നോട്ടം പിഴയ്ക്കുമ്പോൾ

ഈ വാരം കടന്നുപോകുന്നത് അത്യന്തം നടുക്കമുളവാക്കുന്ന വാർത്തയോടെയാണ്. കേരളത്തിൽ ചിലയിടങ്ങളിൽ പെൺകുഞ്ഞുങ്ങളെ ചേലാകർമ്മത്തിനു വിധേയമാക്കുന്നു. അതിക്രൂരവും പ്രാകൃതവുമായ ഈ ദുരാചാരങ്ങൾ പ്രബുദ്ധകേരളത്തിൽ നിർബാധം ഇത്രയും കാലം നടന്നിരുന്നുവെന്ന വാർത്ത സൂചിപ്പിക്കുന്നത് നമ്മുടെ നോട്ടം പിഴച്ചുവെന്നുതന്നെയാണ്. ആരോഗ്യപരമായ പ്രശ്നങ്ങളാൽ മാത്രമല്ല സ്ത്രീത്വത്തോടുള്ള കടന്നാക്രമണം കൂടിയാണ് ഈ ദുരാചാരങ്ങൾ. കോഴിക്കോട് സൗത്ത് ബീച്ച് മുഹമ്മദലി കട്ടപ്പുറത്തിനു സമീപം വാടകവീട്ടിൽ ഡോ . സിദ്ദീഖ് ഹസ്സനാണ് പെൺകുഞ്ഞുങ്ങളുടെ ചേലാകർമ്മത്തിനായി ഒരു ക്ലിനിക്ക് നടത്തുന്നത്. വാർത്ത പുറത്തുവന്നതോടെ രാഷ്ട്രീയപ്രവർത്തകർ ക്ലിനിക്ക് അടച്ചുപൂട്ടി. എങ്കിലും ചില സംശയങ്ങൾ പറയാതെ വയ്യ. കഴിഞ്ഞകുറേക്കാലമായി പ്രവർത്തനം തുടങ്ങിയ ഈ ക്ലിനിക്കിനെ കുറിച്ച് പത്രവാർത്തവന്നപ്പോൾ മാത്രമാണ് പരിസരവാസികൾ അറിഞ്ഞത്? യാഥാസ്ഥികരായ ചിലരുടെയെങ്കിലും പിന്തുണ ഇവർക്കില്ലേ ? ഈ ക്ലിനിക്കിൽ നിന്നും ചേലാകർമ്മം കഴിഞ്ഞുപുറത്തുപോയ കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതിയെന്താണ്? തിരുവനന്തപുരത്തും ഇത്തരം ക്ലിനിക്കുകൾ നടക്കുന്നുണ്ടെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. പിഞ്ചുകുഞ്ഞുങ്ങളെ മുതൽ മുതിർന്ന സ്ത്രീകളെവരെ ലൈംഗികസുഖം വർദ്ധിക്കുമെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന ഈ നരനായാട്ടിനെ വച്ചുപൊറുപ്പിക്കാൻ പാടില്ല. സ്ത്രീകളിൽ ലൈംഗികസുഖം വർദ്ധിപ്പിക്കുന്ന ക്ലിറ്റോറിസ് അഥവാ യോനിച്ഛദത്തെ മുറിച്ചുമാറ്റുന്നതാണ് പെൺചേലാകർമ്മം. ഇത് അത്യന്തം അപകടകരമാണ്, അശാസ്ത്രീയവുമാണ്. മുറിവ് പഴുത്ത് സെപ്റ്റിക്ക് ആയി മരണം വരെയുണ്ടാകാനുള്ള സാധ്യതയുണ്ട്.

