പുതുമുഖങ്ങളെ അണിനിരത്തി സിപിഎം പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചു

പുതുമുഖങ്ങളെ അണിനിരത്തി സിപിഎം പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചു. പാര്‍ലിമെന്‍ററി പാര്‍ട്ടി നേതാവ് പിണറായി വിജയൻ ഒഴികെ മന്ത്രിസഭയിലേക്ക് എത്തുന്ന ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃത്താല എംഎൽഎ എംബി രാജേഷ് ആയിരിക്കും സ്പീക്കര്‍. എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെഎൻ ബാലഗോപാൽ, പി രാജീവ്, വിഎൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആർ ബിന്ദു, വീണാ ജോര്‍ജ്ജ്, വി അബ്ദുൾ റഹ്മാൻ, എന്നിവരെയാണ് മന്ത്രിമാരായി തീരുമാനിച്ചത്. മന്ത്രിമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട കെകെ ശൈലജക്ക് പാര്‍ട്ടി വിപ്പ് സ്ഥാനമാണ് സിപിഎം നൽകിയിട്ടുള്ളത്. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനെയും തീരുമാനിച്ചു. പന്ത്രണ്ട് മന്ത്രിമാര്‍ സിപിഎമ്മിനും നാല് മന്ത്രിമാര്‍ സിപിഐക്കും കേരളാ കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ആണ് രണ്ടാം എൽ ഡി എഫ് സര്‍ക്കാരിൽ ഉള്ളത്.

രണ്ടാം എൽ ഡി എഫ് സർക്കാരിൽ സിപിഐ പുതുമുഖങ്ങളെ മന്ത്രിമാരായി തീരുമാനിച്ചു. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന കൗൺസിലും എക്സിക്യൂട്ടീവും ചേ‍ർന്നാണ് നാല് മന്ത്രിമാരേയും തെരഞ്ഞെടുത്തത്. പി.പ്രസാദ്, കെ.രാജൻ, ജി.ആർ.അനിൽ, ജെ.ചിഞ്ചുറാണി എന്നിവരാണ് സിപിഐയിൽ നിന്നുള്ള മന്ത്രിമാർ. ഇ.ചന്ദ്രശേഖരൻ നിയമസഭാകക്ഷി നേതാവാകും കെ.രാജനാവും ഡെപ്യൂട്ടി ലീഡർ. പാർട്ടി വിപ്പായി ഇ.കെ.വിജയനേയും തെരഞ്ഞെടുത്തു. അടൂർ എംഎൽഎ ചിറ്റയം ​ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുത്തിട്ടുണ്ട്. പാർട്ടി ആസ്ഥാനത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സിപിഐയുടെ മന്ത്രിമാരേയും ഡെപ്യൂട്ടി സ്പീക്കറേയും പ്രഖ്യാപിച്ചത്. രാവിലെ ചേ‍ർന്ന സിപിഐ യോ​ഗത്തിലാണ് മന്ത്രിമാരുടെ കാര്യത്തിൽ അന്തിമധാരണയായത്. ചേർത്തലയിൽ നിന്നും ജയിച്ച പി.പ്രസാദും ഒല്ലൂരിൽ നിന്നും ജയിച്ച കെ.രാജനും മന്ത്രിമാരാകുമെന്ന് നേരത്തെ വ്യക്തമായിരുന്നു.

Leave a Reply

Your email address will not be published.

error: Content is protected !!