ജ്ഞാനബുദ്ധന്മാർ എരിഞ്ഞൊടുങ്ങുമ്പോൾ

1948- ൽ, അന്നുലോകം കണ്ട എക്കാലത്തെയും വലിയ തിരുത്തൽവാദിയുടെ നെഞ്ചിലേക്കു വെടിയുണ്ട പാഞ്ഞപ്പോൾ, ഒരു നിമിഷം കാലം നിശ്ചലമായിട്ടുണ്ടാവും. സ്വന്തം നിലപാടുകളുമായി, ആശയങ്ങളുമായി നിരന്തരം കലഹിക്കുകയും പൊരുത്തപ്പെടുകയും ചെയ്തവർ കാലാതിവർത്തകളായിരിക്കും. നാഥുറാമിന്റെ തോക്കിനുവേണ്ടിയിരുന്നത് നിലപാടുകളുടെ മരണമാണ്. ന്യായത്തിന്റെയും സംവാദത്തിന്റെയും ഇടങ്ങളെ ഒടുക്കിയാൽ മാത്രമേ തോറ്റുപോയ പ്രത്യയശാസ്ത്രങ്ങൾക്കു നിലനിൽപ്പുണ്ടാവൂ. പക്ഷെ നാഥുറാമുയർത്തിയ തോക്കിന്റെ കൊലവിളിയേക്കാൾ കൂടുതൽ കാലം നിലനിൽക്കുന്നത് ‘ഹേ റാ’മെന്ന വിറയാർന്ന ശബ്ദമാണ്. കാരണം ഗാന്ധിയെന്നത് കേവലം ഏഴു പതിറ്റാണ്ടുകൾ പിന്നിട്ട എല്ലുന്തിയ വൃദ്ധദേഹമല്ല, ഒരാശയമാണ്. ആശയങ്ങൾക്ക് മരണമില്ലതന്നെ. ഗാന്ധിയെ കൊല്ലാൻ ഉപയോഗിച്ച തോക്ക് ഇന്നും പ്രവർത്തനക്ഷമമാണ്. അവ നമുക്ക് ചുറ്റും നടന്നു വേട്ട തുടരുകയാണ്. ജ്ഞാനബുദ്ധന്മാരുടെ ശബ്ദത്തെ അതിനു ഭയമാണ്. ഗൗരിലങ്കേഷ് ഏറ്റവും ഒടുവിലത്തെ ഇരമാത്രം.

