പ്രജകളിൽ നിന്നും പൗരന്മാരിലേക്ക്

‘നീ നിന്റെ പാർലമെന്റിലേക്ക് ഇരച്ചുകയറുക. എന്നിട്ട് നിന്റെ പ്രതിനിധിയുടെ നേരെ വിരൽ ചൂണ്ടി ചോദിക്കുക, ഇത്രയും നാൾ ഞങ്ങൾക്ക് വേണ്ടി ഇവിടെയിരുന്ന് നീ എന്തുചെയ്തുവെന്ന്’ വാചകം മാവോയുടേതാണ്. ഇവിടെ പലരുടെയും പ്രവർത്തികൾ കാണുമ്പോൾ പാർലമെന്റിലേക്ക്/ നിയമസഭയിലേക്ക് ഇരച്ചുകയറി ഈ ചോദ്യം ചോദിക്കേണ്ടിവരും. പിന്നിട്ട ഒരുമാസം പരിശോധിച്ചാൽ അറിയാം എത്രമാത്രം ചീഞ്ഞുതുടങ്ങി നമ്മുടെ രാഷ്ട്രീയമെന്ന്. കായൽ കയ്യേറിയ പുത്തൻപണക്കാരനുനേരെ കണ്ണടച്ച മുഖ്യമന്ത്രി എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്? ജനവികാരത്തിനെയല്ലെന്ന് തീർച്ച. അഴിമതിവിരുദ്ധ സർക്കാർ എന്ന മുദ്രാവാക്യവുമായി ഭരണത്തിലേറിയ സർക്കാർ ജനങ്ങളുടെ പ്രതീക്ഷയായിരുന്നു. എക്കാലവും കൂടെനിന്ന സഹപ്രവർത്തകനു നേരെ അഴിമതിയാരോപണം വന്നയുടൻ രാജിവെക്കാൻ ആവശ്യപ്പെട്ട മുഖ്യമന്ത്രി ജനങ്ങളുടെ ശബ്ദമായിരുന്നു. പക്ഷെ ഇവിടെ അദ്ദേഹത്തിന് പിഴച്ചെന്നു പറയാതിരിക്കാനാവില്ല.

പറയാനുള്ളത് താങ്കളോടാണ് മിസ്റ്റർ സി.എം. കായൽ കയ്യേറിയതിന് എല്ലാ തെളിവുകളും കിട്ടിയിട്ടും താങ്കൾ കണ്ണുകൾ ഇറുക്കിയടച്ചു. മാധ്യമങ്ങളെ പുറത്തുകടത്തി. എല്ലാത്തിനും സഖ്യകക്ഷികളോടുള്ള മുന്നണിമര്യാദയെന്ന വരട്ടുവാദം മാത്രമായിരുന്നു താങ്കൾക്ക് കൂട്ടായുണ്ടായിരുന്നത്. എന്നും താങ്കളുടെ കൂടെനിന്ന അണികൾ പോലും സംശയത്തോടെ താങ്കളെ നോക്കി. ഒടുവിൽ മറ്റൊരു സഖ്യകക്ഷിയുടെ കടുംപിടിത്തം വന്നപ്പോൾ അസ്വസ്ഥതയോടെയെങ്കിലും രാജിവയ്പ്പിച്ചു. എന്താണ് താങ്കളെ ഇത്രയും അസ്വസ്ഥമാക്കിയത്? തൊട്ടടുത്ത ദിവസം മാധ്യമപ്രവർത്തകയുടെ മൈക്ക് അബദ്ധത്തിൽ ദേഹത്ത് തട്ടിയതിനു താങ്കൾ പ്രതികരിച്ച രീതി കേരളം സമൂഹം കണ്ടതാണ്. അതിനെ പച്ചയായ മനുഷ്യന്റെ പ്രതികരണം എന്നൊക്കെ വിശേഷിപ്പിച്ച് വാഴ്ത്തിപ്പാടാൻ പാണന്മാർ ധാരാളം പാടുപെടുന്നുണ്ട്. എക്കാലവും താങ്കളുടെ സർക്കാർ ചെയ്‌തിട്ടുള്ള ജനക്ഷേമ നടപടികളെ കയ്യടിച്ചിട്ടുണ്ട്, അതിൽ അഭിമാനിച്ചിട്ടുമുണ്ട്. മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് ദേവസ്വം ബോർഡുകളിൽ പത്തുശതമാനം സംവരണം ഏർപ്പെടുത്തിയതും വഖഫ് ബോർഡ് നിയമനം പി.എസ് .സിക്കുവിട്ടതുമുൾപ്പെടെയുള്ള ചരിത്ര തീരുമാനങ്ങൾക്ക് നിറഞ്ഞകൈയടി നൽകുന്നു. അപ്പോഴും വലിയൊരു കരടായി മാറുകയാണ് തോമസ് ചാണ്ടിയോട് താങ്കൾ കാണിച്ച അമിത വിധേയത്വം.

പ്രതികാരശേഷിയുള്ള ജനങ്ങൾ കുറഞ്ഞുവരുകയും പ്രതികരണം സോഷ്യൽ മീഡിയയിൽ മാത്രമാവുകയും ചെയ്യുമ്പോൾ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയാതെ പോകരുത്. ഉത്തമനീതിബോധമുള്ള , അങ്ങേയറ്റം സാമൂഹ്യബോധമുള്ള പൗരന്മാരാവുകയാണ് ആദ്യം വേണ്ടത്. ഭരണകർത്താക്കൾക്ക് മുന്നിൽ ഓച്ഛാനിച്ചു റാൻ മൂളി നിൽക്കുന്ന പ്രജകളായാൽ അവിടെ ജനാധിപത്യം മരിക്കും. പണാധിപത്യം കൊഴുക്കും. കായൽ ചാണ്ടിമാർ എക്കാലവും ഒരു പ്രതീകമാണ്. പണത്തിനുമീതെ പരുന്തും പറക്കില്ലെന്ന പഴമൊഴിയുടെ നേർസാക്ഷ്യം. സർക്കാർ ചെലവിൽ, അകമ്പടിയോടെതന്നെ രാജിച്ചശേഷവും തന്റെ നാട്ടിൽ ചെന്നിറങ്ങാൻ വരെ ധൈര്യം അവർക്കുവന്നിരിക്കുന്നു. അവരെ കയ്യയച്ചു സഹായിക്കുന്ന ഭരണാധിപന്മാർ നാടിന്റെ ദുരന്തമാണ്. സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിച്ച മാധ്യമങ്ങൾ, നീതിപൂർവ്വം റിപ്പോർട്ട് സമര്‍പ്പിച്ച ആലപ്പുഴ കളക്ടർ, കയ്യേറ്റത്തിനെതിരെ, മുന്നണിമര്യാദകൾ പാലിക്കാതെതന്നെ നിലപാടെടുത്ത സി.പി.ഐ. ഇവരെയെല്ലാം അഭിനന്ദിക്കുന്നു. നമ്മുടെ നോട്ടം കൂടുതൽ ജാഗ്രതയോടെയാവണം. വ്യക്തിപൂജകൾക്കല്ല നീതിക്കുവേണ്ടിയാവണം നമ്മുടെ ശബ്ദം ഉയരേണ്ടത്. പ്രജകളിൽനിന്നും പൗരന്മാരിലേക്ക് നാം വളരണം. വളർന്നേ മതിയാവൂ.

അനീഷ് തകടിയിൽ 

Leave a Reply

Your email address will not be published.

error: Content is protected !!