ഇന്ന് (ജൂൺ 21) ലോകം മുഴുവൻ യോഗാദിനമായി ആചരിക്കുന്നു. എന്താണ് യോഗ? യോഗയെന്ന പദത്തിനർത്ഥം ഒരുമിക്കുക അഥവാ കൂടിച്ചേരുക എന്നതാണ്. എന്താണ് ഒരുമിക്കേണ്ടത്? നമ്മുടെ മനസ്സും നമ്മുടെ ശരീരവും,
അതായത് നമ്മുടെ പ്രവർത്തികളും ചിന്തയും ഒരുമിക്കുന്ന കലയാണ് യോഗയെന്ന് പറയുന്നത്. ആധുനിക ലോകത്തിൽ പലതരം സംഘർഷങ്ങളിലൂടെ നമ്മുടെ ജീവിതം കടന്നുപോകുമ്പോൾ ശരീരത്തിനും മനസ്സിനും വേണ്ടത്ര വിശ്രമം ലഭിക്കാത്ത അവസ്ഥയുണ്ടാകുന്നുണ്ട്.
അങ്ങനെയുള്ള സമയം, ശരീരവും മനസ്സും ഒരുപോലെ ക്ഷീണിക്കുകയും വേണ്ട രീതിയിൽ ഏകോപനമുണ്ടാവാതെ നമ്മുടെ പ്രവർത്തനങ്ങൾ താറുമാറാവുന്നു.
അതുകൊണ്ട് നമ്മളിലുണ്ടാകുന്ന സംഘർഷങ്ങൾ എങ്ങനെ കുറയ്ക്കാം എന്നതാവണം ആരോഗ്യത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യം ആലോചിക്കേണ്ടത്. അതു സാധ്യമാവണമെങ്കിൽ നമുക്ക് നമ്മളെക്കുറിച്ചുതന്നെ വ്യക്തമായ ഒരവബോധം ഉണ്ടായിരിക്കണം. എന്താണ് നമുക്ക് വേണ്ടത്? ഇങ്ങനയാണോ നമ്മൾ ജീവിക്കേണ്ടത്? എങ്ങനെ നമ്മുടെ തിരക്കുകൾ കുറയ്ക്കാൻ പറ്റും ? ജീവിതം സമാധാനപരമാക്കാനാവശ്യമായ ഇടപെടലുകൾ എങ്ങനെ വരുത്താം?
ഇത്തരം കാര്യങ്ങൾക്ക് ഒരുത്തരം കണ്ടെത്താൻ യോഗ നമ്മെ സഹായിക്കുന്നു.
യോഗ
- ശ്രദ്ധ
- ശ്വസനം
- അവബോധം.
ഈ മൂന്നുകാര്യങ്ങളും ഒരുമിക്കുമ്പോൾ ഒരു മെച്ചപ്പെട്ട ശാരീരിക ,മാനസിക ആരോഗ്യത്തിലേക്ക് നമ്മൾ എത്തിച്ചേരും. വളരെ ലളിതമായ പരിശീലനത്തിലൂടെ നമ്മുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിച്ച് ഭേദപ്പെട്ട ഒരു ജീവിതാവസ്ഥയിലേക്ക് മാറാവുന്നതാണ്.
ദൈനംദിന ജീവിതത്തിൽ ഇടപെടുമ്പോൾ നമ്മൾ വിവിധങ്ങളായ സമ്മർദ്ദങ്ങളിലൂടെ കടന്നുപോയേ മതിയാവുള്ളു. എന്നാൽ ഇതൊക്കെ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ പിരിമുറുക്കമില്ലാത്ത ഇടവേളകൾ നമുക്കാവിശ്യമാണ്. ആ ഇടവേളകളിലേക്ക് എങ്ങനെ എത്താം എന്ന് യോഗ നമുക്ക് വഴി കാണിക്കുന്നു.
ശരീരത്തിനും മനസ്സിനും ആവിശ്യമുള്ള വിശ്രമം നല്കിക്കൊണ്ട് ഇവ തമ്മിലുള്ള സന്തുലനം നിലനിർത്തേണ്ടതെങ്ങനെ എന്നുള്ളതാണ് യോഗയിലൂടെ നമുക്ക് മനസ്സിലാക്കാവുന്ന പ്രധാനപ്പെട്ട കാര്യം.
നമ്മുടെ ചിന്തകൾ കൃത്യമായും വേണ്ട വിധത്തിലും ക്രമീകരിക്കപ്പെടുമ്പോൾ നമ്മുടെ പ്രശ്ന പരിഹാരങ്ങൾ താരതമ്യേനെ അനായാസമാകും.
അതുകൊണ്ട് നമ്മൾ നമുക്കു വേണ്ടി ഒരു സമയം കണ്ടെത്തേണ്ടതുണ്ട്. ഒരിടവും . നമ്മുടെ ഇടങ്ങളിൽ ഇരുന്നു കൊണ്ട് ദിവസം യോഗ പരിശീലിക്കാം. ശരിയായ മനസ്സിന്റെയും ശരിയായ ശരീരത്തിന്റെയും ശരിയായ കൂടിച്ചേരലിന്റെയും ഇടമായ യോഗയെ അറിയാം. ജീവിതം കുറച്ചു കൂടി എളുപ്പമുള്ളതാക്കാം. നന്ദി
സംഗീത് ബാലചന്ദ്രൻ YIC, MSc Yoga