യോഗാനന്ദം- 2

യോഗയെ അറിയാം – ആമുഖം 

വളരെ ലളിതമായ അർത്ഥത്തിൽ, യോഗ എന്നത് കൂടിച്ചേരുക അല്ലെങ്കിൽ ഒരുമിക്കുക എന്നതാണ്. എന്തൊക്കെയാണ്കൂടിച്ചേരേണ്ടത്? നമ്മുടെ മനസ്സും ശരീരവും എന്നാണുത്തരം. ഉത്തരം ലളിതമാണെങ്കിലും ഇത് പ്രാവർത്തികമാക്കുക എന്നത്‌ അല്പം സമയമെടുക്കുന്ന  ഒരു പ്രക്രിയയാണ്.

    എന്താണ് ശരീരം? ശരീരത്തിനെ കുറിച്ച് നമുക്ക് അറിവുണ്ട്; നമ്മൾ ചലിക്കുന്നുണ്ട്,പ്രവർത്തികളിലേർപ്പെടുന്നുണ്ട്. മനസ്സിനെക്കുറിച്ചു പറഞ്ഞാൽ, നമ്മുടെ ബോധമാണ് മനസ്സ് എന്നു വിവക്ഷിക്കുന്നത്.പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് നമ്മളിലേക്ക് വരുന്ന വസ്തുതകളെ സംഭരിച്ചു വയ്ക്കുന്നതാണ് മനസ്സ്.

ഒന്നാമത്തേതിന് രൂപമുണ്ട്, രണ്ടാമത്തേതിന് രൂപമില്ല. ഇതു  രണ്ടും തമ്മിലുള്ള ശരിയായ കൂടിച്ചേരൽ  യോഗയിലൂടെ   സാധ്യമാകുന്നു.
   
  നിത്യ ജീവിതത്തിൽ നമ്മൾ tension/ stress ഇവകളിലൂടെ ധാരാളമായി കടന്നുപോവുന്നുണ്ട്. തിരക്കു പിടിച്ച ജീവിതത്തിൽ  പ്രവൃത്തികൾ പൂർത്തികരിക്കാൻ നമുക്ക് സംഘർഷങ്ങൾ അനുഭവിക്കാതെ, അവയിലൂടെ കടന്നുപോകാതിരിക്കാൻ കഴിയില്ല.

ആധുനിക കാലഘട്ടത്തിൽ, ജീവിതത്തിലെ സംഘർഷങ്ങളുടെ ഗ്രാഫ് ഉയർന്നു വരുകയാണ്. എപ്പോഴും ടാർഗെറ്റുകളെ കുറിച്ചു മാത്രം, അവ എങ്ങനെ നേടിയെടുക്കാം എന്നതിനെക്കുറിച്ചും മാത്രം ചിന്തിച്ചിരിക്കുന്ന വേളയിൽ ശരീരത്തിൽ stimulations അഥവാ ഉദ്ദീപനം സംഭവിച്ചു കൊണ്ടിരിക്കുകയാണ്.

ഒരു ലക്ഷ്യത്തിൽ നിന്നും അടുത്ത ലക്ഷ്യത്തിലേക്കു പോകുമ്പോൾ നമ്മളിൽ അടുത്ത റോളിലേക്ക് പോകേണ്ടുന്നതിന്റെ പ്രവർത്തനങ്ങൾ ശരീരത്തിൽ നടക്കും.അതിങ്ങനെ ഒന്നിന് പുറകെ ഒന്നായി സംഭവിക്കുമ്പോൾ  ശരീരത്തിനും മനസിനും വേണ്ടത്ര വിശ്രമം കിട്ടാതെ പോകുന്നു.
ശരീരത്തിന്റേയും മനസിന്റേയും ഏകീകരണത്തിനും സംഘർഷ ലഘൂകരണത്തിനായും യോഗ പരിശീലിക്കാം.

യോഗയുടെ അടിസ്ഥാന ക്രമങ്ങൾ അഞ്ചു കാര്യങ്ങളാണ്.

  1. ചിട്ടയായ ഭക്ഷണക്രമം.
  2. ശരിയായ ശ്വസനം
  3. ശരിയായ വ്യായാമം
  4. ശരിയായ മനോഭാവം
  5. ശരിയായ വിശ്രമം
    ഈ അഞ്ചു കാര്യങ്ങളാണ് നമ്മൾ യോഗയിലൂടെ പൂർണ്ണമാക്കുന്നത്. 

സംഗീത് ബാലചന്ദ്രൻ YIC, MSc Yoga

Leave a Reply

Your email address will not be published.

error: Content is protected !!