തിരുവില്വാമലയിലെ വിശേഷങ്ങള്‍

അനാദിയില്‍ നിന്നും അനന്തതയിലേക്കുള്ള യാത്ര. അതാണ്‌ ജീവിതം. മോക്ഷ മാര്‍ഗത്തിലേക്കുള്ള വഴി. ഇന്നലെ കണ്ടതും ഇന്ന് കാണുന്നതും ഇനി വന്നു ചെരുന്നതുമെല്ലാം എന്റെതല്ലെന്നും എന്നാല്‍ എല്ലാം എന്നിലുള്ളതാണെന്നും ഉള്ള അപാരമായ തിരിച്ചറിവ്. മോക്ഷത്തിന്റെ ഹിമാലയം കയറുമ്പോഴും അറിവിന്റെ കടലാഴത്തിലേക്ക് ഊളിയിടുംപോഴും മനുഷ്യന്‍ തേടിയ ചിന്ത. നിര്‍വാണ മാര്ഗ്ഗത്തിലെക്കുള്ള ബോധയാത്ര. വിശ്വം മുഴുവന്‍ പടര്‍ന്നു പന്തലിക്കുംപോഴും തഥാഗതന്‍മാര്‍ക്ക് തണലെകുംപോഴും ഉള്‍ക്കാമ്പുകളിലേക്ക് വെരൂന്നുമ്പൊ ഴും ഉള്ളില്‍ നിറയുന്നത് ധ്യാനം. പിന്നെ അപാരമായ നിസ്സംഗതയും.

കുറച്ചു നാള്‍ മുന്പു രണ്ടു ദിവസം തിരുവില്വാമലയില്‍ തങ്ങേണ്ടി വന്നു. വരണ്ടുണങ്ങി കിടക്കുമ്പോഴും ഉള്ളില്‍ മോക്ഷത്തിന്റെ പ്രണവനാദം മുഴക്കുന്ന ഒരു ഗ്രാമം. വില്വാദ്രിനാഥന്‍റെ ഭൂമി. ശിലായോനി പുനര്ജ്ജനി, ചുറ്റിയൊഴുകുന്ന സാക്ഷാല്‍ നിള. വീശിയടിക്കുന്ന ഉഷ്നക്കാറ്റ്, ധ്യാനിക്കുന്ന ആല്‍മരങ്ങള്‍ . ആകെ ഒരു ഉന്മാദം.

തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ ആണ് വില്വമല. ചുറ്റും പ്രകൃതി കനിഞ്ഞരുളിയ പാറക്കെട്ടുകള്‍. മുകളില്‍ കേരളീയ വാസ്തു വിദ്യ പ്രകാരം പണിത മഹാക്ഷേത്രം .

കുറെ അലഞ്ഞു നടന്നപ്പോള്‍ ഒരു അമ്പലക്കാള യെ കണ്ടു. അടുത്ത് ചെന്ന് നോക്കിയപ്പോള്‍ നിനക്കെന്താ ഇവിടെ കാര്യം എന്ന മട്ടില്‍ ഒന്ന് നോക്കി. പിന്നെ’ ഇദം ന മമ’ എന്ന മട്ടില്‍ തിരിഞ്ഞു നടന്നു. അങ്ങ് ദൂരെ ഐവര്‍ മഠം ശ്മശാനത്തില്‍ നിന്നും പുകച്ചുരുളുകള്‍ ഉയരുന്നു. ഒരു ജീവന്‍ കൂടി നിത്യതയില്‍. വറ്റിവരണ്ട മണല്‍ തിട്ടയില്‍ നിള കേഴുന്നു. വില്വമലയിലെ ആല്‍മരങ്ങള്‍ക്ക് അപ്പോഴും ധ്യാനം മാത്രം.

