അവൾക്കൊപ്പം

അകമേ ഒരുങ്ങണം നീ, നിന്റെ വഴികളെ
പതിവായടയ്ക്കുന്ന ചതിയറിയണം

ഒരുജന്മമാണുള്ളതോർക്കണം എപ്പോഴും
ഒരുമിച്ചുനിൽക്കാൻ ഇറങ്ങിടേണം

പിറകേ നടക്കാതിരിക്കണം ഒപ്പമാണ-
വകാശമെന്നും തിരിച്ചറിയണം

ഒരുജന്മമാണുള്ളതോർക്കണം, അതിനായി
ഒരു കുന്നു സ്വപ്‌നങ്ങൾ നെയ്തിടേണം

അകലെയാകാശവും അരികത്തെ ഭൂമിയും
അലതല്ലുമാഴിയും നിന്റെ സ്വന്തം

ഉരുകുന്ന തീയുള്ളിലുണ്ടെന്നതോർക്കണം
ഉലയാതിരിക്കണം നിന്റെ ചിന്ത

അറിവുനേടാനുള്ളൊരവകാശമറിയണം
അടിമയല്ലാർക്കുമെന്നോർത്തിടേണം

വല്ലാത്ത കാര്യങ്ങൾ പൊല്ലാപ്പിലാക്കുമ്പോൾ
ഇല്ലെന്നു പറയാൻ പഠിച്ചിടേണം

അപരന്നുമാത്രമായ് ജീവിക്കവേണ്ട നീ
അറിയണം തിരയണം നിന്റെ വഴി

ആരാന്റെ സൗജന്യമല്ല ,നിൻ ജീവിതം
ആസ്വദിച്ചീടണം നീ നിനക്കായ്

ഇനിയുള്ള കാലം നിനക്കുള്ളതോർക്കനീ
തനിയേ നടന്നുനീ പോയിടേണം

അകമേ ഒരുങ്ങണം നീ, നിന്റെ ശരികളെ
തടയാനടുക്കുന്ന കരമരിയണം

അബലയെന്നാദ്യം വിളിച്ചൊരുനാവിനെ
പിഴുതെടുത്തകലേക്കെറിഞ്ഞിടേണം

അതിരുവയ്ക്കാനായി അനുവദിക്കേണ്ട നീ
അതിനായി തീർക്കുന്ന മതിൽ പൊളിക്കൂ

ഉയരേണ്ട ശബ്‍ദം ഉയർത്തണം നാടിനായ്
ഉണരണം നിറയണം നിൻ വിചാരം

 

അനീഷ് തകടിയിൽ

Leave a Reply

Your email address will not be published.

error: Content is protected !!