യൂണിസെഫിന്റെ റിപ്പോർട്ട് അനുസരിച്ച് ഇരുപത്തിയേഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ ചേലാകർമ്മം നടക്കുന്നുണ്ട്. കൂടാതെ ഇന്തോനേഷ്യയിലെ ചിലഭാഗങ്ങളിലും ഇറാഖിലെ ചിലയിടങ്ങളിലും ഇത് നടക്കുന്നുണ്ട്. ഇതുവരെ ഇരുപതുകോടിയോളം സ്ത്രീകളെ ചേലാകർമ്മത്തിനു വിധേയമാക്കിയിട്ടുണ്ടെന്നും യൂണിസെഫ് പറയുന്നു. ഇന്ത്യയിലെ ദാവൂദി ബോറ മുസ്‌ലിം സമൂഹത്തിൽ ചേലാകർമ്മം നടക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി കേന്ദ്രസർക്കാറിനും മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി സർക്കാരുകൾക്കും നോട്ടീസ് അയച്ചിരുന്നു. കേസ് ഇപ്പോഴും പരിഗണനയിലാണ്.
സ്ത്രീകളിലെ ചേലാകർമ്മത്തിനു മതപരമായ പിന്തുണയില്ലെന്നാണ് പണ്ഡിതപക്ഷം. അഥവാ ഉണ്ടെങ്കിൽ തന്നെ അതിനെ തച്ചുടക്കേണ്ടതാണ്. കാലമാണ് പരമമായ സത്യം. അതാതുകാലങ്ങളിൽ പരിഷ്കരിച്ച വിശ്വാസങ്ങളെ മാത്രമാണ് പരിഷ്കൃത സമൂഹം ചുമക്കേണ്ടത്.

മുംബൈയിൽ ടാറ്റ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസിൽ ഗവേഷക വിദ്യാർത്ഥിയായ ഷാനി എസ് .എസ്, താൻ അറിവുറയ്ക്കും മുന്നേ കേരളത്തിൽ ചേലാകർമ്മത്തിനു വിധേയയായിട്ടുണ്ടെന്ന് ഒരു പത്രത്തിൽ എഴുതിയിരുന്നു. ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോഴാണ് തന്റേത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ലെന്ന് അറിഞ്ഞതെന്നും അവർ ആ കുറിപ്പിൽ പറയുന്നു. ഈ സംഭവങ്ങളെല്ലാം ചൂണ്ടിക്കാട്ടുന്നത് നമ്മുടെ നോട്ടം പിഴയ്ക്കുന്നുവെന്നുതന്നെയാണ്. വാർത്തയോട് പലരും നിരുത്തരവാദപരമായാണ് സോഷ്യൽമീഡിയയിൽ പ്രതികരിച്ചത്. ചിലർക്ക് അത് ഒരു പ്രത്യേകമതത്തെ കരിവാരിതേക്കാനുള്ള ‘ശ്രമ’ത്തിന്റെ ഭാഗം മാത്രമാണ്. ചിലർക്കാകട്ടെ കെട്ടിച്ചമച്ചതും.

ഒന്നുകൂടി ആവർത്തിക്കട്ടെ, നമ്മുടെ നോട്ടം പിഴയ്ക്കുന്നു. ഇത് വല്ലാത്ത തിമിരത്തിലേക്ക് നമ്മെ നയിക്കും. അടിയന്തിരമായി ചികിത്സവേണ്ട വിഷയമാണിത്. മതസമൂഹത്തിൽ കുടുങ്ങിക്കിടക്കാതെ, ശാസ്ത്രബോധം വളർത്തുകയും അന്ധവിശ്വാസങ്ങളെ ശക്തിയുക്തം എതിർക്കുകയുമാണ് ഇച്ഛാശക്തിയുള്ള സർക്കാർ ചെയ്യേണ്ടത്. ഈ അനാചാരത്തെ തന്റേടത്തോടെ പുറത്തുകൊണ്ടുവന്ന ‘മാതൃഭൂമി’യിലെ പത്രപ്രവർത്തകരെ സാംസ്കാരികകേരളത്തിന്റെ പേരിൽ അഭിനന്ദിക്കുന്നു. ഇരുട്ടിലേക്കുള്ള നമ്മുടെ നോട്ടം കൂടുതൽ ജാഗ്രതയോടെയാകട്ടെ.

അനീഷ് തകടിയിൽ

Leave a Reply

Your email address will not be published.

error: Content is protected !!