ആകാശത്തിന്റെ നിറം

‘ ആകാശത്തിന്‍റെ നിറമെന്താ?’

‘ നീല. ചിലപ്പോള്‍ ചുവപ്പ്’
‘ ആകാശത്തിന് ഓരോ സമയത്തും ഓരോരോ നിറങ്ങളാ. ചിലപ്പോള്‍ എല്ലാ നിറങ്ങളും ഒന്നിച്ച്, മറ്റുചിലപ്പോള്‍ നിറങ്ങളൊന്നും ഇല്ലാതെ. പക്ഷേ കണ്ണടച്ചു സങ്കല്‍പ്പിച്ചാല്‍ ഏതു നിറവും ആകാശത്തിനു കൊടുക്കാം. മനോഹരമായൊരു നിറം സങ്കല്‍പ്പിച്ചാല്‍ ജീവിതവും മനോഹരം തന്നെ. മനസ്സില്‍ നിന്ന് നിറങ്ങള്‍ മാഞ്ഞുപോയാല്‍ ജീവിതത്തിനും നിറമില്ലാതെയാകും.’ ആകാശത്തിന്‍റെ നിറങ്ങളെ ജീവിതത്തിലേക്കിറക്കി തുടങ്ങുന്നു ലളിതമായൊരു പ്രമേയവുമായി, ഡോ. ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ച, നിരൂപകരുടെ നിശിത വിമര്‍ശനത്തോടെ, പോരായ്മകള്‍ ഏറെ എന്ന ലേബലുമായി ഒരു മലയാള സിനിമ ‘ആകാശത്തിന്‍റെ നിറം’. ഒരു സിനിമയുടെ വിജയഘടകങ്ങളെ അത്രകണ്ട് വിലകല്പ്പിച്ചിട്ടുണ്ടോ എന്ന സംശയത്തിനിടയിലും വലിയൊരു കഥയുടെ ഭാരമില്ലാത്ത ഇതിന്‍റെ കഥാഖ്യാന രീതിയും എടുത്തുപറയേണ്ടുന്ന ച്ഛായാഗ്രഹണ മികവും കൊണ്ട് പ്രേക്ഷക മനസ്സിലിടം നേടിയെടുക്കുന്നുണ്ട് ഈ സിനിമ.

ചില സംഭാഷണ ശകലങ്ങള്‍, കേവലം ചില വാക്കുകള്‍ കൊണ്ടൊരു സിനിമ പ്രേക്ഷകനെ സ്വാധീനിച്ചുവെങ്കില്‍ പ്രേക്ഷക മനസ്സിലത് വിജയിച്ചു എന്നുതന്നെ പറയേണ്ടി വരും. അത്തരം ഒരു സിനിമയാണ് ആന്‍ഡമാനിലെ നീല്‍ ഐലന്റില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം. ഏകാന്ത ദ്വീപിലെ താമസക്കാരനായ വൃദ്ധന്‍റെയും അദ്ദേഹം സംരക്ഷിക്കുന്ന അനാഥരുടെയും ജീവിതം കാട്ടിത്തരുന്നതിനൊപ്പം പ്രകൃതിയുടെ സൗന്ദര്യം ഒട്ടും ചോരാതെ നമ്മെ വിസ്മയിപ്പിക്കുന്നുമുണ്ട്.

