അർമേനിയയിലൂടൊരു യാത്ര.. 2

അർമേനിയയിൽ ഇംഗ്ലീഷ് സാസംസാരിയ്ക്കുന്നവർ നന്നേ കുറവാണ്. എങ്കിലും ഇന്ന് ഡിജിറ്റൽ യുഗം ആയതു കൊണ്ട് ഒരു മൊബൈൽ ഉണ്ടായാൽ എല്ലാം വളരെ പെട്ടെന്ന് കമ്മ്യൂണിക്കേറ്റു ചെയ്യാനും , ട്രാൻസ്ലേറ്റ് ചെയ്യാനും ഞൊടിയിടയിൽ സാധ്യമാകുന്നു എന്നത് കൊണ്ട് ഈ യാത്ര എന്തുകൊണ്ടും എളുപ്പമായിരുന്നു.

എത്ര മനോഹരമായ ഒരു രാജ്യം; അതിനേക്കാളേറെ നന്മയുള്ള മനുഷ്യർ. ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നായ അർമേനിയയ്ക്ക് റോമിനെക്കാൾ 30 വർഷംകൂടുതൽ പഴക്കമുണ്ടെന്നാണ് അറിയുന്നത്.

അർമേനിയയുടെ തലസ്ഥാനമായ Yerevan എത്ര സുന്ദരമായിട്ടാണ് ക്രമീകരിച്ചിരിയ്ക്കുന്നത്.
ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങൾ ചിലവിട്ട ശേഷം എത്തിയതു കൊണ്ടാകും.
ഇന്ത്യയ്ക്കുള്ള എല്ലാ പരിമിതികളും വിസ്മരിച്ചിട്ടല്ല ഇത് എഴുതുന്നത്. ഒരു താരതമ്മ്യത്തിനു മുതിരുന്നതിനു മുൻപേ അറിയാം, പല തരത്തിലുള്ള ചോദ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും. ദേശീയതയും ഇന്ന് വലിയ അളവിൽ ലഹരിയായി മാറിയിട്ടുണ്ടല്ലോ. എ ങ്കിലും എതിർ അഭിപ്രായങ്ങളെയും സ്നേഹത്തോടെ സ്വാഗതം ചെയ്ത് കൊണ്ട് തന്നെ കുറിയ്ക്കട്ടെ, ഒരു ചെറിയ രാജ്യമായ ആർമേനിയയുടെ ആകെ ജനസംഖ്യ മൂന്ന് മില്യൺ താഴെ മാത്രമാകുമ്പോൾ ഇന്ത്യയുടേത് 1300 മില്യൺ. വിസ്തൃതിയിൽ അർമേനിയെക്കാൾ 111 മടങ്ങു വലിപ്പമാണ് ഇന്ത്യയ്ക്ക്. ഇന്ത്യയുടെ GDP 2,870.5 billion U.S. dollars ആണെങ്കിൽ അർമേനിയയുടെ
12 .34 billion U.S Dollars മാത്രമേ വരുന്നുള്ളൂ.

മൊണാസ്ട്രികളുടെയും വീഞ്ഞിന്റെയും പറുദീസയാണ് അർമേനിയ. എയർപോർട്ടിൽ നിന്ന് പുറത്തേയ്ക്കു കടക്കുമ്പോൾ ആദ്യം കണ്ട റൌണ്ട് അബൗട്ടിൽ KARAS എന്നെഴുതിയ ഒരു വലിയ വീഞ്ഞിൻ കുപ്പിയാണ് ചിത്രത്തിൽ കാണുന്നത്.

എയർപോർട്ടിൽ നിന്നും ഹോട്ടലിലേയ്ക്ക് പോകാനുള്ള വണ്ടി കാത്ത് നിൽക്കുമ്പോൾ ചുറ്റുമുള്ള കാഴ്ച്ചകൾ കാണുകയായിരുന്നു. എത്രയോ ആനന്ദമായി പൊട്ടിചിരിച്ചിട്ടാണ് വയസ്സായവർ പോലും അതിഥികളെ ആലിംഗനം ചെയ്തും ഉമ്മ വച്ചും സ്വീകരിയ്ക്കുന്നത്. നമ്മൾ മലയാളികൾ ഒന്ന് കെട്ടിപ്പിടിയ്ക്കാനോ, സ്വന്തം കുട്ടികളെ പോലും ഒന്ന് ഉമ്മവെയ്ക്കാൻ പോയിട്ട് ഒന്ന് ചിരിയ്ക്കാൻ പോലും മടിയാണ്. വയസാകുംതോറും നമ്മുടെ ജനങ്ങൾക്ക് ലോകത്തിനോട് മുഴുവൻ വെറുപ്പാണെന്നുള്ള ഭാവം മാത്രം. ഓരോ വീട്ടിലെയും വൃദ്ധർ ഉമ്മറത്തോ ഒഴിഞ്ഞ മൂലയിലോ മനുഷ്യരിൽ നിന്നും മുഖം തിരിച്ചു നിർവികാരത മാത്രം മുഖത്തണിഞ്ഞ് ഇരിയ്ക്കുന്നതുകാണുമ്പോൾ, മറ്റുള്ള രാജ്യങ്ങളിൽ വൃദ്ധരാണ് ഏറ്റവും സന്തുഷ്ടരും ആഘോഷിയ്ക്കുന്നവരും, എന്തിനു സാഹസികയാത്രകളിൽ പോലും മുൻപന്തിയിൽ എന്നു തോന്നിയിട്ടുണ്ട്.

