തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ടൗട്ടെ എന്ന അതിതീവ്ര ചുഴലിക്കാറ്റായി. ഇന്ന് രാവിലെയാണ് ടൗട്ടെ കൂടുതൽ ശക്തിപ്രാപിച്ചത്. ഇപ്പോൾ ഗോവൻ തീരത്തിന് 150 കിലോമീറ്റർ അകലെയാണ് സ്ഥാനം. ചുഴലിക്കാറ്റ് നാളെ രാവിലെ ഗുജറാത്ത് തീരം തൊടും. മുംബൈയിലും ഗുജറാത്തിലും അതീവ ജാഗ്രത മുന്നറിയിപ്പാണ്. ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവം കാരണം കേരളത്തിൽ ഇന്നും മഴ തുടരും. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് കേരളതീരത്ത് നിന്ന് അകന്നെങ്കിലും അറബിക്കടൽ പ്രക്ഷുബ്ദമായിരിക്കും. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും മഴയും കടൽക്ഷോഭവും ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വൈകുന്നേരത്തിനു ശേഷമേ മഴയ്ക്ക് ശമനം ഉണ്ടാകൂ. കടലിൽ പോകുന്നതിന് പൂർണ്ണ വിലക്കുണ്ട്. തെക്കു കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ ശക്തി കുറഞ്ഞതിനാൽ എറണാകുളം ജില്ലയിലും മഴയുടെ ശക്തി കുറഞ്ഞു. തൃശൂർ നഗരതിലും തീരദേശത്തും രാത്രി മഴ പെയ്തെങ്കിലും ശക്തമായിരുന്നില്ല. കനത്ത മഴയിൽ ഇടുക്കി ജില്ലയില്‍ വ്യാപക കൃഷി നാശമുണ്ടായി. കാസർകോട് രാവിലെ ശക്തമായ മഴ തുടരുകയാണ്.