ടൗട്ടേ ചുഴലിക്കാറ്റ് ദുർബലമായി

ഗുജറാത്തിൽ കരയിലേക്ക് വീശിയടിച്ച ടൗട്ടേ ചുഴലിക്കാറ്റ് ദുർബലമായി. ഇന്നലെ രാത്രി 9 മണിയോടെ കരയിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് അതിതീവ്ര ചുഴലികാറ്റ് തീവ്ര ചുഴലിയായി മാറിയത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തീരമേഖലയിൽ റെഡ് അലർട്ട് തുടരുകയാണ്. സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുന്നുണ്ട്. സൈന്യവും എൻഡിആർഎഫും രക്ഷാപ്രവർത്തനം തുടരുന്നു.
മുംബൈ തീരത്ത് ടൗട്ടേ ചുഴലിക്കാറ്റില്‍ പെട്ട്‌ ഒന്‍ജിസി ബാര്‍ജുകള്‍ മുങ്ങി 127പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. മൂന്നുബാര്‍ജുകളിലായി നാനൂറിലേറെപ്പേര്‍ ഉണ്ടായിരുന്നു. 147 പേരെ നാവികസേന രക്ഷപ്പെടുത്തി. നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ബാര്‍ജ് പി305 എന്ന ബാര്‍ജിലെ 136 പേരെ രക്ഷപ്പെടുത്തിയതായി നാവികസേനാ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. 137 പേരുളള ഗാല്‍ കണ്‍സ്ട്രക്ടര്‍ എന്ന ബാര്‍ജും അപകടത്തില്‍ പെട്ടിട്ടുണ്ട്. നിലവിൽ ഗുജറാത്തിലെ അംരേലിക്ക് 60 കിലോമീറ്റർ തെക്ക് കിഴക്ക് മാറിയാണ് കാറ്റിന്‍റെ ഇപ്പോഴത്തെ സ്ഥാനം. ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭീഷണി ഇല്ലാതായെങ്കിലും കേരളത്തിൽ വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കടൽക്ഷോഭത്തിനും നാലര മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരത്തെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരത്ത് 3.5 മീറ്റർ മുതൽ 4.5 വരെ ഉയരത്തിൽ തിരയടിക്കാനാണ് സാധ്യത. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് കേരള തീരം വിട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പുകളെല്ലാം നേരത്തെ തന്നെ പിന്‍വലിച്ചിരുന്നു. കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നേരിയ തോതില്‍ മഴ തുടരുന്നുണ്ടെങ്കിലും കാര്യമായ പ്രശ്നങ്ങളില്ല.

Leave a Reply

Your email address will not be published.

error: Content is protected !!