കഥാപാത്രങ്ങള്‍ക്ക് പേരോ അധികം സംഭാഷണങ്ങളോ ഇല്ലാതെതന്നെ ചിത്രം മുന്നോട്ടുപോകുന്നു. മറ്റുള്ളവരുടെ പണവും സാധനങ്ങളും പിടിച്ചുപറിച്ചു ജീവിക്കുന്ന , ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രം ആകസ്മികമായി നെടുമുടിവേണു അവതരിപ്പിക്കുന്ന വൃദ്ധന്‍റെ ബോട്ടില്‍ എത്തിപ്പെടുന്നതും , കത്തി കാട്ടിയുള്ള അയാളുടെ ഭീഷണിക്ക് വഴങ്ങാതെ വൃദ്ധന്‍ അയാളെ തന്‍റെ ദ്വീപിലെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നിടത്ത് സിനിമ തുടങ്ങുന്നു. ഒറ്റപ്പെട്ട ദ്വീപിലെ ഒറ്റപ്പെട്ട തന്‍റെ വീടിന്‍റെ സ്വയംപര്യാപ്തയിലേക്ക് നടന്നുകയറുന്ന വൃദ്ധനെ ഗത്യന്തരമില്ലാതെ അനുഗമിക്കേണ്ടിവരുന്ന അയാള്‍ വൃദ്ധന്‍റെ വരുമാനമാര്‍ഗ്ഗമായ കരകൌശല വസ്തുക്കളെ എറിഞ്ഞുടക്കുമ്പോള്‍ തിരികെ അവയെ ക്ഷമയോടെ ഒട്ടിച്ചു ചേര്‍ക്കുന്ന വൃദ്ധന്‍റെ ആത്മഗതം, ‘ ഉടയ്ക്കാന്‍ എളുപ്പമാ. കൂട്ടിച്ചേര്‍ക്കാനാ പാട്’ , ലളിതമായൊരു ലോകതത്വം. രണ്ടനാഥ ബാല്യങ്ങള്‍ക്ക്‌ താങ്ങും തണലുമാകുന്ന വൃദ്ധനും സഹചാരിയായ അനൂപ്‌ ചന്ദ്രന്‍റെ കഥാപാത്രവും പുതിയ അതിഥിയ്ക്ക് വേണ്ടുന്ന സൗകര്യങ്ങളെല്ലാം ചെയ്തുകൊടുക്കുന്നുവെങ്കിലും തടവിലാക്കപ്പെടുന്നവന്റെ മാനസ്സികാവസ്ഥയിലാണ് അയാള്‍. ബധിരയും മൂകയുമായ പെണ്‍കുട്ടിയായി എത്തുന്ന അമലാ പോളിന് കാര്യമായൊന്നും ചെയ്യാനില്ലെങ്കിലും തന്‍റെ നിശബ്ദ സാന്നിധ്യം അറിയിക്കുന്നുണ്ട് ചിത്രത്തിലുടനീളം.

പെണ്‍കുട്ടിക്ക് നേരെയുള്ള അയാളുടെ കാടത്തത്തിനുള്ള ശിക്ഷയായി ഏല്ക്കുന്ന മുറിവില്‍ ഒറ്റമൂലി വയ്ക്കുന്നതും വൃദ്ധന്‍ തന്നെ. തീന്‍മേശയിലെ തമാശകളിലൂടെ പതിയെ പതിയെ പുറത്തുവരുന്ന അയാളുടെ മനുഷ്യത്വത്തിനു നേരെ ‘ഓരോരുത്തര്‍ക്കും ഓരോ നിയോഗമുണ്ട്. അത് കാത്തിരുന്നേ പറ്റൂ’ എന്ന വൃദ്ധന്‍റെ വാക്കുകള്‍, തന്‍റെ നിയോഗമറിയാന്‍ അയാള്‍ക്കിനിയും മനസ്സിനെ പരുവപ്പെടുത്തേണ്ടിയിരിക്കുന്നു എന്നോര്‍മ്മിപ്പിക്കുന്നു. ദ്വീപില്‍ വേറെ മനുഷ്യവാസമുണ്ടോ എന്നറിയാനുള്ള അയാളുടെ വിഫല ശ്രമത്തെ ആകാശത്തിന്‍റെ ചുമന്ന നിറവും ചേര്‍ത്ത് കാട്ടുന്നു.

ആഴക്കടലില്‍ മീന്‍പിടിക്കാന്‍ അയാളേയും കൂട്ടുന്ന വൃദ്ധന്‍ പൂര്‍ണ്ണചന്ദ്രനെ കാട്ടിക്കൊടുത്തുകൊണ്ട് പറയുന്നു , ‘ഇതുപോലെ മനോഹരമായ അനേകം കാഴ്ചകളുണ്ട് ലോകത്തില്‍. അവയൊക്കെ ആസ്വദിക്കണമെങ്കില്‍ സ്വന്തം ജീവിതത്തെ സ്നേഹിക്കാന്‍ പഠിക്കണം’. പിന്നീട് കുട്ടികളുമായടുക്കുമ്പോള്‍ അയാളുടെ ആകാശത്തിന് അനേകം വര്‍ണ്ണങ്ങള്‍.

