നെല്ലും പതിരും

പ്രശ്നങ്ങള്‍ നിലനില്‍ക്കേണ്ടത് ജനപക്ഷത്തല്ലാത്ത ഭരണകൂടങ്ങളുടെ ആവശ്യമാണ്‌.. അവർ അതിലാണ് നിലനിൽക്കുന്നതെന്ന് സാരം. ഒരു മേശക്കു അപ്പുറവും ഇപ്പുറവും ഇരുന്നു തീര്‍ക്കാവുന്ന പ്രശ്നങ്ങളെ ഇന്ന് ലോകത്തുള്ളൂ.. പക്ഷേ തീര്‍പ്പുണ്ടാക്കില്ല.. ജനശ്രദ്ധ തിരിക്കാൻ പ്രശ്നങ്ങൾ ആവശ്യമായി വരുന്നു. ലോകത്ത് സമാധാനം വരിക എന്നതിനെക്കാൾ തങ്ങളുടെ കീശകളും കസേരകളും സുരക്ഷിതമാക്കാനാവും അത്തരം ആളുകൾ ശ്രമിക്കുക. രോഗങ്ങൾ ഇല്ലെങ്കിൽ എങ്ങനെ മരുന്നുല്പാദനം നടക്കും. അപ്പോൾ മരുന്ന് കച്ചവടക്കാരുടെ പ്രാർത്ഥന ലോകം മുഴുക്കേ രോഗം വരാനാവും. എങ്കിലല്ലേ ഉല്പന്നം ചിലവാകൂ. അത് തന്നെയാണ് ആയുധ വിപണിയിലും സംഭവിക്കുന്നത്. യുദ്ധങ്ങൾ കിനാവുകണ്ടുകൊണ്ട് തന്നെയാണ് അവരും വെടിക്കോപ്പുകൾ നിർമ്മിക്കുക. അത്തരക്കാർ എത്ര ധർമ്മം പ്രസംഗിച്ചിട്ടും കാര്യമില്ല. യാതൊരാൾ ചെയ്യുന്ന കർമ്മം ലോകത്ത് മൊത്തമായോ ഏതെങ്കിലും ഒരു ചെറിയ ദേശത്തോ, ഏറ്റവും ചെറിയ ആൾക്കൂട്ടത്തിനോ എന്തിനേറെ ഒരു വ്യക്തിക്കോ പ്രാണിക്കോ നാശം വിതക്കുമെങ്കിൽ ആ കർമ്മത്തിൽ ധർമ്മം ഉണ്ടാവുന്നതെങ്ങനെ. എന്തെല്ലാം ലോക സമാധാന ഗാഥകൾ രച്ചിച്ചാലും നാഗസാക്കിയും വിയറ്റ്നാമും ഇറാക്കും മറ്റും മറ്റും ലോകത്ത് പടർത്തിയത് അശാന്തി തന്നെയാണ്.

വർത്തമാന കാലത്ത് മനുഷ്യൻ മരണവ്യാപാരികളായി അധപ്പതിച്ചിരിക്കുന്നു. സിനിമയിലാവട്ടെ മറ്റ് സാഹിത്യ രംഗത്താവട്ടെ മാഫിയകളുടെയോ, ഫാസിസ്റ്റുകളുടെയോ കടന്നുകയറ്റം അവഗണിക്കാനാവാത്ത വണ്ണം നിലയുറപ്പിച്ചിരിക്കുന്നു. സിനിമ മസ്തിഷ്കത്തെ തടവിലാക്കി കാഴ്ച്ചയുടെ ലോകത്തേക്ക് വലിച്ചെറിയുന്നു, വായനയുടെ തലമോ മസ്തിഷ്കത്തെ ഉണർത്തുകയും. വായനയെ തകിടം മറിച്ചുകൊണ്ട് കാഴ്ച്ചയുടെ ഫ്രെയിമുകൾ മുന്നോട്ട് കുതിക്കുമ്പോൾ മസ്തിഷ്ക മരണങ്ങൾ ധാരാളം സംഭവിക്കുന്നുണ്ട്. കാഴ്ച്ചയുടെ ലോകത്തിനാണ് എളുപ്പം നുണകൾ പ്രചരിപ്പിക്കാനാവുക.
സിനിമയിൽ ഇന്നെന്നല്ല എന്നും സ്ത്രീ വിരുദ്ധത മാത്രമല്ല മുസ്ലീം ദലിത് വിരുദ്ധതയും നിറഞ്ഞാടുന്നു. എന്തിനേറെ കറുപ്പ് പോലും അകറ്റിനിർത്തേണ്ടതെന്ന് ചില സിനിമകൾ പറയാതെ പറഞ്ഞുപോകുന്നു.

