മാനവ ഐക്യം പുലരട്ടെ

വർഗീയമെന്നും മതേതരമെന്നുമുള്ള അടിവരയോടെ രംഗത്തുള്ള കക്ഷികൾ രാഷ്ട്രപതി തെരഞ്ഞെടുപ്പിന് സജീവമാകുമ്പോൾ അവരുടെ സ്ഥാനാർത്ഥി നിർണയത്തിൽ നിന്നും ചിന്തിക്കുന്നവർക്ക് പലതും പഠിക്കാനുണ്ട്. എൻ.ഡി.എ ഒരു ദലിതിനെ സ്ഥാനാർത്ഥിയാക്കിയപ്പോൾ അതേ നാണയത്തിൽ തന്നെയാണ് പ്രതിപക്ഷ കൂട്ടവും തങ്ങളുടെ സ്ഥാനാർത്ഥിയെ കണ്ടെത്തിയത്. ദലിതും ബ്രാഹ്മണരും ന്യൂനപക്ഷവും അല്ലാതെ എന്തുകൊണ്ട് ഒരു മനുഷ്യനെ ഉയർത്തികൊണ്ടുവരുന്നില്ലെന്ന ചോദ്യം ജലരേഖപോലെ അവസാനിക്കുന്നു.
വർത്തമാന കാല ഇന്ത്യ ഉണരുന്നത് ഹിംസയുടെ വാർത്ത കേട്ടുകൊണ്ടാണ്. അത്രമേൽ സുഖകരമല്ലാത്തൊരു തലത്തിലൂടെയാണ് മനുഷ്യൻ കടന്നുപോകുന്നത്. എന്നാൽ ആ ഹിംസയെല്ലാം എൻ.ഡി.എക്ക് മാത്രം അവകാശപ്പെട്ടതല്ല. നിലവിൽ സജീവമായതും ജീർണിച്ച് മണ്ണടിഞ്ഞതുമായ എല്ലാ കക്ഷികളും ഒളിഞ്ഞും തെളിഞ്ഞും ജാതിമത വർഗീയതക്ക് കുഴലൂത്തു നടത്തിയതിന്റെ പരിണിത ഫലമത്രേ. പശു രാഷ്ട്രീയം ബി.ജെ.പിയുടെ കുത്തകയല്ലെന്ന് സാരം. അതിനെ നെഞ്ചേറ്റിയവരില്‍  കോൺഗ്രസുകാരുമുണ്ട്. ഇടതുകാലിലെ മന്തോ വലതുകാലിലെ മന്തോ അല്ല ഇവിടെ പ്രശ്നം, മന്താണ് പ്രശ്നം. അത് എങ്ങനെ ചികിത്സിക്കണമെന്ന് അറിയാതെ അലയാമെന്ന് മാത്രം. എങ്കിലും ഹിംസകൾക്കെല്ലാം എല്ലാ രാഷ്ട്രീയ കക്ഷികളും ഉത്തരം നൽകേണ്ടിവരുമെന്ന് ഉറപ്പ്.
ഫാസിസത്തെ ചെറുക്കേണ്ടത് മത വർഗീയ ഭീകരത പരത്തുന്ന കക്ഷികളുടെ കൂടെക്കൂടിയല്ല, മതേതര ശക്തികൾക്ക് പിന്തുണ നൽകി അതിനു ശക്തി പകർന്നുകൊണ്ടാവണം. പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകൾ ഫാസിസത്തെ എതിർക്കാൻ ഇറങ്ങുന്നത് മറ്റൊരു ഫാസിസത്തിനു വഴിയൊരുക്കലാവും. കൊല്ലപ്പെട്ട ആളുടെ ഉടൽ തെരുവിൽ പ്രാർത്ഥനക്ക് വയ്ക്കുന്നത് ഫാസിസത്തിന് ബലം നൽകുകയേയുള്ളൂ. കൊടിയുടെ നിറത്തിൽ മാത്രമേ മാറ്റമുള്ളൂ, കാഴ്ചയിൽ പലതായി തോന്നുമെങ്കിലും തങ്ങളുടെ മതമോ രാഷ്ട്രീയമോ മാത്രം