രണ്ടാം പിണറായി സർക്കാർ നയങ്ങളും തദ്ദേശ സ്ഥാപനങ്ങളും

കേരള രാഷ്ട്രീയത്തിൽ ഒരു ചരിത്രം സൃഷ്ടിച്ചുകൊണ്ട് വീണ്ടും അധികാരത്തിലേറിയ പിണറായി വിജയൻ മുഖ്യന്ത്രിയായ സർക്കാർ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന വ്യക്തമായ നയങ്ങളോടും പരിപാടികളോടുമാണ് അധികാരത്തിൽ കയറിയിരിക്കുന്നത്. ഐക്യരാഷ്ടസഭയുടെയും ഗ്ലോബൽ ഗ്രീൻ ഗ്രോത്തിന്റെയും സഹകരണത്തോടെ നീതി ആയോഗ് തയ്യാറാക്കുന്ന സുസ്ഥിര വികസന ലക്ഷ്യ ഇൻഡക്സ് 2018 ലും 2019 ലും ഒന്നാം സ്ഥാനത്തുനിൽക്കുന്ന നിൽക്കുന്ന കേരളം മറ്റു സംസ്ഥാനങ്ങൾക്കും ലോകരാജ്യങ്ങൾക്കും മാതൃകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരത്തോടെ ഐക്യരാഷ്ടസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളേയും പുതിയ സർക്കാർ നയങ്ങളേയും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു വികസന തന്ത്രം നടപ്പിലാക്കിയാൽ കേരളത്തെ ദൈവത്തിൻറെ സ്വന്തം നാടാക്കി മാറ്റുവാനും മുഖ്യമന്ത്രി അംഗ്രഹിക്കുന്നപോലെ 25 വർഷത്തിനപ്പുറം വികസിത രാജ്യങ്ങളിലുള്ളതിനു സമാനമായ ജീവിത സാഹചര്യം കേരളത്തിൽ ഉണ്ടാക്കുവാനും കഴിയും.

അതിദാരിദ്ര്യ ഉന്മൂലനം

അഞ്ചുവർഷംകൊണ്ട് അതിദാരിദ്ര്യം ഉന്മൂലനംചെയ്യും മെന്നുള്ളതാണ് സുപ്രധാനമായ ഒരു നയം.ദാരിദ്ര്യ ലഘൂകരണത്തിനായി വിശദമായ സർവ്വേ നടത്താനും ക്ലേശഘടകങ്ങൾ നിർണയിക്കാനും അത് ലഘൂകരിക്കാനായുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനും തദ്ദേശ സെക്രട്ടറിമാരെ ചുമതലപ്പെടുത്താനുമാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനോടൊപ്പം അഗതികളെയും ദാരിദ്ര്യത്തിൽ കഴിയുന്ന ഓരോ കുടുംബത്തെയും കണ്ടെത്തി പ്രാദേശികവും ഗാർഹികവുമായ പദ്ധതികളിലൂടെ ദാരിദ്ര്യരേഖയ്ക്ക് മുകളിൽ കൊണ്ടു വരുവാനും സർക്കാർ ലക്ഷ്യമിടുന്നു. നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം കേരളത്തിലെ ദാരിദ്ര്യ വിടവ് അനുപാതം (Poverty Gap Ratio) ഗ്രാമ പ്രദേശത്തു 1.59 ഉം പട്ടണ പ്രദേശത്തു 0.83 ഉം ആണ്. കേരളത്തിൽ ആശ്രയ എന്ന പദ്ധതിയാണ് അങ്ങേയറ്റം ദരിദ്രരെ ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാനായി നടപ്പിലാക്കി വരുന്നത് . ഇപ്പോള്‍ ആശ്രയ പദ്ധതിയില്‍ 1.5 ലക്ഷം കുടുംബങ്ങളാണ് ഗുണഭോക്താക്കളായി ഉള്ളത്.അഞ്ചു ലക്ഷം കുടുംബങ്ങള്‍ എങ്കിലും സംസ്ഥാനത്ത് അങ്ങേയറ്റം ദരിദ്രമായി ഉണ്ടാകും.ഇവരെ കണ്ടെത്താനാണ് സർവേയിലുടെ നടത്താനായി നയത്തിൽ പറയുന്നത്. നയരേഖയിൽ പറയുന്നപോലെ ഏറ്റവും ദരിദ്ര കുടുംബങ്ങളെ പ്രത്യേകമെടുത്ത് ഓരോന്നിന്റെയും പ്രശ്നങ്ങളും ആവശ്യങ്ങളും പഠിച്ച് അവ പരിഹരിക്കുന്നതിന് ചെയ്യേണ്ടുന്ന കാര്യങ്ങളും അവയ്ക്കു വേണ്ടിവരുന്ന ചെലവും രേഖയാക്കി മൈക്രോപ്ലാനിംഗ് തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കണം.

