വിലയ്ക്കു വാങ്ങിയ വിലങ്ങുകൾ..

ചുററും അദൃശ്യമായ
വലയത്തിനുളളിൽ
നമ്മൾ തടവുകാർ.
കാഴ്ചയ്ക്കും കേൾവിക്കും
സ്വാദിനും
(മേലിൽ സ്നേഹത്തിനും)
കരമൊടുക്കി,
വിലയ്ക്കു വാങ്ങിയ
വിലങ്ങണിഞ്ഞവർ.

വാക്കു വിഴുങ്ങി,
നാവരിഞ്ഞ വായിലെ
ചോര വിഴുങ്ങി,
വിശപ്പു മരിച്ച വീട്ടിലെ
കണ്ണാടിമുറിയിൽ
നമ്മൾ തടവുകാർ!

വെളിച്ചം കൊലചെയ്യപ്പെട്ട വിദ്യാലയങ്ങളിൽ
ശ്വാസംമുട്ടിക്കുന്ന
അന്ധകാരം മണക്കുമ്പോൾ;
ചിതറിത്തെറിച്ച
സൂര്യൻറെ കഷ്ണങ്ങളെ
മനസ്സിൽ മുളപ്പിക്കുക!

ഇരുണ്ട കാഴ്ചയിൽ അറച്ച്
കോർത്തുപോയ
കൈകളിലേക്ക്
ഊർജ്ജത്തെ ആവാഹിക്കുക!
ഉരുക്ക് വേരുകളെ
പാതാളത്തിലേക്ക് പറഞ്ഞയച്ച്
നിലനില്പിന്റെ തന്ത്രം
പഠിപ്പിക്കുക!

 

സന്ധ്യ പത്മ

Leave a Reply

Your email address will not be published.

error: Content is protected !!