അമ്മമൊഴി

എന്തരു ബാഷകളപ്പീ നിങ്ങളു പറേണത് ഇംഗ്ലീഷാ മലയാളോകേട്ടപ്പം ശർത്തിക്കാന്തോന്നണ്. വ്വാ. അമ്മേണ തന്ന .

തിരുവനന്തപുരത്തെ നാട്ടുമ്പുറത്തുകാരനായ ഒരു സാധാരണക്കാരന്റെ വായ്മൊഴിയാണിത്. ഇത്തരം നാട്ടുവായ്മൊഴികളിലെ ഉച്ചാരണ ശുദ്ധിയും വ്യാകരണപ്പിശകുകളും കണ്ടെത്താൻ ആരും ശ്രമിക്കാറില്ല. എന്നാൽ പത്രമാധ്യമങ്ങളിലെ രചനകളിലും ദൃശ്യമാധ്യമങ്ങളിലെ ചില പ്രത്യക പരിപാടികളിലും പ്രയോഗിക്കുന്ന ഭാഷ കുറ്റമറ്റതു തന്നെയാകണം.

ഇംഗ്ലീഷും മലയാളവും കൂട്ടിക്കലർത്തിയ ഒരു തരം വികൃത ഭാഷയാണ് ദൃശ്യമാധ്യമങ്ങളിൽ പല അവതാരകരും തട്ടിമൂളിക്കുന്നത്. ഒരു ദൃശ്യമാധ്യമത്തിലെ അവതാരകയുടെ വിചിത്രഭാഷ നോക്കുക.
” ഫലിതം നാം ലൈക്കു ശെയ്യുന്നു. ലാഫ് ശെയ്യാൻ ആൾ പീപ്പിൾ ഇശ്റ്റപ്പെടുന്നു. നമക്കൊരു സ്റ്റൈൽ ഉന്റെങ്കിൽ അതൊരു വലിയ അസറ്റാണ്. തുടര്ന്നുല്ല കോമഡി കാണൂ ലാഫ് ശെ യ്യൂ .

മലയാള ഭാഷയെ ഇത്രത്തോളം വികലമാക്കാൻ തോന്നിയ ഉളുപ്പില്ലായ്മയെപ്പറ്റി എങ്ങനെ പ്രതികരിക്കണമെന്നറിയില്ല.

” ഫലിതം നാം ഇഷ്ടപ്പെടുന്നു. ചിരിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. (നമക്കൊരു സ്റ്റൈൽ …. ഇതുകൊണ്ട് അവതാരക എന്താണാവോ ഉദ്ദേശിച്ചത്.?) തുടർന്നുള്ള ഫലിതരംഗം കാണൂചിരിക്കൂ.

വളരെ ലളിതമായി അവതരിപ്പിക്കാവുന്ന ഇക്കാര്യം ഏറ്റവും വികൃതമായ ഭാഷയിൽ, വികലമായ ഉച്ചാരണത്തോടെ അവതരിപ്പിക്കാനുള്ള ചേതോവികാരം പെറ്റമ്മയെ സ്നേഹിക്കുന്ന ഒരു മലയാളിക്കുണ്ടാവില്ല; തീർച്ച.

മാതൃഭാഷയോടുള്ള കൂറ് നഷ്ടപ്പെടുത്തി, അതിനെ അവജ്ഞയോടെ കാണാനുള്ള ഒരു പ്രത്യേക സംസ്കാരം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലൂടെ വളർത്തിക്കൊണ്ടു വരാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്ന യാഥാർഥ്യം നാം തിരിച്ചറിയണം.

