വെളിച്ചപ്പാടിന്റെ അച്ഛൻ (ചെറുകഥ)

“ഉണ്ണിയേട്ടാ….”

അതിരാവിലെയാണ് ഫോൺ വന്നത്.  മറുതലയ്ക്കൽ ജയചന്ദ്രൻ. ഇവനെന്തിനാ ഈ കൊച്ചുവെളുപ്പാൻകാലത്തേ വിളിച്ചുണർത്തുന്നത്? അൽപ്പം ഈർഷ്യയോടെയാണ്  ഫോണെടുത്തത്.

“ഉണ്ണിയേട്ടാ….. ങ്ങളറിഞ്ഞോ കാര്യം?”

“എന്താന്നു പറയെടോ”

“മ്മടെ വെളിച്ചപ്പാടിന്റെ അച്ഛൻ പോയി!”

കേട്ടപ്പോൾ ചിരിയാണു വന്നത്.

“ടോ മൂപ്പര് പണ്ടേ പറയുന്നതല്ലേ പുറപ്പെട്ടു പോവുമെന്ന്. അലഞ്ഞുതിരിഞ്ഞ് തളരുമ്പോൾ തിരിച്ചുവന്നോളും.”

“അല്ല ഉണ്ണിയേട്ടാ…. മരിച്ചുപോയെന്ന്!”

ഒരുനിമിഷം സ്തംഭിച്ചുപോയി.  ഗോപാലേട്ടൻ മരിച്ചെന്നോ!

“എന്തുപറ്റിയതാ?”

“അറ്റാക്ക്! ഒറക്കത്തിൽ. മൂന്നുമണിക്ക് ഒണരുന്നതാണല്ലോ. എഴുന്നേക്കാത്തതു കണ്ട് തമ്പാട്ടി ചെന്നുവിളിച്ചു. തണുത്ത് മരവിച്ചു കിടക്കണ്. രാത്രി എപ്പഴേലുമായിരിക്കും. ഏട്ടൻ ധൃതിപിടിച്ചു വരണ്ട.  അവിടുന്ന് പുറപ്പെട്ട്  ഇവിടെ എത്തുമ്പഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാകും. പറ്റിയാൽ തമ്പാട്ടിയെ ഒന്നു  വിളിക്കണം.  ആൾക്ക്  അതൊരാശ്വാസമാകും.”

“ഉം.  ശരി. നീ വച്ചോ. ഞാൻ വിളിക്കാം.”

ആകെ ഒരു മരവിപ്പാണ് തോന്നിയത്. ഗോപാലേട്ടൻ വിടപറഞ്ഞു. ഒറ്റത്തവണ മാത്രേ ഗോപാലേട്ടനെ  കണ്ടിട്ടുള്ളൂ.  അതും പൂരപ്പറമ്പിൽ വച്ച്.  പക്ഷെ തമ്പാട്ടി പറഞ്ഞ കഥകളിലൂടെ മൂപ്പരെക്കുറിച്ചൊരു ധാരണയുണ്ട്.

തമ്പാട്ടിയെന്നു പറഞ്ഞാൽ തമ്പുരാട്ടി.

പാലക്കാട്ടുകാർക്ക് ഭഗവതി തമ്പാട്ടിയാണ്. കാത്തുരക്ഷിക്കുന്ന ദേശദേവത.  തിരുവനന്തപുരത്തെ നാട്ടിൻപുറങ്ങളിൽ ചില ദേവന്മാർക്കും ഈ സ്ഥാനമുണ്ട്. ആയിരവല്ലിത്തമ്പുരാൻ, ഉലകുടയ പെരുമാൾ… അങ്ങനെയങ്ങനെ.

കുറച്ചുകാലംമുന്നെയാണ് തമ്പാട്ടിയെ പരിചയപ്പെടുന്നത്.  നാട്ടിൻപുറങ്ങളിലെ ആദിദേവതാസങ്കല്പങ്ങളെക്കുറിച്ചൊരു പഠനം. തെക്കുനിന്നു തുടങ്ങി അവസാനം വള്ളുവനാട്ടിലെത്തി. ഇതിനിടയിൽ മുത്തപ്പന്മാരും അമ്മദൈവങ്ങളുമൊക്കെ മുന്നിൽ വന്ന് ഉറഞ്ഞു തുള്ളി. വരം ചൊരിഞ്ഞു. പാലക്കാട്ടെ ഒരു ഗ്രാമത്തിലെത്തിയപ്പോഴാണ് തമ്പാട്ടിയുടെ കഥയറിയുന്നത്. നേരത്തെ പറഞ്ഞല്ലോ തമ്പാട്ടിയെന്നാൽ തമ്പുരാട്ടി.  പക്ഷെ ഒരുകാര്യം കൂടിയുണ്ട്. തമ്പുരാട്ടിയുടെ പ്രതിപുരുഷനായി ഉറയുന്ന ആളും തമ്പാട്ടിയാണ്. വെളിച്ചപ്പാടിനെ തമ്പാട്ടിയെന്നാണ് വിളിക്കുന്നത്.