2013 ൽ മഹാരാഷ്ട്രയിലെ യുക്തിവാദിയും പുരോഗമനവാദിയുമായിരുന്ന നരേന്ദ്ര ദബോൽക്കർ കൊല്ലപ്പെടുമ്പോൾ അതിന് ഒറ്റപ്പെട്ട സ്വഭാവമായിരുന്നില്ല ഉണ്ടായിരുന്നത്. 2015 ൽ ഗോവിന്ദ് പൻസാരെയും എം.എം.കല്‍ബുര്‍ഗിയും ബുള്ളറ്റിനിരയാവുമ്പോൾ നാം കൈകൾ ചൂണ്ടിയത് വ്യക്തികളിലേക്കല്ല, ചോരകുടിക്കാൻ വെമ്പുന്ന പ്രത്യയ ശാസ്ത്രത്തിലേയ്ക്കാണ്. ഹിന്ദുത്വവാദത്തിന്റെ വിമര്‍ശകരായിരുന്ന പന്‍സാരെയും കല്‍ബുര്‍ഗിയുമൊക്കെ വധിക്കപ്പെടുക തന്നെ ചെയ്യും, കാരണം എം.കെ.ഗാന്ധി കൊല്ലപ്പെട്ടതും ഇതേ പ്രത്യയശാസ്ത്രങ്ങളുടെ പേരിൽ തന്നെയായിരുന്നു. അന്ന് നാഥുറാമിന്റെ ആശയങ്ങൾക്ക് നാം മതഭ്രാന്ത് എന്ന ലേബൽ നൽകിയിരുന്നെങ്കിൽ ഇന്ന് അവയ്ക്ക് സ്വീകാര്യതയേറുന്നു. ഡൽഹിയിലെ സിംഹാസനത്തിൽ അമർന്നിരുന്നു അവ നമ്മെ ഭരിക്കുന്നു. അതിന് അനേകം കൈകൾ വളരുകയും അവയിലെല്ലാം ആയുധങ്ങൾ നിറയുകയും ചെയ്തു.
കവിയും നടനും നാടകകൃത്തുമായിരുന്ന പി.ലങ്കേഷ് ആരംഭിച്ച ലങ്കേഷ് പത്രിക എന്ന പ്രസിദ്ധീകരണം ആദ്യകാലത്ത് സാറാ അബൂബക്കറിനെപ്പോലുള്ള പാരമ്പര്യവാദികളെ അലോസരപ്പെടുത്തിയിരുന്നു. അച്ഛന്റെ മരണശേഷം, അച്ഛൻ തുടങ്ങിവച്ച ലക്‌ഷ്യം പൂര്‍ത്തീകരിക്കാൻ മകൾ ഗൗരി ലങ്കേഷ് പത്രിക തുടങ്ങി. അമ്പതുപേരുടെ സംഭാവനയിൽ നിന്നും തുടങ്ങിയ പ്രസ്ഥാനം ഉറച്ച നിലപാടുകളുമായി മുന്നോട്ട് പോയി.
ആഗോളകുത്തകകളുടെ കയ്യിൽ നിന്നും യാതൊരു ഉളുപ്പുമില്ലാതെ പരസ്യം വാങ്ങി മാധ്യമധർമ്മത്തിനെക്കുറിച്ച് സംസാരിക്കുന്ന അഭിനവ മാധ്യമ മാ പ്രസിദ്ധീകരണമായിരുന്നില്ല ഗൗരി ലങ്കേഷ് പത്രിക. പരസ്യം പ്രസിദ്ധീകരിക്കാതെ, വരിസംഖ്യ കൊണ്ട് മാത്രം മുന്നോട്ടുപോയ, നിലപാടുകളിൽ വെള്ളം ചേർക്കാതെയും നടുവളയ്ക്കാതെയും പൊരുതിയ യഥാർത്ഥ നാലാം തൂണ് . ആ തൂണിനെ വെട്ടിമുറിക്കേണ്ടത് പലരുടെയും ആവശ്യമാണ്.
കർണ്ണാടകത്തിലെ റേഷനുടലുകളുടെ ഉറച്ച ശബ്ദമായിരുന്നു ഗൗരി ലങ്കേഷ് പത്രിക. രാജ്യത്ത് വർദ്ധിച്ചുവരുന്ന വലതുപക്ഷ തീവ്രവാദത്തിനെതിരെ അത് കലഹിച്ചുകൊണ്ടേയിരുന്നു. കന്നഡ പത്രപ്രവർത്തനത്തിനു പുതിയ മാനം നൽകാൻ ഗൗരിക്ക് കഴിഞ്ഞുവെന്നതിൽ തർക്കമില്ല. ആർ. എസ്.എസിനെതിരെ എഴുതിയില്ലായിരുന്നുവെങ്കിൽ ഗൗരി കൊല്ലപ്പെടില്ലായിരുന്നുവെന്ന സത്യസന്ധമായ വെളിപ്പെടുത്തലിലൂടെ രാജ്യം ഭരിക്കുന്ന കക്ഷി അതിന്റെ നയം വ്യക്തമാക്കിക്കഴിഞ്ഞു. നാഥുറാം വിനായക് ഗോഡ്‌സെ എന്ന പുറത്താക്കിയവന് വേണ്ടി അമ്പലമുയരുന്ന നാട്ടിലിരുന്നുകൊണ്ടാണ് നാം ജനാധിപത്യം വായിക്കുന്നതും പഠിക്കുന്നതും.

ഭരണകൂടത്തെ വിമർശിക്കുന്നവർ മൃത്യുഞ്ജയഹോമം നടത്തേണ്ടിവരുന്ന പ്രബുദ്ധഭാരതത്തിൽ ഇത്തരം അരുംകൊലകൾ ഇനിയും തുടർന്നുകൊണ്ടേയിരിക്കും. പെരുമാൾ മുരുകന്മാർ എഴുത്തു നിർത്തും. ജോസഫുമാർക്ക് കൈയ്യില്ലാതാവും. പ്രത്യയശാസ്ത്രത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടവർ ശോഭായാത്രയെ അനുകരിക്കും. നിലപാടുകൾ എന്നും മാറ്റുന്ന അടിവസ്ത്രമായി അധ:പ്പതിക്കും. ഭരിക്കുന്നവരിലോ അത് നടപ്പാക്കുന്നവരിലോ നീതി പീഠത്തിലോ വിശ്വാസം നഷ്ടപ്പെട്ടാലും എക്കാലവും കരുത്തുപകരുന്ന നാശമില്ലാത്ത ഒന്ന് കൂടെയുണ്ടാവും ; അക്ഷരങ്ങൾ. അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് അർത്ഥമുള്ള വാക്കുകളും വരികളുമാക്കാൻ കഴിയുന്ന ഓരോരുത്തരും ശബ്ദിച്ചുകൊണ്ടേയിരിക്കണം. ഇല്ലെങ്കിൽ നാം കടന്നുപോകുന്നത് ഇതിനേക്കാൾ ഭീകരമായ അവസ്ഥയിലൂടെയായിരിക്കും. ഗാന്ധിവധത്തിനുശേഷം നാം ശീലിച്ച മൗനമാണ് ഗൌരിവധത്തിലെത്തിയത്. ഗാന്ധി മുതൽ ഗൗരിവരെയുള്ളവർ നമുക്ക് നേരെ ഉയരുന്ന തുറിച്ചുനോട്ടങ്ങളാണ്. ആ നോട്ടം കണ്ടില്ലെന്നു നടിക്കാൻ എക്കാലവും നമുക്കാവില്ല.

 

അനീഷ് തകടിയിൽ

Leave a Reply

Your email address will not be published.

error: Content is protected !!