ഉത്തരങ്ങൾ ബാക്കിയാവുന്ന ചോദ്യങ്ങളുടെ ദൈവക്കളി!

പുതിയ കാലത്തിന്റെ കൂനിച്ച ചോദ്യങ്ങൾ കൊഞ്ഞനം കുത്തുന്ന കഥകളുടെ സമാഹാരമാണ്‌ അജിജേഷ്‌ പച്ചാട്ട്‌ ദൈവക്കളിയിലൂടെ നമുക്കിട്ടു തരുന്നത്‌. ഓരോ കഥയിലും പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര ഉത്തരങ്ങൾ നൽകിയാലും ഒരു ചോദ്യം വീണ്ടും ബാക്കിയാകും. അസാധാരണ ചിന്തകളുടെ അതിസാധാരണ പറച്ചിലിലൂടെ ഓരോ കഥയും കടന്നു പോകുന്നു. പഴയ കാലത്തിന്റെ മൂടിക്കെട്ടലുകളില്ലാത്ത കഥാപരിസരങ്ങളുടെ തെളിമ നൽകുന്ന വായനാനന്ദം വളരെ വലുതാണ്‌.

ആന്റപ്പനും ദൈവവും തമ്മിലുള്ള കളിയാണ്‌ ദൈവക്കളി എന്ന കഥയിൽ. കളിയ്ക്കിടയിൽ ദൈവത്തിനു തന്റെ സ്ഥാനം ആന്റപ്പനു നൽകേണ്ടി വരികയും ദൈവം പുറത്താക്കപ്പെടുകയും ചെയ്യുന്നതിലേക്ക്‌ കഥ വികസിച്ചൊടുങ്ങുന്നു. ആൾക്കൂട്ട നീതിയുടെ തുലാസിൽ ആന്റപ്പൻ തന്റെ അനിവാര്യ മരണത്തിലെത്തുന്നു. ഈ ലോകത്ത്‌ ഏറ്റവും നിസ്സഹായനാണു താനെന്ന ബോധത്തിൽ ദൈവവും കളിയും അവസാനിയ്ക്കുന്നു.

ആനായാസമല്ലാത്ത ആറു ചോദ്യങ്ങളാണ്‌ അര മണിയ്ക്കൂർ ദൈർഘ്യമുള്ള ചോദ്യപേപ്പറിലുള്ളത്‌. തെരുവുനീതിയുടെ വർത്തമാനം സദാചാരത്തിന്റെ മേമ്പൊടിയിൽ ചാലിയ്ക്കപ്പെട്ട ഒരുപാടു ചോദ്യങ്ങൾക്ക്‌ നമ്മൾ ഉത്തരമെഴുതേണ്ടി വരുമെന്ന ഓർമ്മപ്പെടുത്തലാണ്‌ ബാക്കിയാവുന്നത്‌.

പൊട്ടക്കിണറുകളിൽ വീണ്‌ കൂവിയവസാനിയ്ക്കേണ്ടി വരുന്ന ജീവിതങ്ങൾ കൂവൽക്കിണറുകളിലുണ്ട്‌. ഇരുണ്ട ഹാസ്യം പൊതിഞ്ഞ കഥയിൽ സാവിത്രിയേടത്തിയും അവരുടെ വിശ്വാസങ്ങളും ചോദ്യങ്ങളുയർത്തും.

പെണ്ണാനന്ദത്തിന്റെ അനുഭവം അതിന്റെ തീവ്രതയിൽ തന്നെ വായിച്ചെടുക്കാം. പെൺമനസ്സുകളുടെ രാഷ്ട്രീയം കൂടിയാണ്‌ പൊന്മൂർച്ഛ പറഞ്ഞു വയ്ക്കുന്നത്‌.
ശരീരത്തിന്റെ സംഘർഷമാണ്‌ ആദിത്യനിലൂടെ വരച്ചിടുന്നത്‌. ആഖ്യാനത്തിന്റെ പുതുമകൊണ്ടു കൂടി താക്കോലുള്ള കുട്ടി സൂക്ഷ്മവായനയ്ക്ക്‌ നിർബന്ധിയ്ക്കപ്പെടും.
വാർദ്ധക്യത്തിന്റെ സംഘർഷങ്ങളുമായാണു കാസ്ട്രോത്സവശേഷം കടന്നു വരുന്നത്‌. തോമസൂട്ടിയും അപ്പൻ മാത്തച്ചനും രണ്ടു തലമുറകളുടെ വിപ്ലവാശിഷ്ടങ്ങളാണ്‌. മാത്തച്ചൻ തന്നെയാണ്‌ തോമസൂട്ടിയുമാകുന്നത്‌. അപ്പന്റെ നിശബ്ദതയെ ആ ശരീരത്തിൽ നിന്ന് ഇറക്കിവിടുമ്പോൾ ഒപ്പം തന്റെ സംഘർഷങ്ങളെക്കൂടി തോമസൂട്ടി പടിയിറക്കുന്നുണ്ട്‌.

