അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിച്ച നടപടി ശക്തമായി ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അഫ്ഗാനിസ്ഥാന്റെ പുനർനിർമാണം അമേരിക്കൻ ലക്ഷ്യമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം അഫ്ഗാൻ നേതാക്കളും സൈന്യവുമാണെന്ന് കുറ്റപ്പെടുത്തിയ ബൈഡൻ, മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചാൽ മാത്രം താലിബാനുമായി സഹകരണമെന്നും വ്യക്തമാക്കി.
അതിനിടെ കാബൂൾ വിമാനത്താവളം ഭാഗികമായി തുറന്നു. വിമാനത്താവളത്തിലേക്കുള്ള റോഡുകൾ താലിബാൻ അടച്ചു. പ്രധാന റൺവേയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. പൗരന്മാരെ മടക്കിക്കൊണ്ടു പോകുന്നത് ഇന്ന് പുനരാരംഭിക്കുമെന്ന് ലോകരാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്. കാബൂളിലെ ഇന്ത്യൻ എംബസി അടയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. താലിബാൻ അഫ്ഗാനിസ്ഥാനിൽ മുന്നേറും മുൻപേ തന്നെ അവിടെ പ്രവർത്തിച്ചിരുന്ന ഇന്ത്യയുടെ നാല് കോൺസുലേറ്റുകളും അടച്ചിരുന്നു.
കാബൂളിലെ ഇന്ത്യൻ എംബസിയിൽ നയതന്ത്ര ഉദ്യോഗസ്ഥരും ഐടിബിപി സൈനികരും അടക്കം ഇരുന്നൂറോളം പേർ ഉണ്ടെന്നാണ് കണക്ക്. ഇവരെ തിരികെ കൊണ്ടുവരാനായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് യാത്രവിമാനങ്ങൾ ഇന്നലെ വൈകിട്ടോടെ കാബൂളിലെത്തിയിരുന്നു. അതിൽ ഒരു യാത്രാവിമാനം ദില്ലിയിൽ തിരിച്ചെത്തി. ഇന്ത്യൻ എംബസിയിലുള്ള ബാക്കി ഉദ്യോഗസ്ഥരുമായി അടുത്ത വിമാനത്തെ ഉടൻ പ്രതീക്ഷിക്കുന്നുണ്ട്.