ആർക്കുവേണം മലയാളം 

ശരിയായകാര്യങ്ങളിലേക്ക്   ‘വ്യതിചലിക്കുവാൻ’ സമൂഹം വിസമ്മതിയ്ക്കുന്ന കാലഘട്ടത്തിലാണ്  ഈ ലേഖനം നിർമ്മിക്കപ്പെടുന്നത്. ഒരു ചെറു ചലനം ഉണ്ടാക്കുവാൻ പോലും കടുത്ത നിലപാടുകൾ അല്ലെങ്കിൽ പ്രകോപനങ്ങൾ ആവശ്യമായിവരുന്നു. വിപണി സാധ്യതകൾ നോക്കി മാത്രം ആക്ഷൻ പ്ലാനുകൾ തയ്യാറാക്കുന്ന ആധുനിക ചിന്താപരിസരങ്ങൾ ഈ സന്ദർഭത്തിൽ വലിയ പ്രതീക്ഷയണയ്ക്കുന്നുമില്ല. ആശയപരവും പ്രത്യയശാസ്ത്രപരവുമായ  പാപ്പരത്തങ്ങൾ ആകർഷകമായ പാക്കറ്റുകളിൽ  എം.ആർ.പി മുദ്രിതമായി  വൻ വിലയ്ക്ക് വിറ്റഴിക്കപ്പെടുന്ന ഈ പിഴച്ചകാലത്ത് വിശേഷിച്ചും .

പണ്ടൊരിക്കൽ കലാകൗമുദിയിലെ  ഒരു ലേഖനം ലീലാവതിട്ടീച്ചർ തുടങ്ങിയത്  ഇങ്ങിനെയായിരുന്നു, ” മരിയ്ക്ക സാധാരണമീദുഷിപ്പിൽ , രമിയ്ക്കലോ നമ്മുടെ നാട്ടിൽ മാത്രം.’ ഈ സത്യം പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് എഴുതാൻ ഇരുന്നാൽ പിന്നെ നിരാശ വേണ്ടിവരില്ല എന്ന് ഉറപ്പുള്ളതിനാലാണ് ആദ്യമേ ഇത്രയും പറഞ്ഞുവെയ്ക്കുന്നത്. മാത്രവുമല്ല, ദുഷിപ്പിൽ രമിക്കുക എന്നത് ഇക്കാലത്ത് മുന്തിയ മനുഷ്യാവകാശമാണെന്നും ലേഖകൻ മനസ്സിലാക്കുന്നു.

ശരി, ഇവിടത്തെ വിഷയം ഭാഷയാണ്. കാഴ്ചപ്പാട് സൈദ്ധാന്തികമാണ്.  പാക്കറ്റിംങ്ങിലും മാർക്കറ്റിങ്ങിലും ലേഖകന് താത്പര്യം അശേഷമില്ല. അതിനാൽ പറയാനുള്ളത് പറയാം. അതിനുള്ളതാണല്ലോ ഭാഷ.

സമീപകാലത്ത് കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഒരു നിരീക്ഷണം മലയാളികൾ സൗകര്യപൂർവ്വം പരവതാനിയ്ക്ക്  അടിയിലേക്ക് തിരുകി ഒളിപ്പിച്ചു. മറന്നു. ഒരു മലയാളം ബിരുദാനന്തരബിരുദവിദ്യാർത്ഥി എഴുതി നൽകിയ കുറിപ്പിലെ അക്ഷരപ്പിഴവ് കവിയെ ക്ഷുഭിതനാക്കി. ഇനി മേലിൽ  സർവകലാശാലകളിൽ  തന്റെ കവിത പഠിപ്പിച്ചു പോകരുതെന്ന് അല്പം കടുത്ത ഭാഷയിൽത്തന്നെ കവി ശാസിച്ചു. കേരളം ശ്രദ്ധ കൊടുക്കേണ്ടിയിരുന്ന ഈ അടിയന്തിര വിഷയത്തിൽ  ഉത്തരവാദത്തോടുകൂടി ആരും പ്രതികരിച്ചില്ല എന്നത് ഒരു വലിയ കാര്യമൊന്നുമല്ല.ഇന്നത്തെ സാംസ്കാരിക മാളുകളിൽ ചെലവാകുന്ന ചരക്കായിരുന്നില്ല കവിയുടെ വിറ്റുപോകാത്ത ആ രോഷം.