ശരിയെന്നും ആ പാത മറ്റുള്ളവർ സ്വീകരിക്കണമെന്ന് വാശിപിടിക്കുന്നതും മറ്റുള്ളവരെ നിർബന്ധിക്കുന്നതും അല്ലാത്തവരെ കൊന്നുതള്ളുന്നതും ഫാസിസം തന്നെയാണ്. ഭൂമിയിലുള്ള സർവ്വ ചരാചരങ്ങൾക്കും യഥേഷ്ടം സഞ്ചരിക്കാനും സഞ്ചരിക്കാതിരിക്കാനും വിശ്വസിക്കാനും അവിശ്വസിക്കാനും അവകാശമുണ്ട്. നിലനിൽക്കാനും ജീവിക്കാനുമുള്ള അവകാശം, നിഷേധിക്കപ്പെടുകയോ അങ്ങനെ ഒരവസ്ഥയിലേക്കു നയിക്കാതിരിക്കുകയോ ചെയ്യുന്ന ഇടത്ത് ഫാസിസവും ഭീകരതയും വിളയാടാൻ തുടങ്ങുന്നു.
ഭീകരതക്കും ഫാസിസത്തിനും എതിരായ സമരങ്ങൾ ഏറ്റെടുക്കേണ്ടത് ഇടതുപക്ഷ കക്ഷികളാണ്. ഇടതുപക്ഷം പിൻവലിയുന്നതോടെ ആ വിടവിൽ കയറികൂടുക വർഗീയ ഭീകര കക്ഷികളാണ്. ഇടതു സംഘടനകളുടെ പ്രവർത്തന രാഹിത്യം വർത്തമാന കാലത്ത് ശ്രദ്ധേയമാണ്. അവർ എവിടെ നിൽക്കുന്നുവെന്ന ചോദ്യം സാധാരണക്കാരിൽ നിന്നും ഉയരുന്നുണ്ട്. വർത്തമാന ഇന്ത്യയിൽ പശുവിന്റെ പേരിൽ ഒരു വിഭാഗവും മറ്റൊരു ഭാഗത്ത് കടക്കെണി മൂലം കർഷകരും ആത്മഹത്യ ചെയ്യുമ്പോൾ ഇടതു സംഘടനകൾക്ക് ഐക്യപ്പെട്ട് ഒരു സമരമുഖം തുറക്കാമെന്നിരിക്കേ എന്തുകൊണ്ട് അവർ ഉറക്കം നടിക്കുന്നുവെന്ന  ചോദ്യം ബാക്കിയാവുന്നു.
വികസനത്തിനു പുറകേ പായുന്നവർ ശ്രദ്ധിക്കേണ്ടത്, നാലുവരി പാതകളും എയർപോർട്ടുകളും മെട്രോകളുമല്ല ഇന്ന് ഇന്ത്യക്ക് ആവശ്യം. ഇന്ത്യക്ക് വേണ്ടത് മതേതര വിദ്യാഭ്യാസമാണ്. നല്ല വിദ്യ നൽകി നല്ല പൌരന്മാരെ വാർത്തെടുക്കുക. ശിപായിമാരേയും എഞ്ചിനീയർമാരേയും അല്ല നാം വാർത്തെടുക്കേണ്ടത്, മനുഷ്യരെ തന്നെയാണ്. അല്ലെങ്കിൽ മനുഷ്യൻ ജാതിമതങ്ങളുടെ തുറുങ്കലിൽ അടക്കപ്പെട്ട് ജീർണിക്കുകയേയുള്ളൂ, അത് ദേശത്തിനു തന്നെ ദോഷമാണ്. ഒരു ദേശത്തിന്റെ ആരോഗ്യമെന്നത് ദേശത്തെ ജനതയുടെ ഐക്യപ്പെടലാണ്. ജാതി മത ഐക്യമല്ല നമുക്ക് വേണ്ടത്, മാനവ ഐക്യമാണ്.

എം.കെ.ഖരീം

Leave a Reply

Your email address will not be published.

error: Content is protected !!