കാർഷീകോൽപ്പാദനം

നയരേഖയിൽ കാർഷികമേഖലയിൽ ഉത്‌പാദനക്ഷമത, ലാഭസാധ്യത, സുസ്ഥിരത എന്ന മുദ്രാവാക്യം നടപ്പാക്കുമെന്ന് സൂചിപ്പിക്കുണ്ട് . അതിനായി ഓരോ വിളയുടെയും ഉത്‌പാദനം വർധിപ്പിക്കാൻ ലക്ഷ്യം നിശ്ചയിക്കുകയും അഞ്ചുവർഷംകൊണ്ട് നെല്ലിന്റെയും പച്ചക്കറിയുടെയും ഉത്‌പാദനം ഇരട്ടിപ്പിക്കുകയും ചെയ്യുന്നതാണെന്ന് നയരേഖ വ്യക്തമാക്കുന്നു. കൃഷി, ജലസേചനം വകുപ്പുകളുടെ ഇടപെടലുകളെ സഹകരണമേഖലയുമായും ഫാർമർ പ്രൊഡ്യൂസർ കമ്പനികളുമായി തദ്ദേശ സ്ഥാപനങ്ങളുമായും സാമാന്വയിപ്പിക്കും. മൂല്യവർധനയിലും മാർക്കറ്റിങ്ങിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾക്കുള്ള സാധ്യത പ്രയോജനപ്പെടുത്തുകയും നാളികേരത്തിന്റെയും സുഗന്ധവ്യഞ്ജനങ്ങളുടെയും സംസ്കരണത്തിന് വ്യവസായശാലകളുടെ ശ്രേണി സജ്ജമാക്കുകയും ചെയ്യുമെന്ന് നയ രേഖയിൽ വ്യക്തമാക്കുന്നണ്ട്. 2025-ഓടെ പാലുത്‌പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിടുന്നു.മാംസം, മുട്ട എന്നിവയുടെ ഉത്‌പാദനത്തിൽ കൈവരിക്കേണ്ട ലക്ഷ്യം നിശ്ചയിച്ച് മിഷൻ മോഡിൽ പ്രവർത്തിക്കും. നയ രേഖയിൽ ലക്ഷ്യമിടുന്നവ പ്രാവർത്തികമാകണമെങ്കിൽ തദ്ദേശ സ്ഥാപനങ്ങളുടെ ആത്മാർഥമായ സഹകരണം അത്യന്താപേക്ഷിതമാണ്.

ആരോഗ്യസംരക്ഷണം

സാമൂഹികമേഖലകളിലെ, പ്രത്യേകിച്ചും ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം എന്നീ രംഗത്തുണ്ടായ നേട്ടങ്ങളെ ശക്തിപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കുമെന്നു സമീപന രേഖയിൽ പറയുന്നുണ്ട്.കോവിഡ് എന്ന മഹാമാരിയെ നിയന്ത്രിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലുകൾ എത്രത്തോളം പ്രാധാന്യമർഹിക്കുന്നു എന്ന് എല്ലാവർക്കുമറിയാം. ആരോഗ്യമേഖലയിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലുകൾ ഇനിയും വർധിപ്പിക്കേണ്ടിയിരിക്കുന്നു. തദ്ദേശ സ്ഥാപനത്തിൽ താമസിക്കുവരുടെ ആരോഗ്യ പരിപാലനത്തിൽ പങ്കാളികളാവുക,ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക,പകർച്ച വ്യാധികൾക്ക് എതിരെ അവബോധം ഉണ്ടാക്കുക,മയക്കു മരുന്നുകളുടെ ദുരുപയോഗം , ഹാനികരമായ മദ്യ ഉപയോഗം തുടങ്ങിയ ഇല്ലാതാക്കുന്നതിനായി വിദ്യാർത്ഥികളിലും, യുവാക്കളിലും, പൊതുജനങ്ങളിലും .ബോധവൽക്കരണം നടത്തുക,റോഡ് അപകടങ്ങൾ വഴിയുള്ള മരണവും പരിക്കും കുറക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുക, തദ്ദേശ സ്ഥാപന പരിധിയിൽ താമസിക്കുന്ന എല്ലാവർക്കും ഇൻഷുറൻസ് അടക്കം സാർവർത്തിക ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക, മലിനീകരണം കുറക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആരോഗ്യ സംരക്ഷണ നടപടികൾ തദ്ദേശ സ്ഥാപനങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്.