ചായക്കടയിലൊരുന്ന് തമ്പാട്ടിയെക്കുറിച്ച് കേട്ടപ്പോൾ ഉള്ളിൽ വന്നത് നിർമ്മാല്യത്തിലെ പി.ജെ. ആന്റണിയാണ്.  പക്ഷെ നേരിൽ കണ്ടപ്പോൾ ആ ധാരണ പൊളിഞ്ഞു.  ഒരു കൊച്ചു പയ്യൻ!

ഏറിയാൽ ഇരുപതു വയസ്സ്.

ഈ പ്രായത്തിൽ അരമണിയും കാൽച്ചിലമ്പും പള്ളിവാളുമൊക്കെയായി അവൻ ഉറയുന്നത്  ക്യാമറയിലൊപ്പിയെടുത്തു.

ചടങ്ങൊക്കെ കഴിഞ്ഞപ്പോൾ അടുത്തുവന്നൊരു ചോദ്യം.

“ങ്ങള് പിടിച്ചത് കാണാൻ പറ്റ്വോ!”

നിഷ്കളങ്കമായ ചോദ്യം

“അതിനെന്താ കണ്ടോളൂ.”

അടുത്തുവന്നിരുന്ന്  തമ്പാട്ടി ക്യാമറയ്ക്കുള്ളിലെ ‘വിഷ്വൽസ്’ നോക്കുമ്പോൾ എനിക്ക് ചിരിയാണ് വന്നത്. ന്യൂജൻ വെളിച്ചപ്പാട്!

“അസ്സലായിരിക്കണു. ഏട്ടൻ എന്നാ മടങ്ങുന്നത്?”

ഏട്ടൻ!

എന്തോ ഒരു സന്തോഷം തോന്നി.

രണ്ടുദിവസം കഴിയും.

“ന്നാ  വീട്ടിലെക്കൊന്നു  വര്വോ. കുറച്ചുനേരം അവിടിരിക്കാം.”

തമ്പാട്ടിയോടൊപ്പം വീട്ടിലേക്കു നടന്നു.  ചോർന്നൊലിക്കാറായ  കെട്ടിടം. ഏതുനേരം വേണമെങ്കിലും നിലം പൊത്താം.  അവൻ ഉള്ളിൽ പോയി വേഷമൊക്കെ മാറിവന്നു .

“ഏട്ടൻ കട്ടൻ കാപ്പി കുടിക്ക്വൊ? മധുരം ആവാല്ലോ?”

എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അകത്തുപോയി ആവി പറക്കുന്ന കാപ്പിയുമായെത്തി.

തിരുവനന്തപുരത്ത് ജനിച്ചുവളർന്നതുകൊണ്ടാവും വെളിച്ചപ്പാടിനോട് എനിക്കിത്ര കൗതുകം.

“ഇവിടെ ആരൊക്കെയുണ്ട്?”

“ഒറ്റത്തടിയാണേട്ടാ… അമ്മ നേരത്തെ പോയി. പിന്നെയുള്ളത് അച്ഛൻ. മൂപ്പർക്ക് വെളിവുള്ളപ്പോൾ മാത്രം വരും. ഇല്ലെങ്കിൽ ഏതെങ്കിലും കടത്തിണ്ണയിൽ. മിക്കവാറും ഞാൻ മാത്രമേ ഉണ്ടാകാറുള്ളൂ.”

ചുമരിൽ പൂമാലയിട്ട് വച്ചിരിക്കുന്ന ചിത്രം കണ്ടു. അമ്മയാവും. തമ്പാട്ടിക്ക് അമ്മയുടെ ഛായയല്ല.

പുറത്ത് നല്ല മഴ

“ന്യൂനമർദ്ദമാണേട്ടാ…കാലം തെറ്റിയ മഴ.”

അവൻ പുറത്തേക്ക് നോക്കിയിരുന്നു. അവന്റെ കണ്ണുകൾ ശാന്തമായിരുന്നു.

കുറച്ചുമുന്നേ കണ്ട കാളിയുടെ കലി  ആ കണ്ണുകളിലുണ്ടായിരുന്നില്ല

“അച്ഛനെന്താ ജോലി?”

