വടക്കൻ ജില്ലകളിൽ മഴക്കെടുതി രൂക്ഷമായി

ടൗട്ടേ ചുഴലിക്കാറ്റിന്റെ മുന്നോടിയായി എത്തിയ ന്യൂനമർദം വടക്കൻമലബാർ തീരത്തിന് സമീപത്തേക്ക് മാറിയതോടെ വടക്കൻ ജില്ലകളിൽ ദുരിത പെയ്ത്ത് തുടരുന്നു. മലപ്പുറം മുതൽ കാസർകോട് വരേയുള്ള ജില്ലകളിൽ മഴ ഇപ്പോഴും തുടരുകയാണ്. തീരദേശ മേഖലയിൽ നിരവധി വീടുകളും റോഡുകളും തകർന്നു. ആളുകളെ മാറ്റിപ്പാർപ്പിച്ചു. കോഴിക്കോട് ജില്ലയിലെ വടകര വില്ലേജിൽ 100 കുടുംങ്ങളിൽ നിന്ന് 310 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി. കസബ വില്ലേജിലെ തോപ്പയിൽ ഏഴ് പേരെ ക്യാമ്പിലേക്ക് മാറ്റി. കടലുണ്ടി വില്ലേജിൽ കടലാക്രമണത്തെ തുടർന്ന് കപ്പലങ്ങാടി ഭാഗത്തു നിന്നും 17 കുടുംബങ്ങളെയും വാക്കടവ് ഭാഗത്തു നിന്നും രണ്ട് കുംടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. ചാലിയം കടലുണ്ടി കടവ് ,കപ്പലങ്ങാടി ഭാഗങ്ങളിൽ 40 വീടുകിൽ വെള്ളം കയറി. കുരിയാടി, ആവിക്കൽ, മുകച്ചേരി ഭാഗം, പാണ്ടികശാല വളപ്പ്, കൊയിലാണ്ടി വളപ്പ്, പുറങ്കര, അഴിത്തല എന്നീ സ്ഥലങ്ങളിലും ഇന്നലെ മുതൽ രൂക്ഷമായ കടലാക്രമണമാണ്. കടലാക്രമണവും അറബിക്കടലിലെ ന്യൂനമർദവും കാരണം തോണികൾക്കും ബോട്ടുകൾക്കും വലിയ രീതിയിൽ കേടുപാടുകളുണ്ടായി. അഴിയൂരിൽ 13-ാം വാർഡിലെ ഹാർബറിന് സമീപത്ത് കടൽത്തീരത്ത് കരയിൽ വെച്ച തോണികളാണ് കടൽ ക്ഷോഭത്തിൽ തകർന്നത്. 10 തോണികൾക്ക് കേടുപാടുകൾ പറ്റി . മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് ജെ.സി.ബി ഉപയോഗിച്ച് തോണികൾ കരയ്ക്ക് എത്തിച്ചത് കൊണ്ട് വലിയ ദുരന്തം ഒഴിവായി.

Leave a Reply

Your email address will not be published.

error: Content is protected !!