യാസ് ചുഴലിക്കാറ്റിന്റെ ഭീതിയിൽ രാജ്യം. 10 ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചു

യാസ് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതിനിടെ അപകട സാധ്യതയേറിയ പ്രദേശങ്ങളില്‍നിന്ന് 10 ലക്ഷത്തിലധികംആളുകളെ പശ്ചിമ ബംഗാളും ഒഡീഷയും ഒഴിപ്പിച്ചു. നാളെ പുലര്‍ച്ചെയോടെ ഭദ്രാക്ക് ജില്ലയിലെ ധര്‍മ പോര്‍ട്ടിന് സമീപം ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയല്‍സംസ്ഥാനമായ ജാര്‍ഖണ്ഡും അതീവ ജാഗ്രതയിലാണ്. അടിയന്തര സാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ അവിടെയും പൂര്‍ത്തിയായി. ഒന്‍പത് ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. തീരദേശ ജില്ലകളിലെ രണ്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചുവെന്ന് ഒഡീഷ സര്‍ക്കാർ വ്യക്തമാക്കി. യാസ് ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. മൃത്യുഞ്ജയ് മഹാപാത്ര വ്യക്തമാക്കി. ചുഴലിക്കാറ്റ് കരതൊടുന്നതിന് ആറ് മണിക്കൂര്‍ മുമ്പും പിമ്പും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കാനാണ് സാധ്യതയുള്ളതെന്നും . ചന്ദ്ബാലിയില്‍ വന്‍ നാശനഷ്ടത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒഡീഷയിലെ ഭദ്രാക്ക് ജില്ലയിലെ ധമ്ര, ചന്ദ്ബാലി എന്നീ പ്രദേശങ്ങള്‍ക്ക് മധ്യേയാവും ചുഴലിക്കാറ്റ് കര തൊടുകയെന്ന് ഭുവനേശ്വറിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധന്‍ ഡോ. ഉമാശങ്കര്‍ ദാസ് പറഞ്ഞു. ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകളും ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കരസേനയുടെ സഹായവും തേടും. കടപുഴകി വീഴുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനായി 86 സംഘങ്ങളെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

error: Content is protected !!