കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകൾ ഉൾപ്പടെയുള്ളവയുടെ നികുതി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനമായി. വെന്റിലേറ്റർ, മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, കോവിഡ് പരിശോധന കിറ്റ്, ഓക്സിജൻ കോൺസൻട്രേറ്റ്, ബൈപാപ്പ് മെഷീൻ എന്നിവയുടെ ജിഎസ്ടി 12ശതമാനത്തിൽനിന്ന് അഞ്ചുശതമാനമയി കുറച്ചു. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നായ ആംഫോടെർസിൻ ബിയെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കുകയുംചെയ്തിട്ടുണ്ട്. എന്നാൽ വാക്സിന്റെ ജിഎസ്ടിയിൽ മാറ്റംവരുത്തിയില്ല. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 30വരെയാകും ബാധകമാകുക. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴിയാണ് 44-ാമത് ജിഎസ്ടി കൗൺസിൽ യോഗംചേർന്നത്.