പറന്നകന്ന വെള്ളത്തൂവൽ

ഇരുപ്പം വീട് ശശിധരൻ തന്റെ നാമം അടയാളപ്പെടുത്തിയത് ഐ.വി. ശശിയെന്ന പേരിലായിരുന്നു. കാലത്തോടൊപ്പം ഒഴുകിയും വ്യവസ്ഥിതികളോട് കലഹിച്ചും ഇരുണ്ട ജീവിതങ്ങളെ വരച്ചുകാട്ടിയും ഹിറ്റുകളുടെ വെള്ളിവെളിച്ചം തീർത്തും ഐ.വി.ശശി എന്ന സംവിധായകൻ ഇവിടെ ജീവിച്ചിരുന്നു. പോയവാരം ഓർമ്മയായത് മലയാളസിനിമയുടെ ചരിത്രത്തിലെ ഒരുപക്ഷെ ഏറ്റവും വലിയ അധ്യായമാണ്. ആയിരത്തിതൊള്ളായിരത്തി ഏഴുപത്തിയഞ്ചിൽ തുടങ്ങിയ ചരിത്രസപര്യ രണ്ടായിരത്തി ഒൻപതിലെ വെള്ളത്തൂവൽ എന്ന ചിത്രത്തിൽ അവസാനിച്ചപ്പോൾ മലയാളസിനിമയിൽ മാത്രം ഐ.വി.ശശിയുടെ മുദ്രപതിഞ്ഞ ചിത്രങ്ങളുടെ എണ്ണം നൂറ്റിയൊന്നായി. തമിഴിൽ ഏറ്റുചിത്രങ്ങളും ഹിന്ദിയിൽ നാലുചിത്രങ്ങളും സംവിധാനം ചെയ്തു. മുഴുനീള ഇംഗ്ലീഷ് ചിത്രം സംവിധാനം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ആക്ഷനും കട്ടുമില്ലാത്ത ലോകത്തേക്ക് അദ്ദേഹം പാക്കപ്പ് പറഞ്ഞുമടങ്ങിയത്.
വച്ചുകെട്ടുകളും അതിനാടകീയതയും മുഴച്ചുനിന്ന ഒരുകാലത്താണ് ഐ.വി.ശശിയുടെ രംഗപ്രവേശം. അവളുടെരാവുകൾ എന്ന ഒറ്റച്ചിത്രം മതിയായിരുന്നു ഐ.വി.ശശിയിലെ ക്രാഫ്റ്റ് മാനെ തിരിച്ചറിയാൻ. കൈവിട്ടുപോയേക്കാവുന്ന ഒരുവിഷയത്തെ ഏറെ തന്മയത്വത്തോടെ അവതരിപ്പിക്കുക മാത്രമല്ല, മലയാളിയുടെ കപടസദാചാരത്തെ ഉടച്ചുകളയുകയും ചെയ്തു. അവളുടെ രാവുകൾ ചർച്ചചെയ്തത് ഉടലിനേക്കാളുപരി വിഷയത്തിന്റെ ഉണ്മ തന്നെയായിരുന്നു. അതുതന്നെയാണ് ഐ.വി.ശശിയുടെ പ്രതിഭയുടെ ഉദാഹരണവും. അങ്ങാടി, മീൻ, കരിമ്പന തുടങ്ങിയ ആദ്യകാലചിത്രങ്ങളെല്ലാം തന്നെ കച്ചവടസിനിമയുടെ മികച്ച ഉദാഹരണങ്ങളെന്നു വിലയിരുത്തപ്പെട്ടപ്പോഴും അവയിൽ മുഴച്ചുനിന്നത് സാധാരണമനുഷ്യരുടെ വിയർപ്പിന്റെ മണവും കണ്ണീരിന്റെ ഉപ്പും തന്നെയായിരുന്നു. ഇന്ന് മലയാളസിനിമയുടെ നെടുംതൂണുകളെന്നു വാഴ്ത്തപ്പെടുന്ന മെഗാതാരങ്ങളെല്ലാം അദ്ദേഹത്തിന്റെ ഫാക്ടറിയിൽ രൂപപ്പെട്ടവർ തന്നെയാണ്.

