അമ്മമൊഴി ഭാഗം രണ്ട്

ഭാഷാപഠനം എങ്ങനെ?

ശരിയായ ഭാഷ കേൾക്കുക, ഭാഷ ശരിയായി പറയുക, ഭാഷ ശരിയായി എഴുതുക. ഈ രീതികളിലൂടെയാണ് ഭാഷാപഠനം ശരിയായി നിർവഹിക്കേണ്ടത്. ഇവ മൂന്നും ശുദ്ധമല്ലെങ്കിൽ ഭാഷയുടെ പ്രയോഗം ഭാഷണത്തിലും രചനയിലും വികലമാകും.
1. ആംഗ്യഭാഷ.
അംഗോപാംഗപ്രത്യംഗങ്ങളുപ്രയോഗിച്ച് ആശയപ്രകാശനം നടത്തുന്നതാണ് ആംഗ്യഭാഷ.
നമ്മുടെ അവയവങ്ങളെ അംഗങ്ങൾ, ഉപാംഗങ്ങൾ, പ്രത്യംഗങ്ങൾ എന്നിങ്ങനെ തിരിക്കാം.

ശിരസ്സ്, ഹസ്തം, വക്ഷസ്സ്, അരക്കെട്ട്, പാർശ്വം, പാദം എന്നിവ അംഗങ്ങൾ.
കണ്ണ്, പുരികം, മൂക്ക്, ചുണ്ട്, കവിള്‍, താടി എന്നിവ ഉപാംഗങ്ങൾ.
തോള്, കൈ, പുറം, വയറ്, തുട, കണങ്കാൽ ഇവ പ്രത്യംഗങ്ങൾ.
ഈ അവയവങ്ങൾ ഉപയോഗിച്ച് ആശയപ്രകാശനം നടത്തുന്നതാണ് ആംഗ്യഭാഷ.
ജനനം മുതൽ മരണം വരെ മനുഷ്യൻ വായ്‌മൊഴിയോടൊപ്പം ആംഗ്യഭാഷയും പ്രയോഗിക്കുന്നുണ്ട്.

  1. വായ്മൊഴി

സംസാരിക്കുന്ന ഭാഷയാണ് വായ്മൊഴി. ഒരു ഭാഷ പ്രയോഗത്തിലുള്ള ദേശത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിൽ വ്യത്യസ്ത വായ്മൊഴികളായിരിക്കും പ്രയോഗത്തിലുണ്ടായിരിക്കുക. ഉച്ചാരണം, ഈണം, താളം, പദാർത്ഥം എന്നിവയിൽ വ്യവഹാര വായ്മൊഴിയിൽ വ്യത്യാസങ്ങളുണ്ടായിരിക്കും. അവയിലെ തെറ്റും ശരിയും നിർണ്ണയിക്കുന്നതു ശരിയല്ല.

അധ്യാപനം, അധ്യയനം, പ്രഭാഷണം, സംവാദം, ദൃശ്യശ്രവ്യമാധ്യമങ്ങളിലെ ഭാഷാപ്രയോഗങ്ങൾ എന്നിവ ശുദ്ധമായിരിക്കണം.
എഴുതുന്നതുപോലെ ഉച്ചരിക്കുന്ന ഭാഷയാണ് മലയാളം. ചില അപവാദങ്ങളുമുണ്ട്.
ഉച്ചാരണം തെറ്റിയാൽ എന്താണു കുഴപ്പമെന്ന് പലരും ചോദിക്കാറുണ്ട്. വാക്കുകളുടെ അർഥം മാറിപ്പോകുമെന്നേയുള്ളൂ.

ചില ഉദാഹരണങ്ങൾ നോക്കുക.

അങ്കം – അടയാളം, യുദ്ധം

അംഗം – അവയവം

ഉന്മാഥം – വധം

ഉന്മാദം – ഭ്രാന്ത്

കദനം- സങ്കടം

കഥനം- പറച്ചിൽ

നാകം – സ്വർഗ്ഗം

നാഗം- പാമ്പ്

രോദനം- കരച്ചിൽ

രോധനം- തടയൽ

അദിതി- ദേവമാതാവ്

അതിഥി- വിരുന്നുകാരൻ

അന്തസ്സ്- യോഗ്യത

അന്ധസ്സ്- ആഹാരം

ആകാരം- ആകൃതി

ആഗാരം- വീട്

കന്ദരം- ഗുഹ

കന്ഥരം- കഴുത്ത്

ഉച്ചാരണം തെറ്റിയാൽ എന്തു സംഭവിക്കുമെന്ന് മനസ്സിലായിക്കാണുമല്ലോ.

