ഹൃദയപക്ഷത്തിലേക്ക് ഇനിയെത്രദൂരം

വടക്കൻ മലബാറിലെ പ്രശസ്തമായൊരു തെയ്യമാണ് പൊട്ടൻ തെയ്യം. തോറ്റത്തിനിടയിൽ പൊട്ടൻ തെയ്യം പറയുന്നതിങ്ങനെ
“ഏങ്കളെ കൊത്ത്യാലുമൊന്നല്ലോ ചോര
നീങ്കളെ കൊത്ത്യാലുമൊന്നല്ലോ ചോര”
ജാതിവിവേചനത്തിനെതിരെയാണ് പൊട്ടൻ തെയ്യമിങ്ങനെ പ്രതികരിച്ചത്. എല്ലാവരുടെയും സിരകളിലോടുന്ന ചോരയ്ക്ക് ഒരേ നിറമാണെന്നും എന്നിട്ടുമെന്തിനാണ് നാം രണ്ടെന്ന തോന്നലിൽ ഇടയുന്നതെന്നും ചോദിക്കുന്ന പൊട്ടൻതെയ്യം വിശ്വമാനവികതയുടെ പ്രതീകം തന്നെയാണ്. കാലവും കഥയുമൊക്കെ മാറിവന്നപ്പോഴും ഈ ചോദ്യത്തിന്റെ പ്രസക്തിക്ക് ഒരു കുറവുമില്ല. ഉത്തരേന്ത്യയിൽ ജാതീയമായ കൊലപാതകങ്ങൾക്കാണ് കുപ്രസിദ്ധിയെങ്കിൽ നമ്മുടെ നാട് റാസ്ത്രീയ കൊലപാതകങ്ങൾക്കാണ്. കൊന്നു തള്ളുന്ന രാഷ്ട്രീയത്തിൻെറ അവസാനത്തെ ഇരയാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനായ ശുഹൈബ്. പച്ചമാംസത്തിൽ തലങ്ങും വിലങ്ങും വെട്ടി അയാളെ കൊന്നുതള്ളിയിട്ട ദിവസങ്ങളേറെയായി. ഇവിടെയാർക്കും ഒന്നും സംഭവിച്ചില്ല. പതിവുപോലെ എല്ലാവരും അപലപിച്ചു. ശുഹൈബിന്റേതുൾപ്പെടെയുള്ള എത്രജീവനുകളാണ് രാഷ്ട്രീയ അക്രമങ്ങളിൽ ജീവൻ വെടിയേണ്ടിവന്നത് ? ഓരോ രാഷ്ട്രീയ പാർട്ടിയും രക്തസാക്ഷികളുടെയും ബലിദാനികളുടെയും എണ്ണം അളന്നു തിട്ടപ്പെടുത്തുന്നതിന്റെ തിരക്കിലുമാണ്. നഷ്ടം ജീവൻ വെടിഞ്ഞവരുടെ കുടുംബത്തിനു മാത്രമാണ്. ഒരു കുടുംബത്തിന്റെ ആശയും അത്താണിയും ആകേണ്ട എത്രയെത്രപേർ?

