നീളുന്ന കർഷകസമരം..

കർഷകനിയമങ്ങൾ ഭേദഗതിചെയ്‌തുകൊണ്ട് കേന്ദ്രസർക്കാർ ജൂണിലുണ്ടാക്കിയ ബില്ലുകൾ സെപ്റ്റംബറോടെ നിയമമായി, കർഷകന്റെ സ്വതേ ദുർബ്ബലമായ നട്ടെല്ലൊടിക്കാൻ പ്രാപ്തമായി വന്നതിനെ പ്രതിരോധിക്കാനുള്ള കർഷകസമരങ്ങളുടെ ഭാഗമായി ഇന്ന് ഭാരത് ബന്ദ്. കർഷകരെ തെരുവിലിറക്കി സമരംചെയ്യിക്കുന്നതിൽ നാണക്കേടും.. ഒരു ബന്ദ് അനാവശ്യമല്ല, ആവശ്യമാണെന്ന് തോന്നുന്നത് ഇതാദ്യം! കഴിക്കുന്ന അന്നത്തിനോട് തോന്നുന്ന ആദരം അതുൽപ്പാദിപ്പിക്കുന്നവനു കൊടുക്കേണ്ടതില്ലെന്നത് നന്ദികേടിന്റെ പുതുഭേദം!
ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് ബിൽ 2020, ഫാർമേഴ്‌സ് എഗ്രിമെന്റ് ഓഫ് പ്രൈസ് ആൻഡ് അഷ്വറൻസ് ഫാം സർവിസെസ് ബിൽ 2020 , എസ്സെൻഷ്യൽ കമ്മോഡിറ്റീസ് ബിൽ 2020 , തൊഴിൽനിയമ പരിഷ്കരണബിൽ എന്നിവയാണ് പുതിയതായി കർഷകരുടെ തലയിൽകെട്ടിവയ്ക്കാൻ തുടങ്ങുന്നവ. ഇവ നടപ്പാകുന്നത്തോടെ കർഷകരിപ്പോൾ പിടിച്ചുനിൽക്കുന്നു മിനിമം താങ്ങുവില ഇല്ലാതാവും; കോർപ്പറേറ്റുകളുകളുടെ കനിവിൽ അവരുടെ അദ്ധ്വാനം വിലനിശ്ചയിക്കപ്പെടും. അതൊട്ടും ആശാവഹമായിരിക്കില്ല കർഷകരെ സംബന്ധിച്ചിടത്തോളം. അഗ്രിക്കൾച്ചറൽ പ്രോഡക്റ്റ് മാർക്കറ്റിങ് കമ്മിറ്റി (APMC) മണ്ഡികളിലെ ലേലപ്രാരംഭതുകപോലും തങ്ങളുടെ ഉല്പന്നങ്ങൾക്ക് കിട്ടാതെവരുകയും ചെയ്ത സാഹചര്യമാണ് കർഷകരെയും കർഷകസംഘടനകളെയും പ്രകോപിപ്പിച്ചത്. സർക്കാരിന്റെ പഴയവാഗ്ദാനമായ, സമഗ്രമായഉൽപ്പാദനച്ചിലവും അൻപതുശതമാനം അധികവുമെന്ന ഡോ. സ്വാമിനാഥൻ കമ്മീഷൻ നിർദ്ദേശംപോലും അന്നംഗീകരിക്കാതിരുന്ന കർഷകർക്കാണ് വീണ്ടും താങ്ങുവിലപോലും നഷ്ടമാക്കിക്കൊണ്ടുള്ള ഈ ഇരുട്ടടി. അടിസ്ഥാന ധാന്യവിളകൾക്കൊഴിച്ചു അത്തരമൊരു താങ്ങും കിട്ടുന്നില്ല എന്നത് വേറൊരുവശം! കൂടാതെ പരിഷ്കരിച്ച ഒന്നാംബില്ലിലൂടെ, പ്രാദേശിക കാർഷികവിളകളുടെ വ്യത്യസ്ത പരിഗണിച്ചു അവയുടെ കൃഷിയിലും പരിപാലനവിതരണത്തിലും അതാത് സംസ്ഥാനങ്ങൾക്ക് അഭിപ്രായം പറയാനുള്ള അവകാശങ്ങളും ഇല്ലാതാവും. ചുരുക്കത്തിൽ നാട്ടുകൃഷി ഒരു ‘കേന്ദ്രീകൃത സമ്പ്രദായ’മായിമാറുമെന്നായി. കോർപ്പറേറ്റുകളുടെ നേരിട്ടുള്ള ആധിപത്യത്തിൽ ചെറുകിട ഏജന്റുമാരും നേരിട്ടല്ലാതെ കാർഷികവൃത്തിയിലേർപ്പെട്ടിരിക്കുന്ന- കാർഷികേതര-പണിക്കാരും ഇല്ലാതാവും. ഇത്തരമൊരു സാഹചര്യമാവാം കർഷകസംഘടനകളെ സമരമുഖത്തെത്തിച്ചത്.
രണ്ടരമാസം മുൻപുതുടങ്ങിയ സമരം ശക്തമായപ്പോൾ റാബി വിളകളുടെ- ഗോതമ്പ്, കടുക്, പയറുവർഗ്ഗങ്ങൾ- മിനിമം താങ്ങുവില വർദ്ധിപ്പിച്ചുകൊണ്ടു സർക്കാർ പ്രഖ്യാപനമുണ്ടായി. പുതിയ ബില്ലുകൾ താങ്ങുവില സംവിധാനം ഇല്ലാതാക്കുമെന്ന കർഷകരുടെ വാദത്തിന്റെ മുനയൊടിക്കുകയായിരുന്നു ലക്‌ഷ്യം. താങ്ങുവില നിലവിലെപ്പോലെ തുടരുമെന്ന വാദം പക്ഷെ വിലപ്പോയില്ലെന്നുവേണം കരുതാൻ. അതവർ വിശ്വാസത്തിലെടുത്തില്ല എന്നതിനു തെളിവാണ് നിയമം പിൻവലിക്കണമെന്ന ശക്തമായ ആവശ്യവുമായി സമരം 13-ആം ദിവസത്തിലേക്ക് കടക്കുമ്പോൾ ആഹ്വാനം ചെയ്തിരിക്കുന്ന ഇന്നത്തെ ഭാരത്ബന്ദ്. ദിവസങ്ങൾ നീളുമ്പോൾ ഡൽഹിയുടെ അതിർത്തികൾ വളഞ്ഞു കൂടുതൽ കർഷകർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. നിയമം പിൻവലിക്കുന്നതുവരെ സമരത്തിനൊരുങ്ങുന്ന കർഷകർക്ക് പിന്തുണയുമായി ട്രാൻസ്‌പോർട്ട് യൂണിയനുകളും വ്യാപാരസംഘടനകളും അഭിഭാഷകസംഘടനകളും കൂടാതെ കർഷകനെയറിയുന്ന, ആദരിക്കുന്ന, കൃഷിയുടെ പ്രാധാന്യമറിയുന്ന ഒരു ജനതയും കൂടെയുണ്ട്.. കർഷകർ അവരുടെ ആവശ്യങ്ങൾ- അവകാശങ്ങൾ നേടിയെടുക്കുകതന്നെ ചെയ്യുമെന്ന വിശ്വാസത്തോടെ..

ബിന്ദു

Leave a Reply

Your email address will not be published.

error: Content is protected !!