ഉച്ചാരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:-

മലയാളഭാഷയിലെ എല്ലാ അക്ഷരങ്ങളും വ്യത്യസ്ത രീതിയിലാണ് ഉച്ചരിക്കുന്നത്.  അതിനു തൊണ്ട,താലു, പല്ല്, ചുണ്ട്, നാവ്, ഉണ്ണാക്ക് തുടങ്ങി വായ്ക്കുള്ളിലെ പല ഭാഗങ്ങളുടെയും സഹായം അനിവാര്യമാണ്.  അതിനെക്കുറിച്ചുള്ള പൊതുധാരണ വക്താവിനുണ്ടായിരിക്കണം.

തുടർന്നു നൽകുന്ന വസ്തുതകൾ ശ്രദ്ധിക്കുക.

  1. വർഗ്ഗാക്ഷരങ്ങളുടെ ഉച്ചാരണത്തിൽ അതീവ ശ്രദ്ധ വേണം.
  2. ഖരങ്ങൾ-– സാധാരണശക്തിയിലാണ് ഉച്ചരിക്കേണ്ടത്.
  3. അതിഖരങ്ങൾ – – ഇവ ഖരത്തിന്റെ ഇരട്ടി ശക്തിയിൽ ഉച്ചരിക്കണം.
  4. മൃദുക്കൾ-– ഖരത്തിന്റെ ഇരട്ടി ശക്തിയിൽ ഉച്ചരിക്കുക.
  5. ഘോഷങ്ങൾ- – ഇവ അതിഖരത്തിന്റെ ഇരട്ടി ശബ്ദത്തിലാണ് ഉച്ചരിക്കേണ്ടത്. ഏറ്റവും ശക്തിയായും മുഴക്കത്തോടെയും ഉച്ചരിക്കേണ്ട മലയാളാക്ഷരങ്ങളാണിവ.
  6. അനുനാസികങ്ങൾ-,– മൂക്കിന്റെ സഹായത്തോടെ മിതമായ ശക്തിയിൽ ഉച്ചരിക്കണം.
  7. ‘പ’ വർഗ്ഗം- പ, ഫ, ബ, ഭ, മ- ഇവ ചുണ്ടുകൾ തമ്മിൽ വ്യത്യസ്ത ശക്തിയിൽ സ്പർശിച്ചു മാത്രമേ ഉച്ചരിക്കാവൂ.
  8. ചുണ്ടുകൾ തമ്മിൽ തൊടാതെ പലരും ഉച്ചരിക്കുന്ന ‘ഫ’ എന്ന അക്ഷരം മലയാളത്തിലില്ല.
  9. ഇംഗ്ലീഷ് പദങ്ങളായ ഫൂൾ, ഫാദർ, ഫെല്ലോ, ഫെഡറേഷൻ തുടങ്ങിയവയിലെ ആദ്യാക്ഷരങ്ങൾ ചുണ്ടുകൾ തമ്മിൽ സ്പർശിക്കാതെ തന്നെ ഉച്ചരിക്കണം. കാരണം അവ മലയാള പദങ്ങളല്ല.
  10. ഫലം, ഫലിതം, കഫം, സ്ഫുടം, ഫാലം, രേഫം, ഫണം തുടങ്ങിയവയിലെ ‘ഫ’ ചുണ്ടുകൾ സാമാന്യം ശക്തിയിൽ സ്പർശിച്ചുമാത്രമേ ഉച്ചരിക്കാവൂ. കാരണം ഇവ മലയാള പദങ്ങളാണ്. മലയാളത്തിൽ ചുണ്ടുകൽ സ്പർശിക്കാതെ ഉച്ചരിക്കുന്ന ‘ഫ’ എന്നൊരക്ഷരം ഇല്ല.

അടുത്ത ഭാഗത്തിൽ നമുക്ക്  വിശദമായി കൂടുതല്‍ കാര്യങ്ങള്‍ ചർച്ചചെയ്യാം.

തുടരും.

 

വട്ടപ്പറമ്പിൽ പീതാംബരൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!