അർമേനിയയിലൂടൊരു യാത്ര

ഭാഗം 1

കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് ഭീതിയിൽ മുഖം മറച്ച് മനസ്സു മരവിച്ച ജയിലിൽ നിന്ന് ഒരു മോചനം ആയിരുന്നു അർമേനിയയിലെ 15 ദിവസ്സങ്ങൾ. ഇവിടെ എല്ലാം പഴയ കാലത്തെ പോലെ തന്നെ. മാസ്കുകൾ ഇല്ലാത്ത, ലോക്ക് ഡൌൺ ഇല്ലാത്ത തികച്ചും സ്വാതന്ത്ര്യമായി ജീവിച്ചു പോകുന്ന ജനത.. ലോകത്ത് ഇങ്ങനെ ഒരു സംഭവം നടക്കുന്നു എന്ന് ആരും അറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നേയില്ല. ഹോട്ടലിൽ ജോലി ചെയ്യുന്ന ചിലർ മാത്രം കോവിഡ് അറിഞ്ഞിട്ടുണ്ടെന്നു മനസ്സിലായി.

അവിചാരിതമായ ഒരു അത്യാവശ്യത്തിനു വേണ്ടി കുറഞ്ഞ ദിവസങ്ങൾ അവധി എടുത്ത് ദുബായിൽ നിന്നും ഇന്ത്യയിലേക്ക് പോയ യാത്ര, ആദ്യം ചെന്നൈയിലും പിന്നെ വെല്ലൂരും കുറച്ച് ദിവസ്സം പ്രിയ സഹോദരനോടൊപ്പം തങ്ങി.( അതൊരവസ്സാന കൂടിക്കാഴ്ച്ചയായിരുന്നു. അവൻ വിടപറഞ്ഞു സന്തോഷം മാത്രമുള്ള ലോകത്തേയ്ക്ക് യാത്രയായി.) കാഡ്പാടിയിൽ നിന്നും തീവണ്ടിയിൽ തൃശ്ശൂരിലേയ്ക്ക്. തൃശൂരിൽ സ്വന്തം ഗ്രാമമായ ചേറ്റുവയിൽ കുടുംബത്തോടൊപ്പം മൂന്ന് നാലുദിവസം. പിന്നീട് ഇന്ത്യയുടെ തലസ്ഥാന മായ ഡൽഹിയിൽ കുറച്ച് ദിവസം താമസിച്ചു. അവിടെ നിന്നും നേരെ Armenia യിൽ എത്തിച്ചേർന്നു.

2019-ൽ യാത്ര ഇഷ്ടപ്പെടുന്ന സുഹൃത്തുക്കൾ, പ്രമോദും അൻവറുംകൂടി അർമേനിയ- ജോർജിയ-അസർബൈജാൻ ഒരു യാത്ര പ്ലാൻ ചെയ്തിരുന്നു. അത് ചില കാരണങ്ങളാൽ ടാൻസാനിയയിലേക്ക് മാറ്റി. ടാൻസാനിയയ്ക്കും എത്യോപ്പിയയ്ക്കും ശേഷം, കൊറോണ എല്ലാ യാത്രാ പ്ലാനുകളും താറുമാറാക്കി.
കഴിഞ്ഞ രണ്ടു വർഷങ്ങൾ യാത്രകൾ നഷ്ടപ്പെട്ട ദുഃഖത്തിലിരിയ്ക്കുമ്പോഴാണ് ഒരു വെടിയ്ക്ക് രണ്ടു പക്ഷികളെ പോലെ ഇന്ത്യയിൽ നിന്നുള്ള തിരിച്ചു വരവ് അർമേനിയ വഴി നിർബന്ധമായത്!

ഏകദേശം അർമേനിയൻ സമയം നാലു മണിയോടെയാണ് ഞങ്ങൾ തലസ്ഥനമായ YEREVAN -നിലെ Zvartnots International Airport – ൽ എത്തുന്നത് . പകലിനു നല്ല വെളിച്ചമാണെങ്കിലും ചെറിയ ചാറ്റൽ മഴയും തെളിഞ്ഞ ആകാശവുമായിരുന്നു. ആഗസ്റ്റു മാസം സമ്മർ കാലമായതു കൊണ്ടുതന്നെ, സൂര്യൻ അസ്തമിയ്ക്കുന്നത് വൈകീട്ട് 8 .45 നും 9 മണിയ്ക്കും ഇടയിൽ ആയിരുന്നു. അതുവരെ നല്ല വെയിലാണെങ്കിലും ചൂട് കുറവാണ്. ഒരു 24 degree സെൽഷ്യൻസ് വരെ ചൂട് ഉണ്ടാകുമായിരുന്നു. എങ്കിലും നിറയെ മരങ്ങൾ നിറഞ്ഞ വീഥികളുടെ തണലിൽ ഒന്ന് ഇരിയ്ക്കുമ്പോഴേയ്ക്കും ചൂട് തോന്നുകയേയില്ല, നേരിയ തണുപ്പ് മാത്രം.