തന്റെ കവിത അലക്ഷ്യമായി കൈകാര്യം ചെയ്യപ്പെട്ടത് ചുള്ളിക്കാടിനെ ചൊടിപ്പിച്ചിട്ടുണ്ടാകും. എന്നാൽ ,  ഒരു സാഹിത്യവിദ്യാർത്ഥി മലയാളഭാഷയോട് കാണിയ്ക്കുന്ന അനാദരത്തിലുള്ള രോഷവും ദുഖവും ആ പ്രതികരണത്തിൽ പ്രകടമായിരുന്നു എന്നുള്ളത് ശ്രദ്ധിക്കപെടാതെ പോയി. അല്ലെങ്കിൽ അതിനെ ബോധപൂർവം അവഗണിച്ചു. കവിയുടെ പ്രതികരണത്തിലെ വൈയക്തികത മാത്രമാണ് ചർച്ച ചെയ്യപ്പെട്ടത്.  നോക്കൂ, നമ്മുടെ തലമുറയിലെ ഒരു അതുല്യസർഗ്ഗപ്രതിഭയുടെ സ്പഷ്ടവും അതിശക്തവുമായ ഒരു നിലപാട് എത്ര സമർത്ഥമായിട്ടാണ് കേരളം തമസ്കരിച്ചത്.  ശക്തമായ പ്രകോപനങ്ങൾക്കു നേരെ പോലും വസ്തുതാനിരാസത്തിന്റെയും കപട സംസ്കാരത്തിന്റെയും ഒക്കെ അടരുകളാൽ കട്ടിയേറിയ പൃഷ്‌ഠഭാഗം പ്രദർശിപ്പിക്കത്തക്ക ചെട്ടിമിടുക്കുള്ള വികൃതമനസ്കരാണ് ഇന്നത്തെ അക്കാദമിക് പണ്ഡിറ്റുകളും സാംസ്കാരിക ദല്ലാളരും എന്ന് തിരിച്ചറിയാൻ അരിയാഹാരം കഴിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാവാൻ ഇടയില്ല. ഇവർ സമൂഹത്തിൽ വെളിച്ചമെത്തരുതെന്ന്  വാശിയുള്ളവരാണ്. ദുഷിപ്പിൽ രമിയ്ക്കുന്നവർ. അവനവന്റെ നിലവാരത്തിനു മുകളിലേക്ക് ഒന്നും ഉയരരുത് എന്ന്   എന്ന് നിഷ്ക്കർഷയുള്ളവർ.

ഭാഷ ഒരു വലിയ വിഷയം ആകുന്നത് എങ്ങിനെയാണ് ? അറിയില്ല. പക്ഷെ മലയാളത്തിന്റെ ശ്രേഷ്ഠഭാഷാപദവിയെക്കുറിച്ച് ചർച്ച നടക്കുമ്പോൾ അത് ഒരു പ്രധാന വിഷയമായി നാം തിരിച്ചറിയേണ്ടതായിട്ടില്ലേ? മലയാളഭാഷാ സർവകലാശാലയുടെ പ്രസക്തി മറ്റെന്തിന്റെ പശ്ചാത്തലത്തിലാണ് നാം മനസ്സിലാക്കേണ്ടത്?  ഭാഷ എന്ന സാംസ്കാരിക മുദ്ര നമ്മുടെ നാടിന്റെയും അതിന്റെ സാമൂഹികസത്തയുടെയും ഡി.എൻ.എ ആണ് എന്ന തിരിച്ചറിവില്ല എങ്കിൽ ഭാഷയുടെയും സാഹിത്യത്തിന്റെയുമൊക്കെ ഉന്നതിയ്ക്കായി  വാർഷികബജറ്റുകൾ വകയിരുത്തുന്ന ലക്ഷങ്ങളുടെ മൂല്യം എന്താണ്? മലയാളം മീഡിയത്തെ പുകഴ്ത്തുകയും ഇംഗ്ലിഷ് മീഡിയത്തെ ഇകഴ്ത്തുകയും ചെയ്യുന്നത്  ഏത് ധാർമ്മികതയുടെ പിൻബലത്തിലാണ്? ഈ ചോദ്യങ്ങളുടെ ഉത്തരം തേടുമ്പോൾ  ലേഖകന് വെളിവാകുന്നത്, ജനാധിപത്യവ്യവസ്ഥ പോലെ പ്രധാനമാണ് നാടിന് ഭാഷ എന്നതാണ്. ജനാധിപത്യം അരാജകത്വത്തെ അനുവദിക്കുന്നില്ല. ഭാഷയിലും അങ്ങിനെ തന്നെ.