എയർ പോർട്ടിനു മുന്നിൽ ഓരോന്നും നോക്കിനിൽക്കുമ്പോൾ ഒരു കാഴ്ച; വൃദ്ധ ദമ്പതികൾ എയർ പോർട്ടിൽ നിന്നും ഇറങ്ങിവരുന്നത് കണ്ടു ഒരു കൂട്ടം കുടുംബക്കാർ, ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും അവർക്കു നേരെ കൈകൊട്ടി പാട്ടുപാടി കെട്ടിപ്പിടിച്ചും ആലിംഗനം ചെയ്തും പൊട്ടിച്ചിരിച്ച് എതിരേൽക്കുന്നു. ഏതോ യാത്ര കഴിഞ്ഞ്, അല്ലെങ്കിൽ മക്കളുടെ വീട്ടിലേയ്ക്കു വരുന്ന മാതാപിതാക്കാൾ ആകണം. ആ വൃദ്ധ ദമ്പതികൾ അവരോടൊപ്പം പൊട്ടിച്ചിരിച്ചു നൃത്തം വെച്ച് ആലിംഗനം ചെയ്തു കൂട്ടത്തോടെ പോകുന്നതു കണ്ടു. ഒരു രാജ്യത്തിലെ ജനങ്ങൾ എത്രയും സന്തോഷവാന്മാരെണെന്നു മനസ്സിലാക്കാൻ
എളുപ്പം എപ്പോഴും എയർപോർട്ടുകളിൽ നിന്നാണെന്ന് തോന്നുന്നു .

സിറ്റിയിൽ നിന്നും 25 മിനിറ്റു വണ്ടി ഓടി ഞാൻ ആഗ്രഹിച്ച പോലെ തന്നെ ഒരു നാട്ടിൻ പുറത്ത്, മനോഹരമായ Etchmiadzin എന്ന മറ്റൊരു സ്ഥലത്ത് എത്തിച്ചേർന്നു.

pic. Etchmiadzin

ഒരു രാജ്യത്തിന്റെ ക്യാപിറ്റലിലോ വലിയ സിറ്റിയിലോ താമസിയ്ക്കുന്നത് ഒരു യാത്രക്കാരനെ സംബന്ധിച്ച് നല്ലതാണെന്ന് തോന്നുന്നില്ല. കാരണം ലോകത്തിലെ എല്ലാ നഗരങ്ങൾക്കും ഒരേ മുഖമായിരിയ്ക്കും. യാത്ര പരിപൂർണ്ണമാകണമെങ്കിൽ ആ രാജ്യത്തിന്റെ സിരകളിൽ, ഗ്രാമങ്ങളുടെ വഴിയോരങ്ങളിൽ, കർഷകരുടെ ഇടയിൽ, സാധരണക്കാരായ മനുഷ്യരുടൊപ്പം ജീവിയ്ക്കണം. ആ രാജ്യത്തിലെ വീടുകൾ, വസ്ത്രം, ഭക്ഷണം, കൃഷി, അങ്ങനെ ഒരു ദിവസത്തെ ജീവിതരീതി മനസ്സിലാക്കണം എന്നതായിരിയ്ക്കണം ഒരു യാത്രയുടെ ലക്ഷ്യം.

