അമ്മമൊഴി

‘മന്ത്രിമാർക്ക് സാമൂഹ്യപ്രതിബദ്ധത ഉണ്ടായിരിക്കണമെന്ന് പാർട്ടി സെക്രട്ടറി’.
– പത്രവാർത്ത –
പ്രതിബദ്ധത – വിരോധിക്കപ്പെട്ട അവസ്ഥ

മന്ത്രിമാർക്ക് സമൂഹസംബന്ധമായി വിരോധിക്കപ്പെട്ട അവസ്ഥയുണ്ടായിരിക്കണമെന്നാണ് ഈ വാക്യത്തിനർത്ഥം. അതായത് സാമൂഹികമായ വിരോധം ഉണ്ടായിരിക്കണമെന്ന്. അങ്ങനെയായാൽ ജനം മന്ത്രിമാരെ തല്ലിക്കൊല്ലും!

പ്രതിജ്ഞാ ബദ്ധത – പ്രതിജ്ഞയാൽ ബന്ധിക്കപ്പെട്ട അവസ്ഥ
ബദ്ധപ്രതിഞ്ജൻ – പ്രതിജ്ഞയിൽ ബന്ധനായവൻ.
ഈ പദങ്ങളിൽ ഒന്നായിരിക്കണം ഈ വാക്യത്തിൽ പ്രയോഗിക്കേണ്ടത്. അപ്പോൾ വാക്യം ഇങ്ങനെയാകാം.

1. മന്ത്രിമാർക്ക് സാമൂഹിക പ്രതിജ്ഞാബദ്ധത ഉണ്ടായിരിക്കണമെന്ന് പാർട്ടി സെക്രട്ടറി.
2. മന്ത്രിമാർ സമൂഹത്തോട് ബദ്ധപ്രതിജ്ഞരായിരിക്കണമെന്ന് പാർട്ടി സെക്രട്ടറി.

ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ‘പ്രതിബദ്ധത’ അർത്ഥം നോക്കാതെ പ്രയോഗിച്ച് പ്രയോഗസാധുത്വം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ചിലർ.

‘ഭാഷാപഠനം സുഗമമാക്കുന്ന പുസ്തകമാണിത്’.
– ലേഖനം –
സുഗമം എന്ന പദത്തിന്റെ അർത്ഥമെന്തെന്നു തിരിച്ചറിയാതെയുള്ള പ്രയോഗമാണിത്.
സുഗമം – എളുപ്പം ഗമിക്കാവുന്ന
സുകരം – എളുപ്പം ചെയ്യാവുന്നത്
സുകരമായ – എളുപ്പമാക്കുന്ന
ഇവയിൽ ഏതു വാക്കാണ് ഈ വാക്യത്തിന് ചേർന്നതെന്ന് ഒറ്റ നോട്ടത്തിൽ കണ്ടെത്താമല്ലോ?
അങ്ങനെയെങ്കിൽ ഈ വാക്യം ഇനിപ്പറയുന്ന രീതിയിൽ എഴുതുന്നതല്ലേ നല്ലത്?

‘ഭാഷാപഠനം സുകരമാക്കുന്ന പുസ്‌തകമാണിത്‌’.

‘ജസ്റ്റിസ് കൃഷ്ണയ്യരുടെ നേതൃത്വത്തിൽ ഒരു ഏകാംഗകമ്മിഷനെ നിയമിച്ചിരുന്നു’.
– പത്രവാർത്ത –

ഏകാംഗകമ്മിഷനെന്നാൽ ഒരംഗം മാത്രമുള്ള കമ്മിഷൻ. നേതൃത്വത്തിൽ എന്ന പ്രയോഗം, കമ്മിഷനിൽ ഒന്നിലധികം അംഗങ്ങളുണ്ടെന്നും അതിന്റെ നേതൃത്വം ജസ്റ്റിസ് കൃഷ്ണയ്യർക്കാണെന്നും ധ്വനിപ്പിക്കുന്നു.
കമ്മിഷനിൽ ഒന്നിലധികം അംഗങ്ങളുണ്ടെങ്കിൽ വാക്യം ഇങ്ങനെയാകണം.

1. ജസ്റ്റിസ് കൃഷ്ണയ്യരുടെ നേതൃത്വത്തിൽ ഒരു കമ്മിഷനെ നിയമിച്ചിരിക്കുന്നു.
കമ്മിഷനിൽ ഒരംഗം മാത്രമേ ഉള്ളൂവെങ്കിൽ വാക്യം ഇങ്ങനെ:

2. ജസ്റ്റിസ് കൃഷ്ണയ്യരെ ഏകാംഗകമ്മിഷനായി നിയമിച്ചിരിക്കുന്നു.

(തുടരും)

വട്ടപ്പറമ്പിൽ പീതാംബരൻ

Leave a Reply

Your email address will not be published.

error: Content is protected !!