മധുരം മലയാളം

മലയാളം വഴങ്ങാതായിട്ടു വർഷങ്ങളാവുന്നു. കഥയായും കവിതയായും ലേഖനങ്ങളായും പേനയിലൂടെ ഊർന്നു വീണിരുന്ന അക്ഷരങ്ങൾ ഇന്ന് ഉറവ വറ്റിയ പുഴ പോലെ ശോഷിച്ചിരിക്കുന്നു. പഠനത്തിന്റെ പേര് പറഞ്ഞു നാടുവിട്ടപ്പോഴെപ്പോഴോ ആവണം ലോകസാഹിത്യം (ആംഗലേയ ഭാഷ പുസ്തകങ്ങൾ എന്നാണു പരിഭാഷ) തലയ്ക്കു പിടിച്ചത്. ആശാനെയും ബഷീറിനെയും നെരൂദയും പാമുക്കും പകരം വയ്ക്കാൻ തുടങ്ങി. ദിവസത്തിലൊരിക്കൽ ഫോണിലൂടെ പറയുന്ന സ്നേഹം മാത്രമായി മലയാളം മാറിയത് ഹിന്ദിയുടെ പുതിയ പാഠങ്ങൾ പഠിക്കുന്ന തിരക്കിൽ അറിയാതെ പോയി.

പ്രസംഗവേദികളിൽ ഒരുകാലത്തു ഒരു മുട്ടുമില്ലാതെ നിറഞ്ഞൊഴുകിയ മലയാളം ആംഗലേയ പദങ്ങൾക്കിടയിൽ പെട്ട് ശ്വാസം മുട്ടി. ഡയറിക്കുറിപ്പുകളും ഹൃദയവേദനകളും പോലും a b c d യിലേക്ക് കുടിയേറിയത് കണ്ടിട്ടും കാണാത്ത ഭാവം നടിച്ചു. കൂടുതുറന്നു പറക്കാൻ വെമ്പിയിട്ടും തുറന്നു വിടാത്തതിനാലാവണം തുഞ്ചന്റെ പൈങ്കിളി എന്നോട് പിണങ്ങിയത്. പിണക്കം തിരിച്ചറിയാൻ വർഷങ്ങളെടുത്തു. സുഹൃത്തുക്കളുടെ എഴുത്തു കാണുമ്പോൾ പേനയെടുത്ത് എഴുതാനിരുന്നു, വാക്കുകൾ വിലങ്ങുന്നില്ല. പലതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടപ്പോൾ മലയാളത്തെ ഒരു വിങ്ങലാക്കി ഉള്ളിലൊതുക്കി.

ചിലതു വായിക്കുമ്പോൾ ചിലപ്പോൾ ഉള്ളുപിടയും. എനിക്ക് നഷ്ടമായ വാഗ്ദേവതയുടെ മുഖത്തേക്ക് ദൈന്യമായൊന്നു നോക്കും. അനുസരണക്കേടു കാട്ടിയ കുഞ്ഞിന് നേരെ അമ്മയെന്ന പോലെ അവളെനിക്ക് നേരെ നോട്ടമെറിയും. ഇതൊരു ചര്യയായി മാറിയപ്പോൾ പരാജയഭീതി കാരണമാകാം എഴുത്തു നിർത്തി. ഭാഷ നഷ്ടപ്പെട്ടപ്പോൾ കൈമോശം വന്നത് എന്നെത്തന്നെയായിരുന്നു. എവിടെയും പിടിച്ചു നിൽക്കാനുള്ള, എന്തിനെയും പടവെട്ടി ജയിക്കാനുള്ള കഴിവിനെയും എന്റെ മലയാളത്തിനൊപ്പം ഞാൻ പോറ്റമ്മമാർക്കു മുന്നിൽ അടിയറവുവച്ചു.

ഈ എഴുത്തൊരു കുമ്പസാരമാണ്. ഏറ്റുപറച്ചിലാണ്. പ്രായശ്ചിത്തത്തിനുള്ള ശ്രമമാണ്. പെറ്റമ്മയെ മാറ്റി നിർത്തിയതിന്. ആഴങ്ങളിലേക്കു വേരിറക്കുന്നതിനു പകരം പുതുനിലങ്ങളിലേക്ക് സ്വയം പറിച്ചുനടാൻ ശ്രമിച്ചതിന്. ഇതൊരു ക്ഷമാപണമാണ് ഒപ്പം ഒരാവകാശ പ്രഖ്യാപനവും- എത്ര ദൂരത്തേക്ക് എത്ര വേഗത്തിലോടിയാലും അമ്മയുടെ മടിത്തട്ടിൽ ലാളനകൾക്കു കുഞ്ഞിനെന്നും അവകാശമുണ്ടെന്ന പ്രഖ്യാപനം.

ഗാഥാ മാധവ്

Leave a Reply

Your email address will not be published.

error: Content is protected !!