നമുക്ക് മലയാളഭാഷയെക്കുറിച്ച് സംസാരിക്കാം. നമ്മുടെ സാംസ്കാരിക രംഗത്ത് ഇന്ന് അനാദരം ഏറ്റുവാങ്ങേണ്ടിവരുന്ന ശാഖകളിൽ മുൻപന്തിയിൽ മലയാളമുണ്ട്.  ക്ലാസ് മുറികളിലും പ്രസംഗവേദികളിലും ഭാഷ അവമതിക്കപ്പെടുന്നു.
പത്രത്തത്താളുകളിലും ടിവി പ്പെട്ടിയിലും മലയാളം ചവിട്ടിയരയ്ക്കപ്പെടുന്നു. എങ്ങിനെയാണെന്നറിയില്ല, ഭാഷയ്ക്ക് നിയമങ്ങൾ ആവശ്യമില്ല എന്ന് തീരുമാനിക്കുന്നതിൽ ഇന്ന് ഒരുമാതിരിപ്പെട്ട ബുദ്ധിജീവികളെല്ലാം  ഒറ്റക്കെട്ടാണ്. പഴഞ്ചനും മുഷിപ്പനുമായ   വ്യാകരണത്തെ തള്ളിപ്പറയുക എന്നതിന് വിപ്ലവകരവും  ജനകീയവുമായ ഒരു പുരോഗമനാശയം എന്ന നിലയ്ക്ക് പരക്കേ സ്വീകാര്യതയും കിട്ടിക്കൊണ്ടിരിക്കുന്നു.

ഫുട്‌ബോൾ ഗ്രൗണ്ടിലും കോടതിമുറിയിലും വില്ലേജാപ്പീസിലും നിയമത്തെ കാണുമ്പോൾ മുണ്ട് ഞാത്തിയിട്ട് മേൽമുണ്ട് കക്ഷത്തിൽ തിരുകി നിൽക്കുന്നവർ മലയാള ഭാഷയ്ക്ക് നേരെ മീശപിരിക്കുവാൻ മടി കാണിയ്ക്കുന്നില്ല എന്ന പരമാർത്ഥത്തെ നാം എങ്ങിനെയാണ് ഉൾക്കൊള്ളേണ്ടത്? ഇംഗ്ലിഷ് ഭാഷയുടെ ഉച്ചാരണപ്പിശകും വ്യാകരണപ്പിഴവും പരിഹാസ്യവും മലയാളഭാഷത്തിലെ വികലപ്രയോഗങ്ങൾ സ്വീകാര്യവും എന്ന നിലപാടിന് എന്ത് സാധൂകരണമാണ് നമുക്ക് കണ്ടെത്താൻ കഴിയുന്നത്? ‘ബൂർഷ്വാ’ എന്ന അത്യന്തം ക്ളിഷ്ടമായ ഫ്രഞ്ചുപദം കൃത്യമായി എഴുതുന്നയാൾക്ക് ‘യാദൃശ്ചികം’  എന്നെഴുതിയാൽ ധാരാളമായി എന്ന ഇരട്ടത്താപ്പ് സ്വീകരിക്കാൻ സൗകര്യം നൽകുന്ന സാംസ്കാരിക സാഹചര്യത്തെ നാം എങ്ങിനെയാണ് ഉൾക്കൊള്ളേണ്ടത്? എഴുതിയാൽ  അതേപടി വായിക്കാവുന്ന മലയാളത്തിന്റെ ഉച്ചാരണം ദഹിയ്ക്കാത്ത തലച്ചോറിന് ഒരേ അക്ഷരം പലവാക്കുകളിൽ വ്യത്യസ്തമായി ഉച്ചരിക്കുന്ന ഇംഗ്ലിഷ് പത്ഥ്യമാവുന്നതിന്റെ യുക്തി എന്താണെന്നാണ് മനസ്സിലാക്കേണ്ടത്?

