പെയിന്റ് ബ്രഷ് 000

അക്ഷരങ്ങളാൽ തീർത്ത നേർത്തവരകൾ കൊണ്ട് അഞ്ജു സജിത്ത് എന്ന എഴുത്തുകാരി തീർത്ത നിഗൂഢതകൾ നിറച്ചു വച്ച ഒരു മനോഹരചിത്രം, അതാണ് പെയിന്റ് ബ്രഷ് 000. ഫേസ്ബുക്കിൽ നോവലിന്റെ പോസ്റ്റ്‌ വന്നപ്പോൾ പെയിന്റ് ബ്രഷ് 000 എന്ന പേര് തന്നെയാണ് ആദ്യം ശ്രദ്ധിച്ചത്. ഒരു കൗതുകം. ത്രില്ലെർ വിഭാഗത്തിൽ പെടുന്ന നോവൽ ആണ് എന്നറിഞ്ഞപ്പോൾ പ്രിബുക് ചെയ്ത് കാത്തിരിന്നു. ഒടുവിൽ എഴുത്തുകാരിയുടെ കയ്യൊപ്പോടെ നോവൽ കയ്യിലെത്തി. എഴുത്തുകാരിയുടെ കയ്യൊപ്പോടെ എനിക്ക് കിട്ടിയ ആദ്യത്തെ ബുക്ക്‌. അതാണ് ആദ്യം പറയാനുള്ള സന്തോഷം. എന്തായാലും ബുക്ക്‌ കിട്ടിയ അന്നുതന്നെ ഒറ്റഇരുപ്പിന് വായിച്ച് തീർത്തു എന്ന് പറയുന്നതിൽ കൂടുതൽ ഒന്നും ഇനി എഴുതേണ്ടതില്ല.

കുട്ടിക്കാലത്ത് വായിച്ച ഷേർലക്ക് ഹോംസ് കഥകളാണ് കുറ്റാന്വേഷണ കഥകളിൽ ഒരു ഇഷ്ടം വളർത്തിയത്. എപ്പോഴും സസ്പെൻസ് നിലനിർത്തിപോകുന്ന കുറ്റാന്വേഷണ കഥകൾ അല്ലെങ്കിലും ആർക്കാണ് ഇഷ്ടമല്ലാത്തത്! അതിൽ ഭാഷയുടെ മാധുര്യം കൂടെയാവുമ്പോൾ ഗംഭീരം. അതാണ് പെയിന്റ് ബ്രഷ് എന്ന നോവലിൽ ഞാൻ കണ്ടത്.

തമിഴ്നാടിന്റെ പശ്ചാത്തലത്തിൽ ആണ് കഥ. ജമന്തി പാടങ്ങളുടെ നടുവിൽ നിൽക്കുന്ന, ഒരു ചിത്രകാരന്റെ തിരോധാനത്തിന്റെ നിഗൂഢതകൾ ഒളിപ്പിച്ച, വീട്. അവിടേക്ക് അയാളെ അന്വേഷിച്ചു വരുന്ന ജെർഷിദ് എന്ന മകനിലൂടെ, അയാളുടെ കണ്ടെത്തലുകളിലൂടെ മുന്നോട്ട് പോകുന്ന നോവൽ. ഓരോ കഥാപാത്രങ്ങളും ചിത്രങ്ങളായി തെളിഞ്ഞു കഥപറയുന്ന ഭാഷ. അന്ധവിശ്വാസത്തിൽ ഇപ്പോഴും ജീവിക്കുന്ന ഒരു സമൂഹവും, കുളത്തിൽ ചത്തുപൊങ്ങുന്ന ബാലികമാരും, ചിത്രകാരന്റെ തിരോധാനവും, അയാളുടെ ജീവിതത്തിൽ വർണ്ണം നിറച്ച ബന്ധങ്ങളും, അതിൽ നിറയുന്ന ദുരൂഹതകളും, അയാൾ വരച്ചു എന്ന് പറയപ്പെടുന്ന ദുരൂഹത ഏറെ ഉള്ള ചിത്രവും, അങ്ങനെ പോകുന്നു നോവൽ. കൂടുതൽ എഴുതിയാൽ നോവൽ വായിക്കുമ്പോൾ ഉള്ള സസ്പെൻസ് പോകുമെന്നതിനാൽ ഇത്രയും എഴുതി നിർത്തുന്നു. 71 പേജുകൾ മാത്രമുള്ള ഒരു ചെറിയ ബുക്കിൽ അഞ്ജു നിറച്ചു വച്ചിരിക്കുന്നത് ദുരൂഹതകളുടെ വലിയ ലോകമാണ്.
പബ്ലിഷേഴ്സ് :ധ്വനി ബുക്ക്സ്
വില: 110/-

രമ്യാ ഗോവിന്ദ്

error: Content is protected !!