പത്രമാധ്യമങ്ങളും, ദൃശ്യശ്രവ്യ മാധ്യമങ്ങളും ബോധപൂർവ്വമല്ലെങ്കിലും മലയാള ഭാഷയുടെ പ്രയോഗത്തിൽ വരുത്തുന്ന വൈകല്യങ്ങൾ നിസ്സാരമായി കാണാനാവില്ല.
നാട്ടുമൊഴികളുടെ രചനയിലും വാമൊഴിയിലുമുള്ള തെറ്റുകൾ കണ്ടെത്താനുള്ള ശ്രമം ആവശ്യമില്ലതന്നെ. അവ അതാതു പ്രദേശത്തിന്റെ ഭാഷാസ്വത്വമാണ്. ഓരോ പ്രദേശത്തിന്റെയും ജനജീവിതത്തിന്റെ ജീവവായുവാണ് , അവിടുത്തെ നാട്ടുഭാഷാശൈലി. ആ ശൈലി അങ്ങനെ തന്നെ നിലനിൽക്കണം. അതാണ് ആ ഭാഷയുടെ ചൈതന്യം.
വരമൊഴി പ്രാദേശികമായി വ്യത്യസ്തമാകുന്നില്ല. ഒരു ഭാഷ മാതൃഭാഷയായി നിലവിലിരിക്കുന്ന ഒരു ദേശത്തിന്റെ എല്ലാ ഭാഗത്തും വരമൊഴി ഒന്ന് തന്നെയായിരിക്കും. അതിന്റെ പ്രയോഗത്തിൽ ധാരാളം തെറ്റുകൾ സംഭവിക്കാറുണ്ട്. അവ ആശയസ്പഷ്‌ടീകരണത്തിന് വൈകല്യം വരുത്തുന്നു; വിരുദ്ധാശയം പ്രകടമാക്കുന്നു. തെറ്റുകൾ ആവർത്തിച്ച് പ്രയോഗസാധുത്വം സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളും ഇല്ലാതില്ല.

ഇത്തരുണത്തിലാണ് ‘വെട്ടം ഓൺ ലൈൻ മാസിക’, മലയാളഭാഷ-നമ്മുടെ മാതൃഭാഷ-അമ്മമൊഴി-ശരിയായി പ്രയോഗിക്കുന്നതിനുവേണ്ടി ‘വെട്ടം’-വെളിച്ചത്തെ-പകരാൻ ‘അമ്മമൊഴി’ എന്ന പേരിൽ ഒരു പംക്തി തുടങ്ങാൻ തീരുമാനിച്ചത്. അതിൽ അതിയായി സന്തോഷിക്കുന്നതോടൊപ്പം, ‘വെട്ടം പത്രാധിപസമിതി’യെ അനുമോദിക്കുകയും ചെയ്യുന്നു.

അറിവിന്റെ ലോകത്തിലേക്ക് വെട്ടം പകരുന്ന ‘വെട്ടം ഓൺലൈൻ മാസിക’യിലൂടെ നമ്മുടെ ‘അമ്മമൊഴി’യുടെ നന്മകളെ അടുത്തറിയാൻ നമുക്ക് ശ്രമിക്കാം

തുടക്കം.

ലോകത്തിൽ അയ്യായിരത്തിലധികം ഭാഷകൾ ഉണ്ടെന്ന് കണക്കാക്കിയിരിക്കുന്നു. അതിൽ ഇരുപത്തിയാറാമത്തെ സ്ഥാനമാണ് നമ്മുടെ മാതൃഭാഷയായ മലയാളത്തിനുള്ളത്. എന്നിട്ടും മലയാളികളെന്ന് ഞെളിഞ്ഞുനടക്കുന്ന പലർക്കും മലയാളത്തോട് പുച്ഛമാണ്. സ്വന്തം പെറ്റമാതാവിനെ വൃദ്ധസദനങ്ങളിൽ ‘പാടുതള്ളി’ ദിവ്യമാതാക്കളെ തേടിയലയുന്ന മലയാളിക്ക് മാതൃഭാഷയോട് എങ്ങനെയാണ് കൂറുണ്ടാവുക?

എന്താണ് മാതൃഭാഷ?