ഈ യാത്ര 14 ദിവസവും ഓരോ മൂക്കിലും മൂലയിയിലും പോകാൻ പറ്റുന്നിടത്തോളം യാത്രചെയ്യണം എന്നത് പ്ലാൻ ചെയ്തിട്ടാണ് ഇവിടെ വന്നത്. ഇതിനു മുൻപ് അർമേനിയയിൽ വന്നു പോയിട്ടുള്ള ആത്മ സുഹൃത്തുക്കളായ യാത്രികർ സോണി,ദീപ, പ്രമോദ്,അൻവർ എന്നിവരോട് ചർച്ച നടത്തി. അർമേനിയയിൽ, താമസിയ്ക്കുന്ന ഹോട്ടലിൽ യാത്രയെ കുറിച്ചു പറഞ്ഞു ബോധവൽക്കരിച്ച് ഇഷ്ടപെടുന്ന പറ്റിയ 4 പേരെയെങ്കിലും കിട്ടണം, അല്ലെങ്കിൽ യാത്ര ചിലവേറുമല്ലോ. ഒറ്റയ്ക്ക് ഉള്ള യാത്ര എപ്പോഴും ഇഷ്ടമാണെങ്കിലും കൂട്ടത്തോടെയുള്ള യാത്രയും മറ്റൊരു തരത്തിൽ ആനന്ദകരമാണ്. കുറേ നല്ലവരായ ടൂർ ഗൈഡുകളുടെ നമ്പർ എനിയ്ക്കു സുഹൃത്തുക്കൾ തന്നിട്ടുണ്ടെങ്കിലും ഹോട്ടലിൽ നിന്നും പരിചയപ്പെട്ട Almast എന്ന യുവതിയായ ടൂർ ഗൈഡിനെ തന്നെ അർമേനിയ വിട്ടുപോരുന്ന അന്ന്വരെ ഒരു കുടുംബ സുഹൃത്തിനെ പോലെ കൂടെ കൂട്ടി . Almast എന്നാൽ ഡയമണ്ട് എന്നാണ് അറബിയിലും അർമേനിയയിലും അർത്ഥം. നന്നായി ഇംഗ്ലീഷ് പറയുകയും നല്ല ക്ഷമാശീലവും ഉള്ള Almast ഞങ്ങളുടെ ഇഷ്ടമനുസരിച്ച് യാത്ര ഒരുക്കി. അങ്ങനെയാണ് യാത്ര ഇഷ്ടമുള്ള ശ്രീജിത്ത്, പവൻ, പ്രിൻസ്, രാഹുൽ എന്നിവരെ തപ്പിയെടുത്തത്. പിന്നെ ഇടയ്ക്കു ചില ദിവസങ്ങളിൽ വന്നു ചേരുന്നവരെയും കൂട്ടി.

Georgea , Iran , Turkey ,Azerbaijan എന്നിവയാണ് അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ.
15 ലക്ഷം കുട്ടികളും സ്ത്രീകളും അടങ്ങുന്ന ജനങ്ങളെ ക്രൂരമായി വംശഹത്യചെയ്തത് വേദനയോടെ അനുഭവിച്ച രാജ്യം. ഇന്നും ആ വേദനയിൽ നിന്നും ആ രാജ്യം മോചനം നേടിയിട്ടില്ല. ആ കദനകഥകൾ പറഞ്ഞു കണ്ണുകൾ ഈറനണിയുന്ന അർമേനിയൻ ജനതയുടെ മുഖത്ത് നോക്കാൻ പോലും ചില സമയങ്ങളിൽ ദുഃഖം തോന്നും.
അർമേനിയയിൽ ജീവിക്കുന്ന ആളുകളേക്കാൾ കൂടുതൽ അർമേനിയയ്ക്കു പുറത്തതാണെന്നത്രെ ജീവിയ്ക്കുന്നത്. 30 ലക്ഷം ജനങ്ങൾ അർമേനിയക്കാർ രാജ്യത്തുതന്നെ ജീവിയ്ക്കുമ്പോൾ, 70 ലക്ഷം അർമേനിയൻ ജനത പുറത്ത് 120 രാജ്യങ്ങളായി സന്തോഷത്തോടെ ജീവിയ്ക്കുന്നു.

ARARAT mountain

വിശ്വാസികളിൽ, ബൈബിളിൽ എഴുതപെട്ട നോഹയുടെ പേടകം ഇടിച്ചുനിന്നത് എന്നു വിശ്വസിയ്ക്കുന്ന അതിമനോഹരമായ മഞ്ഞുതൊപ്പിയിട്ട ARARAT പർവ്വതം അർമേനിയയുടെ സ്വന്തമായിരുന്നെങ്കിലും ഇന്ന് അത് തുർക്കിയുടെ അധീനതയിൽ ആണ്. തകർത്തു കളയുകയും പിടിച്ചെടുക്കുകയും ചെയ്ത നൂറുകണക്കിനു പഴയ മൊണാസ്ട്രികളും എല്ലാ പൈതൃകങ്ങളും AZERBAIJAAN ഉം TURKEY യും വിഴുങ്ങി കൊണ്ടിരിയ്ക്കുന്നു. അർമേനിയയുടെ 2300 ചർച്ചുകളും 400 ലേറെ മൊണാസ്ട്രികളും 2000 ലേറെ സ്കൂളുകളും തുർക്കി കൈയ്യടക്കുകയും തകർത്തുകളയുകയും ചെയ്തു. ഒരു ജനതയെ വട്ടമിട്ടു പറക്കുന്ന കഴുകന്മാരെ പോലെ അധിനിവേശം അതിർകൾക്കപ്പുറത്ത് നിന്ന് തലനീട്ടുമ്പോഴും, ARARAT ഇന്നും അർമേനിയയുടെ സ്വന്തമാണെന്നു വിശ്വസിയ്ക്കാനാണ് അർമേനിയക്കാർക്കും ലോകത്തിലെ മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കും ഏറെ ഇഷ്ടം!

(തുടരും)

ഷാജി എൻ പുഷ്‌പാംഗദൻ

ആദ്യഭാഗം വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

error: Content is protected !!