‘ചക്ക പഴം’ എന്നും ‘പശു ചാണകം’ എന്നും എഴുതുമ്പോഴും ‘മദ്യകേരളം’ എന്നും ‘മുക്ക്യമന്ത്രി’ എന്നും പറയുമ്പോഴും നഷ്ടമാകുന്നത് ഭാഷയുടെ ഭംഗി മാത്രമല്ല കൃത്യതകൂടിയാണെന്ന്  എന്ന് തിരിച്ചറിയുവാൻ എന്താണ് നമുക്ക് ഇത്ര വൈമുഖ്യം? നിയമം എന്നതിലുപരി,  എഴുത്തിലും സംസാരത്തിലും പാലിക്കേണ്ട മര്യാദ , നമ്മുടെ സംസ്കാരത്തോട് കാണിയ്ക്കുന്ന ആദരം കൂടിയാണ് എന്ന വിവേകം നഷ്ടമായതിന് നാം ആരെയാണ് പ്രതിക്കൂട്ടിൽ നിർത്തേണ്ടത്?  എന്തിന്റെ പേരിലാണ് മലയാളത്തിന്റെ  ശ്രേഷ്ഠഭാഷാ പദവിയ്ക്കായി നാം മുറവിളി കൂട്ടുന്നത്?

ഇരുമ്പുലയ്ക്ക പോലുള്ള വ്യാകരണനിയമങ്ങൾക്കും  ചതുരവടിവിലുള്ള ഒരു ഭാഷാരൂപത്തിന്നും മദ്ധ്യേ  മലയാളത്തെ കൂച്ചുവിലങ്ങിട്ട് നിർത്തി ചട്ടം പഠിപ്പിക്കേണം എന്നല്ല. വ്യക്തിപരവും പ്രാദേശികവുമായ പ്രയോഗവൈജാത്യങ്ങൾ ഭാഷയുടെ  സൗന്ദര്യവും ഉൾക്കരുത്തും ഏറ്റുന്നു എന്ന യാഥാർഥ്യം മറ്റാരെപ്പോലെ ലേഖകൻ മനസ്സിലാക്കുകയും ചെയ്യുന്നു: അതോടൊപ്പം, സാമാന്യവ്യവഹാരങ്ങൾക്ക് എന്ന പോലെ സാഹിത്യത്തിനും ഇത് ബാധകം തന്നെ എന്നതും. ഭാഷയിലെ സർഗ്ഗപരവും സാമൂഹ്യവും വൈയക്തികവുമായ ഈ ജനാധിപത്യത്തെ അംഗീകരിക്കുമ്പോഴും ഇതേ ജനാധിപത്യത്തിന്റെ കാതലായ തുല്യനീതിയുടെ ആനുകൂല്യം ഭാഷയുടെ തനിമയും ഘടനയും നിലനിർത്തുന്ന അടിസ്ഥാന തത്വങ്ങൾക്കും ലഭിക്കണമെന്ന പരിമിതമായ ആഗ്രഹമേ ലേഖകൻ പ്രകടിപ്പിക്കുന്നുള്ളൂ. ഫുട്‌ബോൾ കളിയിൽ എന്ന പോലെ  ഇവിടെയും കളിയ്ക്കാരൻ നിയമത്തെ അറിയണം, ആദരിക്കണം.

പ്രഥമപരിഗണനയിൽ പൊതുസമൂഹത്തെ ഇതിന്റെ എല്ലാവിധത്തിലും ഉള്ള ബാധ്യതകളിൽ നിന്നും ഒഴിവാക്കാനാവും എന്നു തോന്നുന്നു. എന്നാൽ സമകാലിക മാധ്യമങ്ങളും അധ്യാപകരും ഈ വിഷയത്തിൽ തങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാവൂ.