കുറച്ചു കഴിഞ്ഞപ്പോള്‍ പുതിയൊരു കഥാപാത്രത്തെ കണ്ടു. ഋഷി മധു ഛന്ദസ്സ് . തിരുവില്വാമല സ്വാമി എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. എന്പതു വയസ്സ് പ്രായം. ഒരു ആല്‍മരത്തിന്റെ ചുവട്ടില്‍ നിസ്സംഗനായി ഇരിക്കുന്നു. അടുത്ത് ചെന്നു . നേരത്തെ തന്നെ ക്ഷേത്ര ജീവനക്കാര്‍ പറഞ്ഞു ഭയങ്കര ദേഷ്യക്കാരന്‍ ആണ്. സൂക്ഷിച്ചു ഇടപെടണമെന്ന്. പക്ഷെ സ്വാമി ദേഷ്യപ്പെട്ടില്ല. അടിമുടി ഒന്ന് നോക്കി. ഞാന്‍ ക്ഷേത്രത്തിനെ കുറിച്ചു ഐതീഹ്യത്തെ കുറിച്ചും ഒക്കെ ചോദിച്ചു. കുറെ സംസാരിച്ചു. ഭാരതം മുഴുവന്‍ സഞ്ചരിച്ച്ചിട്ടുള്ള ഈ മനുഷ്യന്‍ കാശിയും വാരനാസിയും ഒക്കെ ചുറ്റി അവസാനം ഇവിടെ വന്നു കൂടി. മരണമെന്ന മഹാദൂതന്‍റെ വരവിനു കാതോര്‍ത്തു കൊണ്ട്…..

വെയിലിനു കനം കൂടുന്നു. ഇനി പുനര്‍ജ്ജനി കാണാന്‍ പോകണം. അമ്പലത്തിലെ ഒരു മേല്‍ശാന്തിയെ കൂടി കൂട്ടിനു വിളിച്ചു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ പുനര്‍ജ്ജനി ഗുഹ തുറക്കാറുള്ളു . എന്നാലും സാരമില്ല. ഒന്ന് കണ്ടു മടങ്ങുക തന്നെ. ക്ഷേത്രത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാറിയാണിത്. ദുര്‍ഘടമായ പാത. ചുട്ടു പൊള്ളുന്ന സൂര്യന്‍. കരിഞ്ഞു കിടക്കുന്ന കാട്. കാട്ടുതീയുടെ അവശിഷ്ടങ്ങള്‍. ഏതാണ്ട് മൂന്നു കിലോമീറ്റര്‍ കാട്ടിലൂടെ. ഒരു ജീവിയെയും കണ്ടില്ല. ആകെ ഉള്ളത് ഞങ്ങള്‍ മനുഷ്യക്കോലങ്ങള്‍ മാത്രം.
‘ഒടുവില്‍ നാം എത്തി ഈ ജന്മശൈലത്തിന്റെ കൊടുമുടിയില്‍’ എന്ന ‘അഗസ്ത്യ ഹൃദയ’ത്തിലെ വരികള്‍ ഓര്‍ത്തു. പുനര്‍ജ്ജനി യുടെ ഗുഹാമുഖം അടഞ്ഞു കിടക്കുന്നു. മറുവശം പോയി കണ്ടു. ശരിക്കും ശിലായോനി തന്നെ. ഇത് നൂഴുന്നവര്‍ക്ക് രണ്ടാം ജന്മം തന്നെയാണ്.
വെയില്‍ അതികഠിനം . കയ്യില്‍ കരുതിയ അവസാനത്തെ വെള്ളക്കുപ്പിയും കാലി. ഇനി മടക്കം.

തിരികെ ഇറങ്ങുമ്പോള്‍ ഒരുപാട് ബിംബങ്ങള്‍ മനസ്സില്‍. രാജ്യം ഉപേക്ഷിച്ചു വനവാസത്തിനു പോയ ദാശരഥി, അലഞ്ഞു നടക്കുന്ന അമ്പലക്കാള , മരണമറിയിച്ച്ച നിള, പുകയുന്ന ചിത, നിസംഗനായ സ്വാമി, ആല്‍മരങ്ങള്‍, പിന്നെ എല്ലാം കണ്ടിട്ടും ഒന്നിലും ഇടപെടാതെ ഉച്ചിയില്‍ കത്തുന്ന കര്‍മ്മസാക്ഷിയും

എല്ലാത്തിനും വിട. കിട്ടിയ പൂര്‍ണ്ണതയ്കും പുണ്യത്തിനും സ്വസ്തി ..

 

അനീഷ്‌ തകടിയില്‍

Leave a Reply

Your email address will not be published.

error: Content is protected !!