“ലോട്ടറിക്കച്ചോടം. ദിവസവും അഞ്ഞൂറ് രൂപയ്ക്ക് ജോലി ചെയ്യും. അഞ്ഞൂറ് തികയുമ്പോൾ നിർത്തും. അമ്പത് രൂപ മാറ്റിവച്ചിട്ട് ബാക്കിയ്ക്ക് കള്ളുകുടിക്കും, സിഗരറ്റ് വലിക്കും. ഇതാണ് പ്രകൃതം. എന്നോടിപ്പം മിണ്ടാറില്ല.”

“അച്ഛനും തമ്പാട്ടിയെന്നാണോ വിളിക്കാറ്?”

“അതേന്നേയ്.”

അവൻ ചിരിച്ചു.

അവന്റെ ചിരി മനസ്സിൽ നിന്നും മായുന്നില്ല. ഇനി ആ വീട്ടിലൊറ്റയ്ക്കാവും. എന്തുപറഞ്ഞാശ്വസിപ്പിക്കും

ഇതുപോലെ ചില സമയങ്ങളുണ്ട്. ഒന്നും പറയാനില്ലാത്ത അവസ്ഥ. അപ്പോൾ പിന്നെ ചെയ്യാൻ പറ്റുന്നത് ചെവി തുറന്ന് കേൾക്കൽ മാത്രമാണ്.

ഞാനവനെ വിളിച്ചു.

ഫോണെടുക്കുന്നില്ല.

ഇന്ന് ഓഫീസിൽ നല്ല തിരക്കുള്ള ദിവസമാണ്.  ലീവ് കിട്ടില്ല.  കാലവർഷം ആടിത്തിമിർക്കുന്നു.  ട്രെയിനുകളെല്ലാം സമയം തെറ്റിയാണോടുന്നത്.  നാളെയെന്തായാലും പോകാം.  ഓഫീസിൽ പോയി നാളത്തേക്ക് ലീവ് പറയാം. മനസ്സിൽ നൂറു കണക്കുകൂട്ടലുകൾ നടത്തി. ഓഫീസിലെ തിരക്കുകളിലേക്ക് കടക്കുമ്പോഴും തമ്പാട്ടിയുടെ ചിരിയും ഗോപാലേട്ടന്റെ നോട്ടവും ഇടയ്ക്കിടെ കയറിവന്നു.

‘പൂരം കഴിഞ്ഞ് പോയാ മതി’യെന്ന തമ്പാട്ടിയുടെ സ്നേഹത്തോടെയുള്ള ആജ്ഞ അക്ഷരം പ്രതി ഞാൻ അനുസരിക്കുകയായിരുന്നു.  തിരക്കുകളോടും ശബ്ദകോലാഹലങ്ങളോടും   ഇഷ്ടക്കുറവാണ്  പൊതുവെ.  എന്നാലും ഉത്സവം കൂടെയേക്കാമെന്നു കരുതി.  പൂരത്തിന് വലിയ തിരക്കൊന്നുമില്ല.  തമ്പാട്ടി ഉറഞ്ഞുതുള്ളി, എല്ലാവരെയും അനുഗ്രഹിച്ചു.  കുറച്ചകലെയുള്ള ആൽത്തറയിൽ ലോട്ടറിയുടെ റാക്കും  പിടിച്ച് നിർവികാരതയോടെ ഇരിക്കുന്ന ഗോപാലേട്ടനെ  ഞാൻ ശ്രദ്ധിച്ചു.  തമ്പാട്ടിയുടെ തനിപ്പകർപ്പ്.  അതേ  വെള്ളിക്കണ്ണുകൾ.  ഞാൻ അടുത്തേക്കുചെന്നു. ഗോപാലേട്ടൻ സ്നേഹത്തോടെ എഴുന്നേറ്റ് കൈകൂപ്പി.

“സാറ് വന്ന കാര്യം അറിഞ്ഞു. എന്റെ മോനാ തമ്പാട്ടി.”

അതുപറയുമ്പോൾ ഗോപാലേട്ടന്റെ കണ്ണുകളിൽ തെളിഞ്ഞതെന്താണെന്ന് എനിക്കിതുവരെ വായിക്കാൻ കഴിഞ്ഞിട്ടില്ല.

കുറച്ചുനേരം എന്റെ കൈപിടിച്ചിരുന്നു. ഏകദേശം അറുപതു വയസ് പ്രായമുള്ള മനുഷ്യൻ. ഭാര്യ മരിച്ചശേഷം ഇപ്പോൾ ഇങ്ങനെയാണ്.  മകൻ ‘ഭഗവതി’യായശേഷം ചെയ്യാൻ ഉത്തരവാദിത്തങ്ങളൊന്നുമില്ലെന്നു തോന്നി, ഈ ജീവിതം നയിക്കുന്നു.  ആരുടേയും മുന്നിൽ കൈനീട്ടാൻ  താല്പര്യമില്ലാത്തോണ്ട് ലോട്ടറി കച്ചവടം നടത്തുന്നു. അന്നാണ് ആദ്യമായും അവസാനമായും ഗോപാലേട്ടനെ കണ്ടത്.