ചാനല്‍ ചർച്ചയിലിരുന്ന് ശുഹൈബിന്റെ പിതാവ് പറഞ്ഞത് ” അവന്റെ കയ്യോ കാലോ വെട്ടിയെടുത്തെങ്കിലും സാരമില്ലായിരുന്നു. എന്നും അവനെ കാണാൻ പാട്ടുമായിരുന്നല്ലോ. ഇതിപ്പോ കൊന്നുകളഞ്ഞില്ലേ സാറെ” മകന്റെ കയ്യോ കാലോ വെട്ടിയെടുത്ത് ശത്രുക്കൾക്ക് പ്രതികാരം ചെയ്യാമായിരുന്നല്ലോ എന്ന് ചോദിക്കുന്ന അച്ഛൻ ഒരു പ്രതീകമാണ്. ധാർഷ്ട്യത്തിനും അധികാരത്തിന്റെ ഹുങ്കിനും ഒട്ടും കുറവുകാണിക്കാതെ നമ്മുടെ മുഖ്യമന്ത്രിക്കു ശുഹൈബിന്റെ വധത്തെ അപലപിക്കാൻ വേണ്ടി വന്നത് ആറുദിവസമാണ്. ഒരു പാട്ടിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടിപ്പോലും ഫെയ്‌സ്‌ബോക്കിൽ എഴുതി മാതൃക കാണിക്കുന്ന ഒരു ഭരണാധികാരി വെറും പാർട്ടി സെക്രട്ടറി മാത്രമായി മാറുന്നത് ശരിയായ പ്രവണതയാണെന്നു തോന്നുന്നില്ല. കണ്ണടകൾക്ക് വിലകൂടിയാലും കുറഞ്ഞാലും രാഷ്ട്രീയ തിമിരം ബാധിച്ചവരുടെ കണ്ണു തെളിക്കാൻ പ്രയാസമാണ്.
ശുഹൈബിന്റെ വധമുൾപ്പെടെയുള്ള മുഴുവൻ രാഷ്ട്രീയ കൊലപാതകങ്ങളെയും ശക്തമായി അപലപിക്കാനും അതിനെതിരെ പ്രതികരിക്കാനും നാം തയ്യാറാവണം. ഒരു കൊലപാതകത്തെ തള്ളിപ്പറയുമ്പോൾ അയാളെ ഏതെങ്കിലും ഒരു കോടിയുടെ ചുവട്ടിൽ കൊണ്ട് കെട്ടി ആത്മരതിയടയുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുന്നു. സ്വതന്ത്രമായി ചിന്തിക്കുന്നവരുടെ ശബ്ദം അടപ്പിക്കുക മാത്രമാണ് അത്തരക്കാരുടെ ലക്‌ഷ്യം. ഒരു കൊലപാതകത്തെയും മറ്റൊന്നുകൊണ്ട് ന്യായീകരിക്കാൻ നാം തയ്യാറാവരുത്.

കണ്ണൂർ എക്കാലവും കേരളത്തിന്റെ കണ്ണീർ തന്നെയാണ്. കോടിയുടെ നിറവും പ്രത്യശാസ്ത്രവുമൊക്കെ മാറിവന്നാലും കൊലപാതക രാഷ്ട്രീയത്തിന്റെ കാര്യത്തിൽ എല്ല്ലാവരും ഒറ്റക്കെട്ടുതന്നെയാണ്. ഒരു തലമുറയെക്കൂടി രക്തപ്രതിജ്ഞയെടുത്ത വീണ്ടും നാശത്തിലേക്ക് തള്ളിവിടരുത്. രാഷ്ട്രീയപ്രവർത്തനം നടത്താൻ എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്. അതിനെ സഹിഷ്ണുതയോടെ കാണുകയാണ് വേണ്ടത്. ആശയ സംവാദങ്ങൾക്കുപകരം ആയുധങ്ങൾ സംവദിക്കുന്നത് നാശത്തിന്റെ ലക്ഷണമാണ്. പ്രബുദ്ധകേരളം എന്ന വാക്ക് നിഘണ്ടുവിൽ നിന്നും നീക്കേണ്ട കാലം വിദൂരമല്ല.
നമ്മുടെ സാംസ്‌കാരിക നായകർ എന്നവകാശപ്പെടുന്നവർ മൗനം വെടിയണം. നിങ്ങള്ക്ക് ലഭിക്കേണ്ട പാട്ടും വളയുമോർത്താണ് മിണ്ടാതിരിക്കുന്നതെങ്കിൽ ഒന്നും പറയാനില്ല. മറിച്ച് മനുഷ്യപക്ഷത്താണ് നിൽക്കുന്നതെങ്കിൽ മുന്നോട്ടുവരണം. ഇടതുപക്ഷം ഹൃദയപക്ഷമാണ്. അതിൽ നിന്നും മനുഷ്യപക്ഷത്തേക്ക് നീങ്ങണം. നോട്ടം ഹൃദയത്തിലേക്കാവണം. ചോരക്കുഴലുകളില്ലേക്കാവരുത്.

അനീഷ് തകടിയിൽ

Leave a Reply

Your email address will not be published.

error: Content is protected !!