വിദ്യാഭ്യാസ വികസനം

സെക്കണ്ടറി തലം വരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തിൽ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളും ശാസ്ത്രീയ അവബോധവും വളർത്തുന്നത്തിനും ലൈബ്രറികളുടെ നവീകരണത്തിനും നയം പ്രാധാന്യം കൊടുക്കുന്നു. കേരളത്തിൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണ്. എല്ലാവരെയും ഉൾക്കൊള്ളുന്നതും സമത്വാധിഷ്ഠിതവുമായ മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുക. എല്ലാവർക്കും ഏതു പ്രായത്തിലും പഠനാവസരങ്ങൾ ലഭ്യമാക്കുക എന്നത് സുസ്ഥിര വികസന ലക്ഷ്യത്തിൻറെ നാലാമത്തെ ലക്ഷ്യം കൂടിയാണ്. സർക്കാരിൻറെ നയപരിപാടികൾക്കും സുസ്ഥിര വികസന ലക്ഷ്യത്തിങ്ങളെയും കണ്ടുകൊണ്ട് തദ്ദേശ സ്ഥാനങ്ങൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ഛ് നടപ്പിലാക്കണം.

വ്യവസായവികസനം

വ്യവസായവികസനം ആസൂത്രണം ചെയ്യാനും പ്രോത്സാഹിപ്പിക്കാനും തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് സജീവമാക്കുവാനും കയർ, കശുവണ്ടി, കൈത്തറി മുതലായവയുടെ നവീകരണ നടപടികൾ ശക്തിപ്പെടുത്താനും നയം ലക്ഷ്യമിടുന്നു. കേരളത്തിലെ ചെറുകിട വ്യവസായ മേഖലയെ വികസിപ്പിക്കുവാനുള്ള ശ്രമങ്ങൾ തദ്ദേശസ്ഥാപനങ്ങൾ ഉർജ്ജിതമാക്കേണ്ടതുണ്ട്.
തൊഴിൽ വികസനവും തൊഴിൽ ശേഷി വികസനവും
തൊഴിൽ വികസനത്തിനും തൊഴിൽ നൈപുണ്യവികസനത്തിനും സർക്കാർ നയത്തിൽ വലിയ പ്രാധാന്യം നല്കിയിട്ടുണ്ട്. അഞ്ച് വർഷംകൊണ്ട് ആധുനികവും ഉയർന്ന തൊഴിൽശേഷിയുള്ളതുമായ ഉത്‌പാദനപരമായ സമ്പദ്ഘടന സൃഷ്ടിക്കാനും ഉന്നതവിദ്യാഭ്യാസം നവീകരിക്കാനും വളർത്താനും പ്രത്യേക നയം രൂപപ്പെടുക്കാനും നയം ലക്ഷ്യമിടുന്നു. മികച്ച തൊഴിലുകൾ സൃഷ്ടിക്കുവാനും തൊഴിലവസരങ്ങൾ കൂടുതൽ ഉറപ്പുവരുത്താൻ ഊന്നൽ നൽകുന്നതാണ് . ഒരാളെയും ഒഴിച്ചുനിർത്താത്ത വികസന കാഴ്ചപ്പാടാണ് സർക്കാർ ഉയർത്തിപ്പിടിക്കുക. കൂടാതെ സ്ത്രീകളുടെ നൈപുണ്യവികസനത്തിനും അനുയോജ്യ തൊഴിലുകളുമായി അവരെ ബന്ധിപ്പിക്കാനുമുള്ള പരിപാടികൾ നടപ്പാക്കുമെന്നും നയരേഖ സൂചിപ്പിക്കുന്നു. അതിലേക്കായി ഐ.ടി. അധിഷ്ഠിത സേവനങ്ങൾ, ഗതാഗതം, സ്റ്റോറേജ്, വാർത്താവിനിമയം, ബാങ്കിങ്, ഇൻഷുറൻസ്, നിർമാണം, ആരോഗ്യം, മെഡിക്കൽ എക്യുപ്‌മെന്റ്, ഭഷ്യസംസ്‌കരണം, വിനോദസഞ്ചാര – ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലെ തൊഴിൽ സാധ്യത പ്രയോജനപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കും. പുതിയ സാധ്യത ഉയർന്നുവരുന്ന മേഖലകളിൽ സ്ത്രീകൾക്കും യുവാക്കൾക്കും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കും ശേഷിവികസനം ലഭ്യമാക്കാൻ പ്രത്യേക പരിഗണന നൽകും.

