കോവിഡ് 19 എന്ന മഹാമാരി ആശുപത്രി ചിലവുകൾ ഭയാനകരമായി വർദ്ധിക്കുന്നതിന് കാരണമായിരിക്കുകയാണ്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സയാണ് ആശുപത്രി ചെലവ് വർദ്ധിക്കുന്നതിനുകാരണമെന്നാണ് ആശുപത്രി നടത്തിപ്പുകാർ പറയുന്നത്. എന്നാൽ കാറ്റുള്ളപ്പോൾ തൂറ്റുക എന്നതുപോലെയാണ് ആശുപത്രികർ ചെയ്യുന്നത്. പത്തു രൂപപോലും ചെലവില്ലാത്ത കഞ്ഞിക്ക് 1600 രൂപ രോഗിയുടെ കൈയ്യിൽ നിന്നും വാങ്ങിയ ആശുപത്രികളാണ് ഇവിടെയുള്ളത്. സർക്കാർ ആശുപത്രികൾക്ക് ഉൾക്കൊള്ളുവാൻ കഴിക്കുന്നതിനേക്കാൾ കൂടുതൽ രോഗികൾ ഉള്ളതിനാലാണ് കുറെ പേരെങ്കിലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുവാൻ നിർബന്ധിതരാകുന്നത്. ഇന്ത്യയിലെ കോവിഡ് -19 സാമ്പത്തിക ശേഷി ഇല്ലാത്തവരെ വളരെ ദോഷകരമായാണ് ബാധിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആരോഗ്യ ഇൻഷുറൻസിന്റെ പരിമിതികൽ മൂലം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് മെച്ചപ്പെട്ട ആശുപത്രി ചികിത്സ നിഷേധിക്കപ്പെടുകയാണ് ഇവിടെ. ഇന്ത്യയിലെ 28.7 ശതമാനം പേർക്ക് മാത്രമാണ് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളത്. ബാക്കിയുള്ള 71.3 ശതമാനം പേർക്ക് സർക്കാർ ആശുപത്രികളെമാത്രമേ ആശ്രയിക്കുവാൻ കഴിയൂ. ഇതുമൂലം സർക്കാർ ആശുപത്രി സംവിധാനങ്ങളിൽ ഉൾക്കൊള്ളുവാൻ കഴിയുന്നതിലും കൂടുതൽ രോഗികൾ എത്തുന്നതിനു കാരണമാകുന്നു. ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, മിസോറം, കേരളം,തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ ഉള്ളവരുടെ എണ്ണം അൽപ്പം ഭേദമാണ്. എന്നാൽ ഹിമാചൽപ്രദേശ്, ജമ്മു ആൻഡ് കശ്മീർ, ഉത്തർപ്രദേശ്, നാഗാലാന്റ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ വളരെ കുറവാണ്. കോവിഡ് ചികിത്സക്ക് ആവശ്യമായി വന്ന തുക അനുവദിക്കാത്ത സ്വകാര്യ ഇൻഷുറൻസ് കമ്പനികളും നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.ലാഭം മാത്രം ലക്ഷ്യമായി കാണുന്ന ഇത്തരം കമ്പനികളെ നിലക്ക് നിർത്താനും കഴയണം. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പിലാക്കുവാനായി മൂന്നു വർഷങ്ങൾക്കു മുൻപ് തീരുമാനിച്ച മെഡിസെപ് പദ്ധതി പോലും നടപ്പിലാക്കുവാൻ സർക്കാരിനു കഴിഞ്ഞില്ല. തുച്ഛ വരുമാനമുള്ള പെൻഷൻകാർക്ക് വലിയ ആശ്വാസമാകുമായിരുന്ന ഒരു രൂപയുടെ പോലും ബാധ്യത ഉണ്ടാകാത്ത പദ്ധതിയായിട്ടുപോലും നടപ്പിലാക്കുവാൻ കേരളത്തിനു കഴിഞ്ഞിട്ടില്ല.പ്രധാന കാരണം ആരോഗ്യ ഇൻഷുറൻസിനെ അതിന്റെ പ്രാധാന്യത്തോടെ വ്യക്തികളും സർക്കാരും ഇതുവരെ കണ്ടിട്ടില്ലയെന്നുള്ളതാണ് . ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് സാർവത്രിക ഇൻഷുറൻസ് പരിരക്ഷ നൽകുവാൻ നമുക്ക് കഴിയണം.ഇൻഷുറൻസ് സാർവത്രികമാകുമ്പോൾ വളരെ തുച്ഛമായാ പ്രീമിയം മാത്രമേ ആവശ്യമായി വരുകയുള്ളു.ആരോഗ്യമേഖലക്ക് വിഹിതം തീരുമാനിക്കുമ്പോൾ സാർവത്രിക ഇൻഷുറൻസ് നടപ്പിലാക്കുന്നതിനുകൂടി വിഹിതം നിശ്ചയിക്കേണ്ടതുണ്ട്. കോവിഡ് എന്ന മഹാമാരി പല കാര്യങ്ങളും പഠിപ്പിച്ചു.അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യം.
ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർ (2015)
സംസ്ഥാനം | ഇൻഷുറൻസ് എടുത്തവർ ശതമാനത്തിൽ |
ആന്ധ്രാപ്രദേശ് | 74.6 |
അരുണാചൽപ്രദേശ് | 58.3 |
ആസ്സാം | 10.4 |
ബീഹാർ | 12.3 |
ഛത്തീസ്ഗഢ് | 15.9 |
ഗോവ | 23.1 |
ഗുജറാത്ത് | 12.2 |
ഹരിയാന | 25.7 |
ഹിമാചൽപ്രദേശ് | 5.7 |
ജമ്മു ആൻഡ് കശ്മീർ | 4.2 |
ഝാർഖണ്ഡ് | 13.3 |
കർണ്ണാടക | 28.1 |
കേരളം | 47.7 |
മദ്ധ്യപ്രദേശ് | 17.7 |
മഹാരാഷ്ട്ര | 15 |
മണിപ്പൂർ | 3.6 |
മേഘാലയ | 34.6 |
മിസോറം | 45.8 |
നാഗാലാന്റ് | 6.1 |
ഒഡീഷ | 47.7 |
പഞ്ചാബ് | 21.2 |
രാജസ്ഥാൻ | 18.7 |
സിക്കിം | 30.3 |
തമിഴ്നാട് | 64 |
തെലങ്കാന | 66.4 |
ത്രിപുര | 58.1 |
ഉത്തർപ്രദേശ് | 6.1 |
ഉത്തരാഖണ്ഡ് | 19.5 |
പശ്ചിമബംഗാൾ | 33.4 |
ഇന്ത്യ ശരാശരി | 28.7 |
സ്രോതസ്സ്: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രലയം, ന്യൂഡെൽഹി .
തയാറാക്കിയത്
ഡോ .സി.പ്രതീപ്