‘അവൻ’

വർഷങ്ങൾക്കു ശേഷം കാലുകുത്തുകയായിരുന്നു ആ മുറ്റത്ത്. കൃത്യമായിപ്പറഞ്ഞാൽ ഇരുപത്തെട്ടു നീണ്ടവർഷങ്ങൾക്കിപ്പുറം. ഇക്കാലമത്രയും ആശങ്കകളും അത്തരമൊരു സാഹചര്യത്തെ എങ്ങനെ നേരിടുമെന്നുള്ള ഭീരുത്വം കലർന്ന ഉൽക്കണ്ഠയുമല്ലാതെ ധൈര്യപൂർവ്വം അവിടേയ്ക്കു കയറിചെല്ലണമെന്നു ഒരിക്കൽപ്പോലും തോന്നിയിട്ടില്ല. പഠനകാലത്ത് പ്രിയകൂട്ടുകാരിയായിരുന്ന, പിന്നെപ്പോഴോ സ്വയമില്ലാതാക്കി കടന്നുപോയവൾ; അവളില്ലാത്ത ഇടത്തേക്ക് ചെന്നുകയറിയിട്ട് എന്തു വിശേഷമെന്ന്, അവളോടൊരൽപ്പം ദേഷ്യത്തോടെ പലപ്പോഴും ഓർത്തിട്ടുണ്ട്. എന്നാലും ആ അമ്മയുടെ മുഖം മനസ്സിലുണ്ടായിരുന്നു. എന്നെ കാണാൻ മാത്രമായി ഒരു ബന്ധുവിന്റെ വിവാഹസ്ഥലത്ത് ഉൾവേദനകളടക്കിപ്പിടിച്ച്‌ കൂട്ടുകാരിയുടെ അമ്മയെത്തിയപ്പോൾ ഞാനെന്റെ അമ്മയെ ഓർത്തു. മരിച്ചുപോയ മകളുടെ പ്രതിരൂപമായാണ് ആ അമ്മയ്ക്ക് മുന്നിൽ ഞാൻ നിൽക്കുന്നത് എന്നറിഞ്ഞത് അന്നാണ്. പിന്നെ ബോധപൂർവ്വമുണ്ടാക്കിയതല്ലാത്ത അസൗകര്യങ്ങളുടെ കുത്തൊഴുക്കിൽ കാലം പിന്നെയും കഴിഞ്ഞു അമ്മയെ തേടിപ്പോകാൻ.
നീണ്ടൊരു യാത്രയുടെ അവസാനം, പണ്ട് നടന്ന വഴിയരികിലേയ്ക്ക് നടന്നുകയറുമ്പോൾ കാലു വിറച്ചു. നീണ്ട നടപ്പാതയ്ക്കൊടുവിൽ കാടുകയറിക്കിടക്കുന്ന വരണ്ടമുറ്റത്തു കാലുവയ്ക്കുമ്പോൾ ചെരുപ്പിനെയും അതിജീവിച്ചു കൂർത്ത പുല്ലുകൾ കാലിൽ കുത്തിക്കയറി. നേർത്ത വിരിയിട്ട ഡോർകർട്ടണപ്പുറത്തെ അടഞ്ഞ വാതിലിൽ തട്ടിവിളിക്കാൻ മടിച്ച രണ്ടുമൂന്നു നിമിഷങ്ങൾ! കാളിങ് ബെല്ലിൽ വിരലമർത്തി കാത്തു നില്പിന്റെ പല മിനിറ്റുകൾക്കു ശേഷം, വീടിന്റെ പിന്നിലൂടെ കടന്നുവന്ന അമ്മ ഒരു നിമിഷം അന്ധാളിച്ചു നിന്നു. ‘ഞാനാണ് അമ്മാ’യെന്ന പരിചയപ്പെടുത്തലിനെയും മറികടന്ന് ആ കണ്ണുകളിലേയ്ക്ക് ഇരച്ചിറങ്ങിയ ഭാവം അവിടെ കാണാനാശിക്കുന്ന മറ്റൊരു രൂപത്തിനെ തേടുന്നതായിരുന്നു എന്ന് വ്യക്തമായി തിരിച്ചറിഞ്ഞുകൊണ്ടുതന്നെ കാടുപിടിച്ചുകിടക്കുന്ന മുറ്റം ചൂണ്ടി ഞാനെന്തൊക്കെയോ പുലമ്പി. സാരമില്ലെന്നൊരു സാന്ത്വനത്തോടെ എന്നെ ചുറ്റിപ്പിടിച്ചു അടുക്കളഭാഗത്തുകൂടി വീടിനുള്ളിലേക്ക് നടക്കുമ്പോൾ അമ്മയും അർത്ഥമില്ലാത്ത എന്തൊക്കെയോ പറഞ്ഞു. അടുപ്പിനരികിലെ സ്ളാബിനു മുകളിലിരുന്ന് അരികിൽ നിൽക്കുന്ന എന്റെ വായിലേയ്ക്ക് അവളുടെ പ്രാതൽ പാത്രത്തിലെ ഉരുളകൾ കുത്തികയറ്റുന്ന, ഞാൻ വേണ്ടെന്നു വിലക്കുമ്പോൾ കണ്ണുരുട്ടുന്ന കൂട്ടുകാരിയുടെ ഓർമ്മകളിലേക്ക് നോക്കാതെ നോക്കി ഞാനും അകത്തേയ്ക്കു കയറി.