സ്‌ത്രീ സമത്വം

സംസ്ഥാന സർക്കാരിൻറെയും തദ്ദേശ സർക്കാരുകളുടെയും ജൻഡർ ബജറ്റ് ശക്തിപ്പെടുത്തുക , സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കുറയ് ക്കുന്നതിനായി ക്രൈം മാപ്പിംഗിൻറെ അടിസ്ഥാനത്തിൽ ജനകീയ ഇടപെടലുകൾ നടത്തുക തുടങ്ങിയ സർക്കാർ നയപരിപാടികൾ നടപ്പിലാക്കുന്നതിന് തദ്ദേശ സ്ഥാപങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്.

കാര്യക്ഷമായ സേവനം

സേവനങ്ങൾ വാതിൽപ്പടിയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രത്യേക സാന്ത്വന പരിചാരണ പരിപാടികൾ ആവിഷ്ക്കരിക്കുമെന്നും നയപരിപാടിയിൽ പറയുന്നുണ്ട്.പാലിയേറ്റിക് കെയർ തദ്ദേശ സ്ഥാപനങ്ങളുടെ സുപ്രധാന ഉത്തരവാദിത്വങ്ങളിൽ പെട്ടയതുകൊണ്ടുതന്നെ സർക്കാരിൻറെ സാന്ത്വന പരിചാരണ പരിപാടികൾ ആസൂത്രണം ചെയ്ത നടപ്പിലാക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങൾ തന്നെയാണ്. ഇൻഷുറൻസ് അടക്കം സാർവർത്തിക ആരോഗ്യ പരിരക്ഷ , നിലവാരമുള്ള ആരോഗ്യ പരിപാലന സേവനനത്തിന്റെ ലഭ്യത,സുരക്ഷിതവും ഫലപ്രദവും ഗുണനിലവാരവുമുള്ളതും മിതമായ വിലയുള്ളതുമായ ഔഷധങ്ങളുടെയും വാക്സിനുകളുടെയും സാർവർത്തിക ലഭ്യത എന്നിവ ഉറപ്പാക്കുക തുടങ്ങിയവ വികസന ലക്ഷ്യങ്ങളാണ്.

മാലിന്യ രഹിത കേരളം

മാലിന്യ നിർമ്മാർജ്ജനം തദ്ദേശ സ്ഥാപങ്ങളുടെ പ്രധാന ഉത്തവാദിത്തങ്ങളിൽ ഒന്നാണ്. സർക്കാർ നയരേഖയിൽ മാലിന്യ രഹിത കേരളം യാഥാർഥ്യമാക്കുമെന്നു പറഞ്ഞിരിക്കുന്നു. കേരള സർക്കാരിൻറെ പ്രഖ്യാപിത നയമായ മാലിന്യ നിർമ്മാർജ്ജനം നടപ്പിലാക്കുന്നത് തദ്ദേശ സ്ഥാപങ്ങളിലൂടെയാണ്.
73,74 ഭരണഘടന ഘടനാ ഭേദഗതിയിലൂടെ 29 ഉത്തവാദിത്വങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും നടപ്പിലാക്കുന്ന പല പദ്ധതികളും തദ്ദേശ സ്ഥാപനങ്ങളിലൂടെയാണ് നടപ്പിലാക്കുന്നത്. സമസ്ത മേഖലയുടെയും പുരോഗതിയും വികസനവും ലക്ഷ്യമാക്കിക്കൊണ്ടുള്ള സമഗ്രമായ ഒരു വികസന രേഖയാണ് പിണറായി വിജയൻറെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭാ അവതരിപ്പിച്ചിരിക്കുന്നത്. സർക്കാരിന്റെ നയങ്ങൾ നടപ്പിലാക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്ക് സുപ്രധാന പങ്കുണ്ട് . കേന്ദ്ര സംസ്ഥാന പദ്ധതികളും പരിപാടികളും ഫലപ്രദമായി നടപ്പിലാക്കിയാൽ കേരളം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ബഹുഭൂരിപക്ഷം പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയും.

തയാറാക്കിയത്

ഡോ .സി.പ്രതീപ്

Leave a Reply

Your email address will not be published.

error: Content is protected !!