ജീവജാലങ്ങളിൽ മനുഷ്യർ മാത്രം ചെയ്തുവരുന്ന ഒന്നാണ് ആത്മഹത്യ. രാജ്യാന്തര വ്യത്യാസമില്ലാതെ കാലാകാലങ്ങളായി ജീവിതത്തിന്റെ എല്ലാതുറകളിലും പെട്ടവരും വിദ്യാഭ്യാസ യോഗ്യത വ്യത്യാസമില്ലാതെ എല്ലാ പ്രായത്തിലുള്ളവരും ആത്മഹത്യ ചെയ്തുവരുന്നു. സാഹിത്യകാരായ ഏണസ്റ്റ് ഹെമിങ്വേ, സിൽവിയ പ്ലാത്ത് , മലയാള സാഹിത്യ കാരന്മാർ ആയിരുന്ന ഇടപ്പള്ളി രാഘവന് പിള്ള, ടി.എ രാജലക്ഷ്മി, നന്ദനാര്, നന്ദിത,ഹോളിവുഡ് താരം റോബിന് വില്യംസ്,നടി ശോഭ, സിൽക്ക് സ്മിത , പുലിസ്റ്റര് ജേതാവായ കെവിന് കാർട്ടർ തുടങ്ങിയവരെല്ലാം ആത്മഹത്യ ചെയ്തവരാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിവർഷം 8,00,000 ആളുകളെ ആത്മഹത്യ ചെയ്യുന്നു. പ്രതിദിനം ഏകദേശം 2,200 വിലയേറിയ ജീവനുകൾ ആത്മഹത്യയിലൂടെ നമുക്ക് നഷ്ടപ്പെടുന്നു. ലോകമാസകലമുള്ള കണക്കെടുത്താൽ ആതഹത്യയാണ്പത്താമത്തെ വലിയ മരണകാരണം. കോവിഡിനെ തുടർന്ന് അന്താരാഷ്ട തലത്തിനും ദേശീയ തലത്തിലും സംസ്ഥാനതലത്തിലും പ്രാദേശിക തലത്തിലും നടന്നുവരുന്ന അടച്ചുപൂട്ടലുകൾ സമയത്ത് ഒട്ടേറെ ആത്മഹത്യ വാർത്തകളാണ് മാധ്യമങ്ങളിൽ വരുന്നത്.
നാഷണൽ ക്രൈംസ് ബ്യുറോ റെക്കോർഡ്സ് പ്രകാരം 2019- ൽ കേരളത്തിൽ 8556 ആത്മ ഹത്യകളാണ് നടന്നത്. ഇത് ഇന്ത്യയിൽ ആകെ നടന്ന ആത്മഹത്യകളിൽ 6.1 ശതമാനമാണ്. ആത്മഹത്യനിരക്ക് 2017-ൽ 22.6 ശതമാനമായിരുന്നത് 2018 -ൽ 23.5 ശതമാനമായും 2019 -ൽ 24.3 ശതമാനമാണ് വർദ്ധിച്ചു. വിഷാദരോഗം, ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ, മദ്യപാനം, മയക്കുമരുന്നുപയോഗം തുടങ്ങിയ മാനസിക രോഗങ്ങൾ കാരണമുണ്ടാകുന്ന നിരാശയാണ് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്.സാമ്പത്തിക ബുദ്ധിമുട്ടുകൾ, മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലെ പാകപ്പിഴകൾ, കുറ്റബോധം, രോഗം, പ്രണയനൈരാശ്യം, ബലാത്സംഗം, പരീക്ഷയിലെ പരാജയം തുടങ്ങിയവ മൂലമുണ്ടാകുന്ന സംഘർഷങ്ങൾ തുടങ്ങി പല കാരണങ്ങളും ആത്മഹത്യകൾക്കു പിന്നിലുണ്ട്.
ഇന്ത്യയിലെ ആത്മഹത്യ
സംസ്ഥാനം | ആത്മഹത്യ ചെയ്തവരുടെ എണ്ണം | കണക്കുക്കൂട്ടിയ ജനസംഖ്യ (ലക്ഷത്തിൽ ) | ആത്മഹത്യ നിരക്ക് |
ആന്ധ്രാപ്രദേശ് | 6465 | 523.2 | 12.4 |
അരുണാചൽപ്രദേശ് | 112 | 15.1 | 7.4 |
ആസ്സാം | 2370 | 344.2 | 6.9 |
ബീഹാർ | 641 | 1201.1 | 0.5 |
ഛത്തീസ്ഗഢ് | 7629 | 288.5 | 26.4 |
ഗോവ | 259 | 15.4 | 16.8 |
ഗുജറാത്ത് | 7655 | 682.5 | 11.2 |
ഹരിയാന | 4191 | 288.1 | 14.5 |
ഹിമാചൽപ്രദേശ് | 584 | 73.2 | 8.0 |
ജമ്മു ആൻഡ് കശ്മീർ | 284 | 135.3 | 2.1 |
ഝാർഖണ്ഡ് | 1646 | 375.8 | 4.4 |
കർണ്ണാടക | 11288 | 659.7 | 17.1 |
കേരളം | 8556 | 351.9 | 24.3 |
മദ്ധ്യപ്രദേശ് | 12457 | 826.1 | 15.1 |
മഹാരാഷ്ട്ര | 18916 | 1225.3 | 15.4 |
മണിപ്പൂർ | 58 | 31.1 | 1.9 |
മേഘാലയ | 198 | 32.3 | 6.1 |
മിസോറം | 70 | 12 | 5.8 |
നാഗാലാന്റ് | 41 | 21.6 | 1.9 |
ഒഡീഷ | 4582 | 437.3 | 10.5 |
പഞ്ചാബ് | 2357 | 299.4 | 7.9 |
രാജസ്ഥാൻ | 4531 | 776 | 5.8 |
സിക്കിം | 220 | 6.7 | 32.8 |
തമിഴ്നാട് | 13493 | 758.1 | 17.8 |
തെലങ്കാന | 7675 | 372.8 | 20.6 |
ത്രിപുര | 728 | 40 | 18.2 |
ഉത്തർപ്രദേശ് | 5464 | 2259.7 | 2.4 |
ഉത്തരാഖണ്ഡ് | 516 | 111.8 | 4.6 |
പശ്ചിമബംഗാൾ | 12665 | 971.1 | 13.0 |
ഇന്ത്യ ശരാശരി | 139123 | 13376.1 | 10.4 |
സ്രോതസ്: ആത്മംഹത്യ ചെയ്തവരുടെ എണ്ണം – നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോ, ജനസംഖ്യ – രജിസ്ട്രാർ ജനറൽ ഓഫീസ്,കേന്ദ്ര ആഭ്യന്തര വകുപ്പ്, ന്യൂ ഡെൽഹി.