നാട്ടിടവഴിയിലോ വീട്ടുമുറ്റത്തോ ചോദ്യമായി എത്തുന്ന ആരുടേയൊക്കെയിയ പ്രതിരൂപമാണ്‌ കാബിറാജി(മ എന്ന കാർണ്ണിവലിലെ നായകനും നായികയും).
ഷാജി എറിഞ്ഞിടുന്ന ചോദ്യങ്ങൾക്കു മുന്നിൽ നിസ്സഹായരായിപ്പോകുന്നത്‌ വായനക്കാർ കൂടിയാണ്‌. അമ്മിണിയും സിന്ധുവും വെറും പരിഹാസ കഥാപാത്രങ്ങളല്ല സമൂഹത്തിന്റെ അവശേഷിപ്പുകളാണെന്ന് പശുമതികൾ കാട്ടുന്നു.

കലാപത്തിന്റെ വിത്തുകൾ വീഴുന്നതും മുളയ്ക്കുന്നതുമെല്ലാം എത്ര നിശബ്ദമായാണ്‌. സ്വാതന്ത്ര്യം പോലും ചോരച്ചാലുകൾക്കും നിലവിളികൾക്കും ഇടയിലാരുന്നില്ലേ! റാഡ്‌ക്ലിഫിന്റെ കത്രികയുമായെത്തിയ മോഷ്ടാവും ട്രയിൻയാത്രക്കാരും ടോയ്‌ലറ്റിലൊളിച്ച പെൺകുട്ടിയുമെല്ലാം നാളെകളിൽ നമ്മുടെ രൂപമായിരിയ്ക്കും.
മനുഷ്യരെ ചികിൽസിയ്ക്കുന്ന ആസ്പത്രികളും തേടി ജിനൻ വീണ്ടും നടക്കുമായിരിയ്ക്കും. അപകടങ്ങളുണ്ടാവുമ്പോൾ ഓടിയെത്താൻ ഇനിയും ജിനന്മാർ ജനിയ്ക്കുമായിരിയ്ക്കും. പേടിപ്പതിപ്പിൽ പുസ്തകത്തിലെ പത്താമത്തെ കഥയും അവസാനിയ്ക്കുന്നു.

സമീപകാലത്തെഴുതപ്പെട്ട പത്തു കഥകളുമായി ദൈവക്കളി പുസ്തകമായി മുന്നിലെത്തുമ്പോൾ കനം കൊണ്ടും കാമ്പു കൊണ്ടും ശ്രദ്ദേയമാണ്‌ ഓരോകഥകളും. ഇതുവരെ വായിക്കപ്പെടാത്ത അനുഭവങ്ങളുടെ മാസ്മരികതയാണ്‌ അജിജേഷ്‌ നമുക്ക്‌ സമ്മാനിയ്ക്കുന്നത്‌. ഒരു മായാജാലക്കാരന്റെ വിരുതോടെ ഓരോ കഥയേയും ഓരോ ലോകമാക്കി മാറ്റുകയും അവയെ ശ്രദ്ദാപൂർവ്വം വായനാലോകത്തേക്ക്‌ എത്തിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. ഓരോ പുസ്തകത്തിലും എഴുത്തുകാരനെ അടയാളപ്പെടുത്തുന്ന, ഏറ്റവും മികച്ചതെന്നവകാശപ്പെടാവുന്ന ഒരു കഥയുണ്ടാകും. ഈ പുസ്തകത്തിൽ അതേതെന്നു ചോദിച്ചാൽ പത്തുത്തരങ്ങൾ നൽകാൻ എനിയ്ക്കു കഴിയും. ദൈവക്കളിയും അജിജേഷും മലയാളത്തിന്റെ അടയാളങ്ങളാണ്‌!!!

(ദൈവക്കളി ഡി സി ബുക്‌സ്‌ പുറത്തിറക്കുന്നു. വില 160 രൂപ)

എസ്‌. ജെ. സുജിത്‌

Leave a Reply

Your email address will not be published.

error: Content is protected !!