കനത്ത മഴയെ തുടര്‍ന്ന് വ്യാപകമായി ഉരുള്‍പൊട്ടലും നാശനഷ്ടവുമുണ്ടായ കോട്ടയം ജില്ലയില്‍ കരസേനയുടെയും വ്യോമസേനയുടെയും സഹായമെത്തും. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താന്‍ സാരംഗ്, എം-17 ഹെലികോപ്റ്ററുകളുമായി വ്യോമസേന സജ്ജമായിട്ടുണ്ട്. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ സതേണ്‍ എയര്‍ കമാന്റിന്റെ എല്ലാ ബേസുകളിലും ജാഗ്രത നിര്‍ദ്ദേശം നല്കി. സൂളൂര്‍ എയര്‍ബേസില്‍ നിന്ന് കൂടുതല്‍ സഹായവും ലഭിക്കുമെന്നാണ് വിവരം. മേജര്‍ അബിന്‍ പൗളിന്റെ നേതൃത്വത്തില്‍ കരസേനാംഗങ്ങള്‍ കോട്ടയം കാഞ്ഞിരപ്പളളിയിലേക്ക് തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്ബില്‍ നിന്നും പുറപ്പെട്ടു . വായുസേന ഉദ്യോഗസ്ഥരുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തി സഹായം വേണ്ട പ്രദേശങ്ങളെക്കുറിച്ച് വൈകാതെ തീരുമാനമെടുക്കും. മീനച്ചിലാര്‍ കരകവിഞ്ഞതോടെ ഈരാറ്റുപേട്ട പട്ടണത്തിലേക്ക് വെളളംകയറിത്തുടങ്ങി. കൂട്ടിക്കല്‍ പ്ളാരപ്പളളിയില്‍ മൂന്നിടത്താണ് ഉരുള്‍പൊട്ടിയത്. ഇതിന് പുറമേ മുണ്ടക്കയം,പൊന്‍കുന്നം, കാഞ്ഞിരപ്പളളി പട്ടണങ്ങളിലും വെളളംകയറി.