വലിയൊരു സമൂഹത്തെ അഭിസംബോധന ചെയ്യുകയും സ്വാധീനം ചെലുത്തുകയും ചെയ്യാൻ കഴിവുള്ളതിനാൽ മാദ്ധ്യമങ്ങളും അദ്ധ്യാപകരും, ഭാഷയുടെയും സംസ്കാരത്തിന്റേയുമൊക്കെ പതാകാവാഹകരും സംരക്ഷകരുമൊക്കെ ആയി പരിഗണിക്കപ്പെടുന്നുണ്ടല്ലോ. മാദ്ധ്യമങ്ങളിലും ക്ലാസ് മുറികളിലും ഇന്ന് പറയുന്നതെന്തൊക്കെയോ അതെല്ലാമാണ് നാളത്തെ പ്രമാണം. ഇനിയുള്ള കാലത്ത് ഒരു എൻ.വി. കൃഷ്ണവാരിയരെയോ ഒരു പന്മനസാറിനെയോ ഒക്കെ  കണ്ടുകിട്ടാനും ബുദ്ധിമുട്ടും. ഈയൊരു സാഹചര്യത്തിൽ ഭാഷയിൽ വെള്ളം ചേരാനും അതിന്റെ തനിമയും കരുത്തും ചോർന്നുപോകാനുമുള്ള സാദ്ധ്യത വളരെയധികമാണ്.  ഈ മേഖലയുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്നവർ അതീവശ്രദ്ധാലുക്കൾ ആയിരിക്കേണ്ട കാലഘട്ടമാണിത് എന്ന് അടിവരയിട്ട് പറയാൻ കാരണവും മറ്റൊന്നല്ല. ശ്രദ്ധവേണം, അത് ക്ലാസ് റൂമിലാണെങ്കിലും ന്യൂസ് റൂമിലാണെങ്കിലും.

മാനകഭാഷ വരേണ്യവും രൂപാന്തരങ്ങൾ നീചവും എന്ന വിവക്ഷ ഒട്ടുംതന്നെയില്ല. മറിച്ച് രണ്ടിന്റെയും പ്രാധാന്യം അംഗീകരിക്കുകയും ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുകയും ആണ് ചെയ്യുന്നത്. മാനകഭാഷയായാലും പ്രാദേശികരൂപങ്ങളായാലും അതാതിന്റെ തനിമ പ്രകാശിതമാകുന്നേടത്താണ് ഭാഷയുടെ മനോഹാരിത വെളിവാകുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതായിട്ടുണ്ട്.
ലോകഭാഷകളിലെല്ലാം ഇത്തരത്തിൽ പ്രാദേശികം- മാനകം എന്നിങ്ങനെ രണ്ടുവകതിരിവുകൾ ഉണ്ടായിരിക്കും എന്നും ലേഖകൻ മനസ്സിലാക്കുന്നു. എല്ലാ പ്രദേശത്തുകാരോടും  ഒരുപോലെ സംവദിയ്ക്കാനായി ഒരു മാനകഭാഷ നിലനിൽക്കവെതന്നെ, ആ ഭാഷയുടെ മനോഹാരിതയും ശക്തിയും പ്രകടമാകുന്നത് അതിന്റെ ഭാഷാഭേദങ്ങളിലാണ് എന്നത് ഭാഷയെ സംബന്ധിക്കുന്ന ഒരു പൊതുതത്വമാണ്. ഇവിടെ വരേണ്യമെന്നൊ അല്ലാത്തതെന്നോ ഉള്ള ചേരിതിരിവ് ലേഖകൻ കാണുന്നില്ല. എന്നാൽ ഇപ്പോൾ നടപ്പിലുള്ള സാംസ്കാരികസംവിധാനങ്ങളിൽ ഭാഷയുടെ ഈ രണ്ട് ധാരകൾക്കും അവഗണനയാണ് ലഭിയ്ക്കുന്നത്. പ്രത്യയശാസ്ത്രപരവും സൗന്ദര്യശാസ്ത്രപരവുമായ മികച്ച പരിചരണം ഇന്ന് പ്രക്ഷീണമായ ഭാഷാഗാത്രത്തിന്റെ ഉള്ളുറപ്പും ഓജസ്സും വീണ്ടെടുക്കുവാൻ ആവശ്യമായി വന്നിരിക്കുന്നു.