തളത്തിന് ഇടതു വശത്തെ മുറിയിലേയ്ക്കു നോക്കിയില്ല. നോക്കാതെതന്നെ അവിടെ കിളിർത്തു മൊട്ടിട്ട ഒരുപാട് സ്വപ്നങ്ങളെകാണാനാവുന്നുണ്ടായിരുന്നു. ഒരു മേശയ്ക്കപ്പുറവുമിപ്പുറവും ഇരുന്ന് ഒറ്റ മനസ്സോടെ കണ്ടിരുന്ന നിറമുള്ള സ്വപ്‌നങ്ങൾ, പിന്നെ അവയൊക്കെ ഒറ്റനിമിഷത്തിൽ ചാരമായി പോയതും ആ ചുവരുകൾ കണ്ടതാണ്. അമ്മയുടെ നിർത്താതെയുള്ള സംസാരത്തിനിടയിലും എന്റെ നിശബ്ദത ഗൗനിക്കപ്പെട്ടു. അതെങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാതെ തെല്ലിട നിന്നിട്ട് അമ്മ ഞാനൊഴിവാക്കിയ വിഷയം തന്നെ എടുത്തിട്ടു.
“ഒരു മുസ്‌ലിം പയ്യനായിരുന്നു അവൻ, അവളോടൊപ്പം പഠിച്ചവൻ”!
അവൻ?
ആ നിമിഷം എന്റെ നാവ് ഉൾവലിഞ്ഞിരുന്നു.
‘എനിക്കവനെ അറിയില്ലമ്മേ, അവളെ.. അവളെമാത്രമേ അറിയുമായിരുന്നുള്ളൂ..’
സർവ്വശക്തിയുമെടുത്ത് ഞാനങ്ങനെ പറയണമെന്നാഗ്രഹിച്ചു. പക്ഷെ എന്റെ ഉൾവലിഞ്ഞ നാവിന് പിന്നപ്പോഴൊന്നും അനക്കമുണ്ടായില്ല. അതൊന്നുമറിയാതെ അമ്മ തുടർന്നു.
“കഴിഞ്ഞൊരു ദിവസം എന്റെ മോൻ എന്നെ കൊണ്ടു പോയിരുന്നു അവനെ കാണാൻ.”
അതുവരെ പ്രതിരോധിച്ചു നിന്നിരുന്ന എന്റെ ധൈര്യം എന്നെ കൈവിട്ടു. വിറയ്ക്കുന്ന ശരീരം താങ്ങാൻ കെൽപ്പുണ്ടാവുമോ എന്റെ കാലുകൾക്കെന്ന് പേടിയോടെ ചിന്തിച്ചു. തലമുതൽ പാദംവരെ ഒരായിരം സൂചിമുനകൾ കുത്തിയിറക്കിയപോലെ വേദനിച്ചു. ഓരോ സൂചിപ്പാടിൽനിന്നും ആവിപൊങ്ങുന്നപോലെ എന്റെ ശരീരം ചുട്ടുപൊള്ളി. ഉഴറി നീങ്ങുന്ന കണ്ണുകൾക്കു മുന്നിൽ വാടി നിൽക്കുന്ന പനിനീർ റോസക്കാട്… അർത്ഥമില്ലാതെ അതിലേയ്ക്ക് തുറിച്ചുനോക്കി നിൽക്കുമ്പോൾ ചിരിയോടെ അമ്മയെന്നെ ചേർത്തു പിടിച്ചു.
“ഇപ്പോഴും അതെ വട്ടു തന്നെ നിനക്ക് അല്ലെ? കണ്ടില്ലേ വിറയ്ക്കുന്നത്. പനിപിടിച്ചപോലെ. അവൾക്കും ഇതേ വട്ടുതന്നെയായിരുന്നു.”
ചുറ്റിപ്പിടിച്ച കൈകൾ വിടുവിച്ചു നീങ്ങുമ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞു. ഒരു ദിവസം മുഴുവൻ നീ അമ്മയ്ക്കായി തരുമോ എന്നുചോദിച്ചു കരയുന്ന ആ മനസ്സ് കണ്ടുകൊണ്ടുതന്നെ തിരികെ പോന്നു.
പതിവുപോലെ വൈകിട്ട് മോൻ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു,
“അമ്മയ്ക്കൊരു പനി ആവശ്യമായിരുന്നു കണ്ണാ. ഇരുട്ട് കറുപ്പിച്ച, അറ്റം കാണാത്ത താഴ്ചയിലേക്ക്, മുതുകിൽ കൊളുത്തിയിട്ട കഴിഞ്ഞകാലത്തിന്റെ മാറാപ്പുമായി വീണുടഞ്ഞു പോകാൻ അമ്മയ്ക്കിപ്പോഴൊരു പനി ആവശ്യമായിരുന്നു.”

ബിന്ദു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!