അമ്മയുടെ ഭാഷ. ഒരു കുഞ്ഞ് ആദ്യമായി കേൾക്കുന്ന ഭാഷ അമ്മയുടേതാണ്. ജനിച്ചു ഭൂമിയിലേക്ക് വന്നതിനു ശേഷമല്ല . അമ്മയുടെ ഗർഭപാത്രത്തിൽ വച്ചുതന്നെ.

മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളിൽ ആദ്യം പ്രവർത്തനക്ഷമമാകുന്നത് ശ്രവണേന്ദ്രിയമാണ്. അമ്മയുടെ ഗർഭപാത്രത്തിൽ കുഞ്ഞിന് നാലുമാസം പ്രായമാകുമ്പോൾ കുഞ്ഞ് ശബ്ദങ്ങൾ കേട്ട് തുടങ്ങുന്നുവെന്ന് ശാസ്ത്രം പറയുന്നു. ആദ്യമായി കുഞ്ഞുകേൾക്കുന്ന ശബ്ദം അമ്മയുടേതായിരിക്കും. അങ്ങനെ അമ്മയുടെ ഭാഷ കുഞ്ഞിന്റെയും ഭാഷയാകുന്നു; അമ്മമൊഴിയാകുന്നു.

നാം മലയാളികളിൽ കുറച്ചുപേരെങ്കിലും നമ്മുടെ മാതൃഭാഷയായ മലയാളത്തെ അവഗണിക്കുകയും അനാദരിക്കുകയും ചെയ്യുമ്പോൾ സ്വന്തം ഭാഷയ്ക്കു വേണ്ടി ജീവൻ വെടിഞ്ഞ യുവതയെ വിസ്മരിക്കാനാവില്ല.
ഫെബ്രുവരി 21

ലോക മാതൃഭാഷാദിനമാണ് ഫെബ്രുവരി 21. ബംഗ്ളാദേശിൽ അവിടത്തെ മാതൃഭാഷയായ ബംഗാളിക്കുപകരം ഉർദു ഭരണഭാഷയാക്കിയതിനെതിരെ നടന്ന സമരത്തിൽ അഞ്ചു വിദ്യാർത്ഥികൾ വെടിയേറ്റു മരിച്ചു. 1952 ഫെബ്രുവരി 21-നായിരുന്നു അത്. ആ വിദ്യാർത്ഥികളുടെ സ്മരണയ്ക്ക് ഐക്യരാഷ്ട്രസഭ ഫെബ്രുവരി 21 ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചു. മലയാളത്തെ സ്നേഹിക്കുന്ന മലയാളികൾ ലോകമാതൃഭാഷാദിനം സാർവത്രികമായി ആചരിക്കാൻ മനസ്സുവയ്ക്കേണ്ടതാണ്.

ഭാഷ എന്തിന് എത്ര തരം?

ജീവജാലങ്ങൾക്കെല്ലാം അവയുടെ ആഗ്രഹങ്ങളും ആശയങ്ങളും പ്രകടമാക്കാൻ ഓരോ മാർഗമുണ്ട്. അവയവങ്ങളുടെ വ്യത്യസ്തമായ ചലനങ്ങളിലൂടെയും വിവിധ ശബ്ദങ്ങളിലൂടെയുമാണ് അവ ആശയപ്രകാശനം നിർവഹിക്കുന്നത്. അവയിൽ ഏറ്റവും ഉദാത്തമായ ആശയപ്രകാശനമാർഗ്ഗമുള്ളത് മനുഷ്യനാണ്. അതാണ് അവന്റെ ഭാഷ. മനുഷ്യൻ ആശയപ്രകാശനത്തിനു നാലുരീതി പ്രയോഗിക്കുന്നു. ആംഗ്യഭാഷ, വാമൊഴി, വരമൊഴി, തിരമൊഴി എന്നിവയാണവ.

അടുത്തഭാഗത്തിൽ നമുക്ക് അവ വിശദമായി ചർച്ചചെയ്യാം.

തുടരും.

വട്ടപ്പറമ്പിൽ പീതാംബരൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!