ഏകദേശം പതിനഞ്ച് വർഷങ്ങൾക്ക് മുൻപാണ് രാവിലെ ജോലിക്ക് പോകാനായി underground സ്റ്റേഷനായ bank സ്റ്റേഷനിൽ നിന്നും പുറത്തേക്ക് പോകുകയായിരുന്നു. വലിയ സ്റ്റേഷനാണ്, നീണ്ട ഇടനാഴികളിലൂടെ കുറേ ദൂരം സഞ്ചരിക്കണം പുറത്തേക്കെത്താൻ. ഈ വഴികളിൽ യാത്രക്കാരെ രസിപ്പിക്കുന്നതിനായി ലണ്ടൻ കോർപ്പറേഷന്റെ സാമ്പത്തിക സഹായത്തോടെ അരങ്ങേറുന്ന നിരവധി കലാ പ്രകടനങ്ങൾ പതിവുള്ള കാഴ്ചയാണ്. ഇപ്പോഴും. പക്ഷേ അന്ന് ഒരു വ്യത്യസ്ത ശബ്ദം എന്നെ പിടിച്ചു നിർത്തി. നോക്കുമ്പോൾ ആഫ്രിക്കൻ വംശജനായ ഒരാൾ അതിമനോഹരമായി തബല വായിക്കുന്നു.വെന്റിലേഷൻ ഒന്നുമില്ലാത്ത നീണ്ട ഇടനാഴിയുടെ ഭിത്തികളിൽ തട്ടി ആ മാന്ത്രീകശബ്ദം ഘന ഗാoഭീര്യത്തോടെ അങ്ങനെ അലയടിക്കുകയാണ്. കേട്ടു നിന്നു. ഇടവേളയിൽ അന്വേഷിച്ചു എന്താണ് തബലയെന്ന താരതമ്യേന പാശ്ചാത്യർക്ക് അപരിചിമായ ഈ ഡ്രം പഠിക്കാനും പെർഫോമം ചെയ്യണമെന്ന് തോന്നാനുമുള്ള കാരണവും പ്രചോദനവും..?
പുള്ളിക്ക് ഒറ്റ ഉത്തരമേയുണ്ടായിരുന്നുള്ളൂ,
ഉസ്താദ് സക്കീർ ഹുസൈൻ..!
ഇന്ന് പതിറ്റാണ്ടുകളായി ആ നീണ്ട വിരലുകൾ കൊണ്ട് രസകരമായി വായിച്ചിരുന്ന ഏറ്റവും പ്രിയപ്പെട്ട തബലയെന്ന പുസ്തകം അക്ഷരങ്ങൾ നഷ്ടപ്പെട്ട് അനാഥമായി.!
ഗാനത്തോട് ചേർന്ന് തുടർച്ചയായി വായിക്കപ്പെടുന്നവയെന്ന സാമാന്യ താളവാദ്യ വർഗ്ഗീകരണങ്ങളിൽൽ നിന്ന് തബലയെന്ന കൊട്ടുവാദ്യത്തിന് “തനത്” എന്ന സ്വത്വപൂർണ്ണത സംഭാവന ചെയ്ത് കടന്നു പോയ മഹാരഥന്മാർക്കൊപ്പം ഇനി ഉസ്താദ് സക്കീർ ഹുസൈനും.
“ആസ്വാദകനും തബലക്കും ഇടയിലെ ഒരേയൊരു ഭാഷയായിരുന്ന, കൊട്ടുവാദ്യപ്പെരുമയുടെ ഉടൽപൂണ്ട ആ വിരലുകൾ ഇനി ഞങ്ങൾക്ക് സ്വന്തം…”
നക്ഷത്രങ്ങൾ സന്തോഷത്തിലാണ്…!!!
വിട ഉസ്താദ്…!
രവി ബിനുരാജ്