ലോകത്തിലെ ഏറ്റവും പഴയ രാജ്യങ്ങളിൽ ഒന്നാണ് അർമേനിയ. സോവിയറ്റ് യൂണിയനിൽ നിന്നും 1991 സെപ്റ്റംബർ 21-ആം തീയ്യതിയാണ് അർമേനിയ ഒരു സ്വതന്ത്ര രാഷ്ട്രമായി നിലവിൽ വന്നത്. അതുവരെ അർമേനിയയ്ക്ക് ഒട്ടോമൻ സാമ്രാജ്യത്തിൽ നിന്നും അനുഭവിയ്ക്കേണ്ടിവന്ന കഷ്ടതകളുടെയും ക്രൂരതകളുടെയും വംശഹത്യയുടേയും ചരിത്രം നോക്കിയാൽ മനുഷ്യകുലം ഒന്നടങ്കം ലജ്ജകൊണ്ടും പശ്ചാത്താപം കൊണ്ടും തലകുനിയ്ക്കേണ്ടി വരും. അതുകൊണ്ടുതന്നെയാണ് ഈ കൊടും ക്രൂരതയ്ക്കുള്ള ഉത്തരാവാദിത്വം ഏറ്റെടുക്കാൻ ഇന്നും തുർക്കി തയ്യാറാവാത്തതും.

ലോകത്തിലെ ആദ്യത്തെ ക്രിസ്ത്യൻ രാഷ്ട്രമായ അർമേനിയയിൽ നാലായിരത്തിൽ കൂടുതൽ മൊണാസ്ട്രികളെങ്കിലും ഉണ്ടെന്നാണ് കണക്ക്. ഞാൻ മതങ്ങളിലോ മതചരിത്രങ്ങളിലോ അധികം താല്പര്യവാനല്ല. മതങ്ങൾ ലോകത്തിനു സമ്മാനിച്ചിട്ടുള്ള നന്മയും തിന്മയും തുലനം ചെയ്താൽ, തിന്മയുടെ താഴ്ന്ന തട്ടിൽ ചോരയും തലയോട്ടികളും വിഭാഗീയതയും വിഭജനവും മാത്രമായിരിയ്ക്കും.

ഇന്നും നീറി പുകയുന്ന അണ്വായുധങ്ങൾ പോലെ വിഷം പുകയുന്ന തലച്ചോറുകളാണ് നമുക്കു ചുറ്റും എന്നും വ്യക്തമുള്ളതു കൊണ്ട് തന്നെയാണ്, മതത്തെ എതിർത്തു സംസാരിയ്ക്കാൻ തുനിയുമ്പോൾ പിടയ്ക്കുന്ന ഹൃദയമുള്ളവരുടെ ഇടയിൽ മൗനമാകുന്നത്. സ്നേഹത്തിന്റെ കാര്യത്തിൽ അങ്ങേയറ്റം ആദരവുമുള്ളവർ തന്നെ മതം പറയുമ്പോൾ വാക്കുകളിൽ വാളുകളുടെ മൂർച്ച ഒളിപ്പിച്ചുവെയ്ക്കുന്നതു വായിച്ചെടുക്കാൻ മനശാസ്ത്രത്തിന്റെ ആവശ്യമില്ല, അവരുടെ കണ്ണുകളിൽ ഒന്നു സൂക്ഷിച്ചു നോക്കിയാൽ മതി. ഏതു പുരോഗമനവും കമ്മ്യുണിസവും സെക്യൂലറിസവും പറയുന്നവരുടെ കണ്ണുകളിൽ വിദ്വേഷത്തിന്റെ അഗ്നിനാളം നിഴലിയ്ക്കുന്നതു കാണാം. അത്രയ്ക്കും ക്രൂരത നിറഞ്ഞ ഒരു ലഹരിയാണ് മതം എന്നതു കൊണ്ടു തന്നെ മതസംവാദങ്ങളിൽ അതിനുതകുന്നവരുമായി സാധ്യതയുണ്ടെങ്കിൽ മാത്രം സംസാരിയ്ക്കുക എന്നതാണ് ഇപ്പോഴത്തെ വഴി. മതം, രക്തമൊഴുക്കി ക്രൂരത നിറഞ്ഞ ചരിത്രമുണ്ട് യൂറോപ്പിനെങ്കിലും അവർ മതത്തെ പതിയെ പതിയെ പാടെ തള്ളിക്കളഞ്ഞു ശുദ്ധീകരിച്ചു മാനവികതയിലേയ്ക്ക് എത്തിച്ചേർന്നെങ്കിൽ, ഇന്ത്യയും പരിസര രാജ്യങ്ങളും ഇന്ന് പോകുന്നത് ഗോത്ര സംസ്കാരത്തിലേയ്ക്ക് പുറകോട്ടുള്ള യാത്രയാണെന്നു മനസ്സിലാക്കാകുമ്പോൾ ഒരു വലിയ വിപത്ത് നാം സ്വയം ഒരുക്കുന്നു എന്ന് വേണം കരുതാൻ. മതത്തെ കാരുണ്യത്തിന്റെയും കനിവിന്റെയും സമാധാനത്തിൻേറയും പ്രതീകമായി അവതരിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നതിനു മുൻപ്, ഓരോ മതത്തിന്റെയും ചരിത്രപരമായ യാഥാർഥ്യത്തെ ഒന്ന് അറിയാൻ ശ്രമിച്ചാൽ മതി. മതം, പറയാൻ പോലും അറയ്ക്കുന്ന ഒരു വിഴുപ്പാണ് എങ്കിലും ഒരു രാഷ്ട്രത്തിന്റെ ചരിത്രവുമായി ഇഴുകിച്ചേർന്നു കിടക്കുന്ന വസ്തുതകളുടെയും സംസ്കാരത്തിൻെറയും ഭാഗമായതിൽ ഇവിടെ മതത്തെ തള്ളി കളയാൻ പറ്റില്ലല്ലോ.

(തുടരും)

ഷാജി എൻ പുഷ്‌പാംഗദൻ

രണ്ടാം ഭാഗം ഈ ലിങ്കിൽ ലഭ്യമാണ്

error: Content is protected !!