും കൊടുത്തില്ലായിന്നിതാ ഓർക്കുന്നു
ചുണ്ടിൽ വരുത്തിയ പുഞ്ചിരിയല്ലാതെ

ഒടുക്കാമിനിയൊരു കൃഷ്ണപക്ഷം

വെട്ടിപ്പിടിച്ചവർ കൈവിട്ടുപോയവർ
ഉറ്റതോഴർ ബന്ധുമിത്രങ്ങൾ ശത്രുക്കൾ
ശാപഭേരികൾ വേദനകൾ വിലാപങ്ങൾ
സൂതസ്തുതികൾ ഗീതഘോഷങ്ങൾ പ്രാർത്ഥനകൾ
ഒന്നിനും ചെവിയിനിയില്ല ഇനി അസ്തമയ
മൊന്നുമാത്രം പോരും സ്വച്ഛന്ദമരണം

കാലമേ സാക്ഷി; നിനക്കായിയാടിയ
കാലാതിവർത്തിയാം വേഷപ്പകർച്ചകൾ
കുത്തിത്തറച്ച വിഷശസ്ത്രമൂരിയിനി
ഈ നാടകത്തിന്റെ തിരശീല തീർത്തിടാം
അപ്പോഴുമോർക്കട്ടെ വൃന്ദാവനത്തിലെ
വിരഹിണി രാധയെ; പ്രിയചാരുശീലയെ
ഇന്നാ മടിത്തട്ടിൽ ചേർന്നുറങ്ങീടേണം
ഇന്നാ കൈകളെ ചാരെയണയ്ക്കണം
ഒന്നുമില്ലാതെ മടങ്ങുമീ പ്രാണനായ്
ഇന്നവൾ ശാന്തിയും സ്വസ്തിയും നൽകട്ടെ.

അനീഷ് തകടിയിൽ

Leave a Reply

Your email address will not be published.

error: Content is protected !!