“സാർ നാളെ എനിക്ക് ലീവ് വേണം. അത്യാവശ്യമായി പാലക്കാട് വരെ പോണം. ഒരു ബന്ധു മരിച്ചു.”

“അയ്യോ സോറി ഉണ്ണീ , നാളെ ലീവെടുക്കാൻ കഴിയില്ല.  ഓഫിസിന്റെ ചാർജ്ജ് രണ്ടുദിവസത്തേയ്ക്ക് തനിക്കാണ്. ഞാനിന്ന് നാട്ടിൽ പോകും.  അവിടെ ഭയങ്കര മഴ. വീടിന്റെ ഒരുവശം ഇടിഞ്ഞെന്ന്. പിള്ളേരൊക്കെ ആകെ പേടിച്ച മട്ടാണ്‌.”

ഗോപിസാറിന് രണ്ടു പെണ്മക്കളാണുള്ളത്. വീട്ടിൽ സഹായത്തിനാരുമില്ല. അച്ഛന് പ്രായമായി.  ഞാൻ നിരാശയോടെ സീറ്റിൽ പോയി ഇരുന്നു. അപ്പോൾ ഇനി രണ്ടുദിവസം കഴിഞ്ഞ് പോകാം.

രാത്രി ഒന്നുകൂടി തമ്പാട്ടിയെ വിളിച്ചു. എടുക്കുന്നില്ല.

രാത്രി മുഴുവൻ മഴയായിരുന്നു. പിറ്റേന്നും തോർന്നില്ല. ഓഫീസിലെ തിരക്കുകാരണം അന്ന്  തമ്പാട്ടിയെ ഓർത്തതേയില്ല.  രാത്രി പത്തുമണിക്ക് അവൻ വിളിച്ചു.

“ഉണ്ണിയേട്ടാ!”

“മോനെ എനിക്ക് വരൻ കഴിഞ്ഞില്ല. ഞാൻ മറ്റന്നാൾ അങ്ങോട്ടേയ്ക്ക് വരും.”

“അതുസാരമില്ല ഏട്ടാ . എല്ലാം കഴിഞ്ഞു.”

“നിന്റെ കയ്യിൽ കാശുണ്ടായിരുന്നോ ചടങ്ങുകളൊക്കെ നടത്താൻ?”

“അതൊക്കെ മൂപ്പര് കരുതിവച്ചിട്ടാ പോയത്. ഇന്നലെ ടൗണിൽ നിന്നും ഏജന്റ് വന്നു. ഗോപാലേട്ടന്റെ ടിക്കറ്റുകൾ നോക്കട്ടെയെന്നു പറഞ്ഞു. മുഴുവൻ പരതിയിട്ടു  പറഞ്ഞു. ഒരെണ്ണം അടിച്ചിട്ടുണ്ടെന്ന്. ആരും എടുക്കാത്ത ടിക്കറ്റായിരുന്നു.   മൂപ്പര്  ടിക്കറ്റും വാങ്ങിപ്പോയി. പിന്നീട് അമ്പതിനായിരം രൂപ കൊണ്ടുതന്നു. അതോണ്ട് കാര്യങ്ങളൊക്കെ നടന്നു. അച്ഛൻ ആരുടെ മുന്നിലും കൈ നീട്ടിയിട്ടില്ലല്ലോ. ഒടുക്കവും അങ്ങനെതന്നെ.”

ഞാൻ മിണ്ടാതിരുന്നു.

അവൻ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു.  ഇടയ്ക്കെപ്പോഴോ പറഞ്ഞു.

“ഏട്ടാ എനിക്കൊന്നു കരയണം. പകൽ മുഴുവൻ പിടിച്ചുനിന്നു.  തമ്പാട്ടി കരയാൻ പാടില്ലല്ലോ.  അനുഗ്രഹിക്കേണ്ട ആളല്ലേ.”

എന്റെ ഉള്ളുപിടഞ്ഞു. അവൻ കരഞ്ഞു, നിർത്താതെ…..

ആകാശത്ത് വെള്ളിടി വെട്ടി.

അന്നുരാത്രി മുഴുവൻ തോരാതെ മഴ പെയ്തു.

അനീഷ് തകടിയിൽ

39 thoughts on “വെളിച്ചപ്പാടിന്റെ അച്ഛൻ (ചെറുകഥ)

  1. Pingback: flagyl fistula
  2. Pingback: bactrim medicine
  3. Pingback: diltiazem 360 mg
  4. Pingback: cozaar cost
  5. Pingback: celexa vs.paxil

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!