കലാലയങ്ങൾ കേന്ദ്രീകരിച്ച് വളരുന്ന മാഫിയ നമ്മുടെ വിദ്യയെ ശ്വാസം മുട്ടിച്ചുകൊല്ലുന്നു. ഒരു വിഷ്ണുവല്ല, എത്രയോ വിഷ്ണുമാർ നീതി ലഭിക്കാതെ അലയുന്നു. പട്ടയമില്ലാത്ത നാലു സെന്റ് ഭൂമിയിൽ കൂര വച്ച് കിടക്കുന്നവന്റെ തെറ്റ് മാത്രം തെറ്റായി ഊതിവീർപ്പിക്കുമ്പോൾ സാമ്പത്തിക, രാഷ്ട്രീയ , മത തണലുള്ള കുറ്റവാളികൾ വിശുദ്ധരായി മാറുമ്പോൾ പുറമ്പോക്കിലെ തകരജീവിതങ്ങൾ എത്ര നിസ്സഹായരായി മാറുന്നു.. കലാലയങ്ങളിൽ മാഫിയകൾക്ക് മേയാൻ ഇടം നൽകിയത് നമ്മുടെ കച്ചവട രാഷ്ട്രീയമല്ലാതെ മറ്റെന്ത്! വിദ്യ ദരിദ്രനു അപ്രാപ്യമാക്കിയവർ, ജാതിമതങ്ങൾക്കായി സംവരണം ചെയ്ത് വിറ്റവർക്ക് അവരുടെ മക്കളും ചെറുമക്കളും സുരക്ഷിതരെന്ന് ആശ്വസിക്കാം.

മലകൾ വെട്ടി വയലുകൾ നികത്തി കോൺക്രീറ്റ് കൃഷിയിറക്കി നാം കാലാവസ്ഥയെ എന്നേ തകിടം മറിച്ചിരിക്കുന്നു. മഴ വഴിമാറിപോകുമ്പോൾ, വേനൽ കത്തിയാളി ശിഷ്ടം നിൽക്കുന്ന കൃഷിയിടങ്ങളെ കരിച്ചുകളയുമ്പോൾ പക്ഷിക്ക് ഇരിക്കാൻ പോലും തണൽ നിഷേധിച്ച മനുഷ്യർ ജലവൈദ്യുത പദ്ധതിക്കായി ആതിരപ്പള്ളിയെ തെക്കോട്ടെടുക്കാൻ ഉത്സാഹിക്കുന്നു. ഒരു ഭാഗത്ത് മരം വച്ചുപിടിപ്പിക്കാൻ പ്രോത്സാഹനം, മറുഭാഗത്ത് മരത്തിന്റെ കടക്കൽ കോടാലി വയ്ക്കുക. വൈദ്യുതിക്കായി മറ്റു മാർഗങ്ങൾ ആരായണം, അതല്ലാതെ പ്രകൃതി സമ്പത്ത് വെട്ടിനിരത്തരുത്.

എം.കെ.ഖരീം

Leave a Reply

Your email address will not be published.

error: Content is protected !!