പടരുന്ന ഫാഷിസം..

എഴുത്തുകാരൻ എസ് .ഹരീഷ് തന്റെ നോവൽ പിൻവലിച്ചുവെന്ന വാർത്തയോടെയാണ് കഴിഞ്ഞ മാസം കടന്നുപോയത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്ന മീശയെന്ന നോവലാണ് കേരളം സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കൂടിയായ എസ് .ഹരീഷ് പിൻവലിച്ചത്. ചില സംഘടനകളിൽ നിന്നും തനിക്കും തന്റെ കുടുംബത്തിനും ഭീഷണി നേരിട്ടുവെന്ന് അദ്ദേഹം പറയുന്നു. സൈബർ ലോകത്തും ശക്തമായ വിദ്വെഷ പ്രചാരണമാണ് മീശയ്ക്കെതിരെ ഉണ്ടായത്. സമൂഹ മനസ്സ് പാകമാകുമ്പോൾ നോവൽ പുസ്തകമായി പ്രസിദ്ധീകരിക്കാമെന്നാണ് ഒടുവിൽ ഹരീഷ് പറഞ്ഞത്. പക്ഷെ ഇവിടെ അദ്ദേഹത്തിന് തെറ്റി. പ്രകാശവേഗത്തിൽ ഫാഷിസം പടരുന്ന ഒരുരാജ്യത്താണ് നാം ജീവിക്കുന്നത്. ആഹാരത്തിൽ,കലയിൽ, ദാരിദ്ര്യത്തിൽ, ആഹ്ളാദത്തിൽ എന്തിന് സ്വന്തം പങ്കാളിയിൽ പോലും മതവും ജാതിയും കാണുന്ന ഒരു വൃത്തികെട്ട സമൂഹമായി വളരെ മുന്നേ നാം മാറിക്കഴിഞ്ഞു. ആര്യസമാജത്തിന്റെ പ്രമുഖനും വാഗ്മിയുമായ സ്വാമി അഗ്നിവേശിനെ തെരുവിൽ വലിച്ചുകീറുന്ന കാഴ്ച നാം കണ്ടതാണ്. പശുവിന്റെ പേരിലുള്ള കൊലകൾ ഓരോ ആഴ്ചയിലും ഒന്ന് എന്ന നിലയിൽ തുടരുന്നു. സാംസ്‌കാരിക സമ്പന്നർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നമ്മുടെ ഇടയിലും വർഗീയത നിപ്പയേക്കാൾ വേഗത്തിൽ പടരുകയാണ്. നിപ്പയുടെ കാരണം വാവാളുകളാണെന്നു കണ്ടെത്തി. പക്ഷെ ഈ ആസുഖത്തിന് ഒന്നല്ല കാരണം.

ഹരീഷിനെതിരെ പോരാടിയവർ തത്വത്തിൽ വിജയിച്ചിരിക്കുന്നു. അവർക്കിഷ്ടമില്ലാത്ത ഒരു കൃതി ഇനി ആരും വായിക്കേണ്ട. തോറ്റത് ഹരീഷല്ല സാംസ്‌കാരിക കേരളമാണ്. ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ ആയുധം തന്റെ അക്ഷരങ്ങൾ തന്നെയാണ്. ആ അക്ഷരങ്ങളെ പിൻവലിക്കുക വഴി യുദ്ധത്തിൽ നിന്നും പിന്മാറുകയാണ് അദ്ദേഹം ചെയ്തത്. പക്ഷെ അദ്ദേഹം നിലകൊണ്ടത് ഈ സമൂഹത്തിനു വേണ്ടിയും ഇവിടെയുള്ള ജാതി നീചത്വങ്ങൾക്കെതിരെയുമായിരുന്നു. ആ അർത്ഥത്തിൽ പരാജയപ്പെട്ടത് ഈ സമൂഹം തന്നെയാണ്. ഹരീഷിനെതിരെ സൈബർ ആക്രമണം ശക്തമായപ്പോൾ ഒരക്ഷരം മിണ്ടാതെയിരുന്ന സാംസ്‌കാരിക നായകർ ഇവിടെയുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാവണം എഴുതി തുടങ്ങിയ നോവൽ മൂന്നാം അധ്യായത്തിൽ വച്ച് പിൻവലിക്കുന്നത്. അങ്ങനെ അതും കേരളത്തിൽ സംഭവിച്ചിരിക്കുന്നു.

ഇനി ഇതിന്റെ ബാക്കി കൂടി നോക്കണം. പതിവുപോലെ രാഷ്ട്രീയ മുതലെടുപ്പിന്റെ സാദ്ധ്യതതേടി ‘പുരോഗമനചിന്താഗതിക്കാർ’ മീശയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. പവിത്രൻ തീക്കുനി പർദ്ദയെന്ന കവിത പിൻവലിച്ചപ്പോൾ നോവാത്ത ഒരക്ഷരം ഉരിയാടാതെ പലരും ഇപ്പോൾ ഉറഞ്ഞുതുള്ളുന്നുണ്ട്. സ്വാഭാവികം. ‘നമുക്കും കിട്ടണം വോട്ട്’ എന്നതാവാം ലക്‌ഷ്യം. എം.ടിയെപ്പോലെയുള്ള മഹാരഥന്മാർ ജീവിക്കുന്ന ഈ മണ്ണിൽ ഇനിയൊരു ‘നിർമ്മാല്യം’ സംഭവിക്കില്ലെന്ന് ഉറപ്പാണ്. ഹരീഷിനെതിരെ ആക്രമണം തുടരുമ്പോൾ മാതൃഭൂമി പോലും അത് ഗൗരവമായി എടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. ഇത് അവർക്കുകൂടിയുള്ള അടിയാണ്.
പ്രിയപ്പെട്ട അക്ഷരം പിൻവലിക്കാനുള്ള സ്വാതന്ത്ര്യം തീർച്ചയായും താങ്കൾക്കുണ്ട്. പക്ഷെ താങ്കൾ നിന്നത് നേരിന്റെ പക്ഷത്തായിരുന്നു. കേരളത്തിലെ ജാതിവെറിയെ തുറന്നുകാട്ടാനാണ് താങ്കൾ ശ്രമിച്ചത്. താങ്കളുടെ പരാജയം നമ്മുടെ പരാജയമാണ്. സമൂഹം പാകമാകുന്നവരെ കാത്തിരിക്കേണ്ടതില്ല. അഞ്ചുവർഷത്തെ അധ്വാനഫലമാണ് താങ്കളുടെ കൃതി. അത് പുറത്തുവരണം. കാഴ്ചയില്ലാത്തവർക്കും ഉണ്ടായിട്ടും കണ്ണുതുറക്കാത്തവർക്കും തിമിരം പിടിച്ചവർക്കും വെളിച്ചം വേണം. അതിനാൽ മീശയ്ക്കും താങ്കൾക്കും നോട്ടത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. അക്ഷരങ്ങൾ പ്രകാശമാകട്ടെ.

അനീഷ് തകടിയിൽ

Leave a Reply

Your email address will not be published.

error: Content is protected !!