2019 – ൽ കേരളത്തിൽ നടന്ന ആത്മഹത്യകളിൽ 3655 ആത്മഹത്യയുടെ അതായത് 42.7 ശതമാനം കാരണം അസുഖങ്ങളും കുടുംബത്തിലെ കരണങ്ങളുമാണ്. കോവിഡ് എന്ന മഹാമാരിമൂലം മാനസികമായി തകർന്ന രോഗികളിൽ എത്രപേരും , കുടുംബത്തിലെ ആർക്കെങ്കിലും രോഗം വന്നതുകൊണ്ട് എത്ര പേർ ആത്മഹത്യചെയ്ത എന്നതിനെ സംബന്ധിച്ച കണക്കുകൾ ലഭ്യമല്ല. അസുഖങ്ങളും കുടുംബത്തിലെ കരണങ്ങളും മൂലം ആത്മഹത്യ നിരക്ക് കൂടിയിരിക്കുന്ന കേരളം പോലുള്ള സംസ്ഥാനത്ത് കോവിഡ് എന്ന മഹാമാരി വരുത്തുന്ന ആത്മഹത്യവിപത്ത് കൂടുതലായിരിക്കും. കോവിഡ് രോഗികളുടെ ചികിത്സയുടെ ഭാഗമായി ഒറ്റപ്പെട്ട് കഴിയുമ്പോൾ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ, ചികിത്സയിൽ ഉണ്ടാകുന്ന സാമ്പത്തിക ചെലവിൽ നിന്നുണ്ടാകുന്ന പ്രശ്നങ്ങൾ, മാതാപിതാക്കളും ബന്ധുക്കളും നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ, തൊഴിൽ നഷ്ടം,സാമ്പത്തിക നഷ്ടം തുടങ്ങിയ നിരവധികാരണങ്ങളാൽ ആഗോള തലത്തിൽ തന്നെ ആത്മഹത്യ വർദ്ധിച്ചുവരുകയാണ്.
കേരളത്തിലെ വിദ്യാർത്ഥികളിൽ ആത്മഹത്യപ്രവണത വർധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വളരെയേറെ മാനസിക സംഘർഷം അനുഭവിക്കുന്നവരാണ് വിദ്യാർത്ഥികൾ. കുടുംബത്തിലെ പ്രശ്നങ്ങൾ,പ്രേമവും സൗഹൃദങ്ങളും,ലഹരിക്ക് അടിമപ്പെടുന്നവർ,സോഷ്യൽ മീഡിയ കൊണ്ട് ഉണ്ടാകുന്ന പ്രയാസങ്ങൾ,പഠന വൈകല്യങ്ങൾ,ജനറ്റിക് കാരണങ്ങൾ, തുടങ്ങിയ നിരവധി മാനസിക പ്രയാസങ്ങളാണ് വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്നത്. തക്ക സമയത് ശരിയായ രീതിയിൽ പരിഹാരം കണ്ടില്ലെങ്കിൽ പലപ്പോഴും അത്മഹത്യയിലാരിക്കും അവസാനിക്കുക. സ്കൂൾ അന്തരീക്ഷവും അധ്യാപരുമാണ് ഒരു പരിധിവരെയെങ്കിലും വിദ്യാർത്ഥികളുടെ മാനസിക സംഘർഷങ്ങൾക്ക് അയവുവരുത്തുന്നതും അത്മഹത്യ ഇല്ലാതാക്കുന്നതും. കോവിഡ് എന്ന മഹാമാരി വിദ്യാർത്ഥികളിൽ വളരെയേറെ മാനസിക സംഘർഷം ഉണ്ടാക്കുന്നുയെന്നുമാത്രമല്ല സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ മാനസിക പ്രയാസങ്ങളെ ഇല്ലാതാക്കാനുള്ള വഴികളും ഇല്ലാതാകുന്നു. ഇതിനു പരിഹാരം കാണേണ്ടതുണ്ട്.
തയ്യാറാക്കിയത്
ഡോ . സി പ്രതീപ്