അഫ്ഗാനിസ്ഥാനിൽ അന്താരാഷ്ട്ര മര്യാദയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം പാസാക്കി. അഫ്ഗാൻ മണ്ണ് ഭീകരവാദികളുടെ താവളമാക്കരുതെന്നും താലിബാൻ ഒരു രാജ്യത്തെയും ഭീകരസംഘടനകളെ പിന്തുണയ്ക്കരുതെന്നും ഇന്ത്യയുടെ അധ്യക്ഷതയിൽ ചേർന്ന യുഎൻ രക്ഷാസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചു. സ്ത്രീകളും കുട്ടികളും വൻ ഭീതിയിൽ കഴിയുകയാണെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതി യോഗത്തിൽ ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ചൂണ്ടികാട്ടി. അഫ്ഗാനിസ്ഥാനെ വീണ്ടും ഭീകരപ്രവര്‍ത്തനത്തിന്റെ താവളമാക്കി മാറ്റാതിരിക്കാൻ ഇത് അവസരംകൂടി ആക്കണമെന്നും ഇന്ത്യ നിര്‍ദ്ദേശിച്ചു. മനുഷ്യാവകാശം സംരക്ഷിക്കണം എന്ന ശക്തമായ നിലപാടാണ് രക്ഷാസമിതി യോഗത്തിൽ ഉയര്‍ന്നത്. താലിബാൻ ധാരണ ലംഘിച്ചുവെന്ന് അമേരിക്കയും ബ്രിട്ടണും ആരോപിച്ചു.
അതിനിടെ അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ സഹായിക്കാനായി പ്രത്യേക അഫ്ഗാൻ സെല്ല് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം തുറന്നു. പ്രവാസികളുടെ പുനരധിവാസം കൈകാര്യം ചെയ്യുകയാണ് സെല്ലിൻ്റെ ലക്ഷ്യം. +919717785379 എന്ന ഫോൺ നമ്പറിലും MEAHelpdeskIndia@gmail.com എന്ന മെയിൽ ഐഡിയിലും സഹായം ആവശ്യപ്പെടാം.