അമൻ കീ ആഷ

അമൻ കീ ആഷ …(ശാന്തിയുടെ പ്രതീക്ഷ)
(അനുഗ്രഹീത ഉർദു കവി ഗുൽസാർ എഴുതിയത്)

പുലർകാലത്ത് ഒരു കിനാവ് കതകിൽ തട്ടി.
തുറന്നുനോക്കി.
അതിർത്തിയ്ക്കപ്പുറത്തുനിന്ന്
ഏതാനും വിരുന്നുകാരായിരുന്നു.

കണ്ണുകൾ നിരാശങ്ങളായിരുന്നു.
മുഖങ്ങൾ മ്ലാനമായിരുന്നു.

കൈകാലുകൾ കഴുകിച്ചു
അവർക്ക് ഇരിപ്പിടമൊരുക്കി
തന്തൂറിൽ ചോളത്തിന്റെ റോട്ടികൾ ചുട്ടെടുത്തു

തങ്ങളുടെ ഭാണ്ഡത്തിൽ വിരുന്നുകാർ
എനിയ്ക്കായി , പോയവിളവുകാലത്തെ
ശർക്കര കൊണ്ടുവന്നിരുന്നു.

കണ്ണുതുറന്ന് നോക്കിയപ്പോൽ
വീട്ടിൽ ആരുമില്ലായിരുന്നു.
തൊട്ടുനോക്കി-
തന്തൂർ അപ്പോഴും അണഞ്ഞിരുന്നില്ല
ശർക്കരയുടെ മധുരം
നാക്കത്ത് തങ്ങിനിൽക്കുന്നുണ്ടായിരുന്നു.

ഒരു പക്ഷെ സ്വപ്നമായിരുന്നിരിയ്ക്കാം
അതെ, അത് സ്വപ്നംതന്നെ ആയിരിക്കണം.

പോയരാത്രി അതിർത്തിയിൽ
വെടിവെപ്പുണ്ടായതായി കേട്ടിരുന്നു.
പോയരാത്രി അതിർത്തിയിൽ
ഏതാനും സ്വപ്നങ്ങൾ കശാപ്പുചെയ്യപ്പെട്ടിരുന്നു.

പരിഭാഷ : ശ്രീകുമാർ കക്കാട്

error: Content is protected !!
onwin