ദ്വീപിന്‍റെ മറ്റൊരു ഭാഗത്തായി സ്വന്തം ലോകം തീര്‍ത്തിരിക്കുന്ന അശരണരായ അനേകം വൃദ്ധരുടെ സങ്കേതത്തില്‍ അയാളെ എത്തിക്കുന്നു വൃദ്ധന്‍. അവിടെ കൃഷിപ്പണി ചെയ്തും , എഴുതിയും, പടംവരച്ചും, പാട്ടുപാടിയും തങ്ങള്‍ക്കിഷ്ടമുള്ളതൊക്കെ യഥേഷ്ടം ചെയ്തും സ്വന്തം ലോകം തീര്‍ത്തിരിക്കുന്നവര്‍, വൃദ്ധന്‍ തന്‍റെ യാത്രക്കിടയില്‍ കൂട്ടിക്കൊണ്ടുവന്ന നിരാലംബരായ വിവിധ ദേശവാസികളെന്ന് അയാള്‍ക്ക്‌ പരിചയപ്പെടുത്തികൊടുക്കുന്നു ഇടക്കുവന്നു അവരെ ചികിത്സിക്കുന്ന ഡോക്ടര്‍. അവരിലേറെപ്പേരും ഏതു നിമിഷവും മരിച്ചുപോയേക്കാവുന്ന ഗുരുതര രോഗങ്ങള്‍ക്കടിമകളെന്നും വൃദ്ധനും സഹചാരികളും ചേര്‍ന്ന് സ്നേഹമെന്ന ദിവ്യൌഷധത്തിന്‍റെ ബലത്തില്‍ ഓരോരുത്തര്‍ക്കും കഴിയുന്നത്ര ജീവിതം നീട്ടിക്കൊടുക്കാനുള്ള ശ്രമത്തിലുമാണെന്നയ്യാള്‍ മനസ്സിലാക്കുന്നു. അയാളുടെ ആകാശത്തിന്‍റെ നിറം മാറിത്തുടങ്ങുന്നു. തിരികെ വീട്ടിലെത്തുന്ന അയാളുടെ മനുഷ്യത്വം കണ്ടറിഞ്ഞ വൃദ്ധന്‍ അയാളെ കരയിലെത്തിക്കുന്നു. ‘ ചിലതങ്ങനെയാണ്. അനുവാദമില്ലാതെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും. നിന്‍റെ ജീവിതം നീയാണ് ജീവിച്ചു തീര്‍ക്കേണ്ടത്. അതിനിടയില്‍ നില്‍ക്കാന്‍ എനിക്ക് അവകാശമില്ല. മറ്റുള്ളവരുടെ മുതല് പിടിച്ചുപറിക്കുമ്പോഴല്ല മറ്റുള്ളവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്തു എന്നതിലാണ് സുഖം’. ദ്വീപിലെ സഹനത്തിന് പ്രായശ്ചിത്തം എന്നോണം അയാള്‍ക്ക്‌ കാശുകൊടുത്ത് കരയിലെത്തിക്കുന്ന വൃദ്ധനും , പെണ്‍കുട്ടിയുടെ കണ്ണിലെ പ്രതീക്ഷയ്ക്ക് തിളക്കമേറ്റിക്കൊണ്ട് ദ്വീപിലേക്കുതന്നെ തിരിച്ചെത്തുന്ന അയാളും സിനിമയ്ക്കൊരു വ്യക്തമായ സന്ദേശം നല്‍കുന്നു. അനാഥരുടെയും രോഗികളുടെയും സങ്കേതത്തില്‍ വൃദ്ധന്‍റെ പിന്‍ഗാമിയാകുകയാണ് തന്‍റെ നിയോഗമെന്ന് തിരിച്ചറിയുന്ന അയാളില്‍ അവസാനിക്കുന്ന സിനിമയിലെ ആകാശത്തിന് അനേകം വര്‍ണ്ണങ്ങള്‍.

film ; ആകാശത്തിന്‍റെ നിറം

written & directed by ; Dr. Biju
music :Issac Thomas Kottukappalli
cinimatography :M J Radhakrishnan

 

ബിന്ദു ഹരികൃഷ്ണന്‍ 

Leave a Reply

Your email address will not be published.

error: Content is protected !!