അപ്പോൾ , ലേഖകനെ സംബന്ധിച്ച് കാര്യം ഇത്രയേ ഉള്ളൂ. നമ്മൾ നിത്യേന പല ആവശ്യങ്ങൾക്കായി എടുത്തുപയറ്റുന്ന ഭാഷയുടെ ആയോധന നിയമങ്ങൾ അറിയാനും ആദരിയ്ക്കാനുമുള്ള സന്മനസ്സ് ആവശ്യമാണ്. അല്ലെങ്കിൽ ആയുധത്തിന്റെ മൂർച്ചപോകും. പൊയ്ത്തിൽ*
തോൽക്കുകയും ചെയ്യും.

ഭാഷ വെറും ഒരു വിനിമയോപാധിയല്ല. കവിയുടെ ആലയിലെ കനൽ മാത്രവുമല്ല അത്.  ഒരു ഭൂവിഭാഗത്തിന്റെ നരവംശശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം , സാമാന്യശാസ്ത്രം, സാഹിത്യം ,കല, കൃഷി,  സാമ്പത്തികക്രമം, കച്ചവടം , ഭരണം തുടങ്ങി നമ്മുടെ ഗവേഷണരംഗം  ഇനിയും കടന്നു ചെന്നിട്ടില്ലാത്ത അവാന്തരവിഭാഗങ്ങൾ പോലും ഉൾപ്പെടുത്തേണ്ടിവരുന്ന വൻ ശാഖാസംഘാതത്തിന്റെ വൈറ്റൽ ഇൻഫോർമേഷൻ എൻകോഡ് ചെയ്തിരിക്കുന്ന, സോഫ്റ്റ്വെയർ പ്ലാറ്റ്ഫോം ആണ് അത്. അതേസമയം ആധുനിക മനുഷ്യൻ ഇതുവരെ നിർമിച്ചിട്ടുള്ള സോഫ്റ്റ്വെയറുകളിൽ ഏറ്റവും യൂസർഫ്രണ്ട്ലി. സ്വതന്ത്രം. കസ്റ്റമൈസബിൾ.  നൂറ്റാണ്ടുകളിലൂടെയുള്ള  അതിന്റെ ഘടനാബദ്ധവും ക്രമാനുഗതവുമായ വികാസപരിണാമങ്ങൾ സാദ്ധ്യമാക്കിയതും ഇനിയും സാദ്ധ്യമാക്കാൻ പിൻതുണ നൽകുന്നതും  സുഘടിതമായ ഈ സോഫ്റ്റ്വെയർ സങ്കേതമാണ്. മാനവരാശിയുടെ സാംസ്കാരിക ഡി.എൻ.എ യിലാണ് അത് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. ഉപയോക്താവിന് ഇതിൽ ആവശ്യാനുസരണം ഇഷ്ടമുള്ള ആപ്പ്ളിക്കേഷനുകൾ ഉപയോഗിക്കാം. എന്നാൽ അടിസ്ഥാന പ്രോഗ്രാമിങ്ങിൽ മാറ്റം വരുത്തുമ്പോൾ കമ്പാറ്റിബിലിറ്റി പ്രശ്നങ്ങൾ അഭിസംബോധന ചെയ്യേണ്ടതായിട്ടുണ്ട്. അതിന് വൈദഗ്ധ്യം ആവശ്യമാണ്. അറിവും പ്രാഗത്ഭ്യവും ആവശ്യമാണ്. പിന്നെ, കൈകാര്യം ചെയ്യുന്ന വിഷയത്തോട് അല്പം ആദരവും വേണം.

ഇതുകൂടി നമ്മൾ മനസ്സിലാക്കേണ്ടതായിട്ടുണ്ട് എന്നു തോന്നുന്നു-  സംസ്കാരത്തെയും പാരമ്പര്യത്തേയും നിഷേധിക്കാൻ ശാസ്ത്രീയമായി പരിശീലനം സിദ്ധിച്ച ഒരു തലമുറ അച്ഛനെയും അമ്മയെയും ബഹുമാനിക്കണമെന്ന് പറയുന്നത്. ശരിയല്ല എന്ന്.

* പൊയ്ത്ത് … അങ്കം മത്സരം എന്നൊക്കെ അർത്ഥമുള്ള വാക്ക്.

 

 

ശ്രീകുമാർ കക്കാട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!