മീശപിരിച്ച, മുണ്ട് മടക്കിക്കുത്തി മാടമ്പിയായ നായകൻ ഒരുപെണ്ണിന്റെ മുന്നിൽ തോൽക്കുന്ന കഥയാണ് ദേവാസുരം പറഞ്ഞത്. ഒരുപക്ഷേ ഇന്നാണെങ്കിൽ അത്തരമൊരു സിനിമ സംഭവിക്കില്ല. ഇമേജുകൾ ഭയന്ന് അത്തരം വേഷങ്ങൾ ചെയ്യാനും താരങ്ങൾ തയ്യാറാവില്ല. മൃഗയ, മമ്മൂട്ടിയുടെ സിനിമാജീവിതത്തിലെ നാഴികക്കല്ലായിരുന്നുവന്നതിൽ തർക്കമില്ല. മനുഷ്യബന്ധങ്ങൾക്ക് എന്നും വിലകല്പിച്ചിരുന്ന അദ്ദേഹത്തിന് പക്ഷെ തിരിച്ചുകിട്ടിയത് അവഗണനയുടെ കയ്പുനീർ മാത്രമായിരുന്നു. നന്ദികേടിനെ ആദര്‍ശമായി സ്വീകരിച്ചിട്ടുള്ള , ചവിട്ടിപ്പോയ പടികളെ തിരിഞ്ഞുനോക്കാൻ കൂട്ടാക്കാത്ത സിനിമയുടെ മായാലോകത്തിൽ ഐ.വി.ശശിയെന്ന മഹാപ്രതിഭ അപ്രസക്തമാകുന്ന കാഴ്ചയാണ് രണ്ടായിരം മുതൽ നാം കണ്ടത്. ശ്രദ്ധ ശ്രദ്ധക്കപ്പെടാതെപോയതും ബൽറാം vs താരാദാസ് ഏച്ചുകെട്ടലിന്റെ മുഴച്ചരൂപമായി മാറിയത്തിനുമെല്ലാം പിന്നിൽ സംവിധായകർക്കുമേലുള്ള താരങ്ങളുടെ കടന്നുകയറ്റം കാണാൻ കഴിയും.

ഐ.വി.ശശിയെന്ന പ്രതിഭ അടിപതറിയതും മാറിയ ഇൻഡസ്ട്രിയുടെ മുന്നിലായിരിക്കും. അവാർഡ് കമ്മറ്റിക്കാർക്ക് ഐ.വി.ശശിയോട് എന്നും ചതുർത്ഥിയായിരുന്നു . ഇത്രയേറെ അവഗണിക്കപ്പെട്ട സംവിധായകൻ വേറെയുണ്ടാവില്ല. അദ്ദേഹത്തിനുവച്ചു നീട്ടിയ അവാർഡുകളെല്ലാം തന്നെ ആരുടെയൊക്കെയോ ഔദാര്യമെന്ന തരത്തിലായിരുന്നു . സിനിമയെ ഗൗരവമായെടുന്ന തലമുറയുടെ മുന്നിൽ ഐ.വി.ശശി എന്നുമൊരു പാഠപുസ്തകം തന്നെയാണ്. ഹിറ്റുകൾ തുടർച്ചയായി സമ്മാനിക്കാൻ കഴിയുന്നതിന്റെ ടെക്‌നിക്ക് ഒരുപക്ഷെ ഐ.വി.ശശിക്ക് മാത്രം സ്വന്തം.
സ്വന്തം ഓർമ്മപ്പെടുത്തലുകൾ ബാക്കിവെച്ച് പോയ മഹാപ്രതിഭയ്ക്കു മുന്നിൽ നോട്ടം ഓൺലെൻ മാഗസിന്റെ പ്രണാമം. ആദരാഞ്ജലികൾ….

അനീഷ് തകടിയിൽ

Leave a Reply

Your email address will not be published.

error: Content is protected !!