ഹെസ്സേ നീയൊരു പാഠം!
അറിഞ്ഞതും അറിയാത്ത വഴികളും
ചേർത്തുനീ ചൊരിയുന്നു വലിയൊരു ജീവപാഠം
ആദ്യം കയ്യിൽ തടഞ്ഞൊരു പുസ്തകത്താളിൽ
നീ നൽകിയ ധ്യാനപാഠം
ബോധിസത്വന്മാർക്കു ബോധനിലാവായി
നീ വരച്ചിട്ടൊരു ജ്യോതിപാഠം
സിദ്ധാർത്ഥവഴികളിൽ നീ ആദ്യമറിയിച്ചു
ജ്ഞാനദീപം തേടുമാദിപാഠം
ഗൗതമമാർഗ്ഗമാണാദ്യം തടഞ്ഞതും
ഉള്ളിൽ ചൊരിഞ്ഞതും കണ്ണിൽ നിറഞ്ഞതും
ജ്ഞാനബോധം തേടിയുള്ളിൽ തിരഞ്ഞതും
ധ്യാനവിത്തിൽ ദീർഘനിദ്രയിലലിഞ്ഞതും
ഒടുവിലൊരു ബോധമരമായി കിളിർത്തതും
മണ്ണിൽപടർന്നതും ആഴം ചികഞ്ഞതും
പിന്നെ തളർന്നതും മണ്ണിലലിഞ്ഞതും
കാണേ, നീ ചൊല്ലി; അല്ല, ചൊല്ലിച്ചു
ഗൗതമമാർഗം ഗച്ഛാമി!
നിന്റെ പിന്നാലെ നടക്കുന്ന ഗൗതമൻ
ധ്യാനബോധത്തിലതേറ്റു ചൊല്ലി
ധർമ്മം ശരണം ഗച്ഛാമി!
ഹെസ്സെ, എങ്കിലും നീയെത്ര ധന്യൻ!
ചൊല്ലാക്കഥകളിലെയുള്ളം തിരഞ്ഞുനീ
കോറിവരച്ചിട്ടതെത്ര ചിത്രം!
ഒഴുകുന്നപുഴയിലെ ധ്യാനപ്പരപ്പായി
ഓളങ്ങളോതിയ കഥകൾ കോർത്തു
കടവത്തുനിന്നു നീ കഥകൾ പറഞ്ഞതും
കാലപ്രവാഹത്തിലൂടെ തുഴഞ്ഞതും
‘കാലമേ സാക്ഷി’യെന്നാരോ മൊഴിഞ്ഞതും
കാലമായ് മാറി നീ ദൂരെ മറഞ്ഞതും
കടവും പുഴയും തോണിയും തോണിക്കാലവും
തീർത്തു നീ പോയിടുന്നു
വായിച്ചതാളുകൾ പിന്നിലേക്കോടുമ്പോൾ
നീ തന്ന പുഞ്ചിരി മാത്രമായി
വാക്കിന്റെ നേരിനെ മാത്രം തിരഞ്ഞപ്പോൾ
‘നീ തന്നെ ബുദ്ധനെ’ന്നേറ്റു ചൊല്ലി
അനീഷ് തകടിയിൽ
(സിദ്ധാർത്ഥ എന്ന നോവൽ വായിച്ചപ്പോൾ ഉള്ളിൽ തോന്നിയത്)