എൻഡോസൾഫാൻ; ഒന്നു തിരിഞ്ഞുനോക്കുമ്പോൾ

വർഷങ്ങളായി ചർച്ചകളിൽ നിറയുകയും പിൽക്കാലത്ത് ഒരുപാട് വിവാദങ്ങൾക്കു തിരികൊളുത്തുകയും ചെയ്തൊരു വിഷയമാണ് കേരളത്തിലെ എൻഡോസൾഫാൻ ദുരന്തം. കാസറഗോഡ് ജില്ലയിൽ 11 ഗ്രാമപഞ്ചായത്തുകളിലെ പ്ലാന്റേഷൻ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കശുമാവിൻ തോട്ടങ്ങളിൽ ഉപയോഗിച്ച എൻഡോസൾഫാൻ എന്ന ഓർഗാനോക്ലോറിൻ കീടനാശിനി, അതുണ്ടാക്കിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ, ഇന്നും തുടരുന്ന ദുരിതങ്ങൾ, ഇവയെക്കുറിച്ച്‌ ഏതാണ്ട് ഇരുപതിലേറെ ഗൗരവതരമായ പഠനങ്ങൾ നടന്നിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2000- ത്തോടെ ഉപയോഗം നിർത്തിവയ്ക്കുകയും ഏകദേശം 2001- ഓടെ നിയമംമൂലം നിരോധിക്കുകയും ചെയ്ത കീടനാശിനി ഇന്നും കാസറഗോഡിന്റെ മണ്ണിൽ ദുരന്തം വിതയ്ക്കുന്നു എന്നുപറയുന്നതിലെ അസ്വാഭാവികത ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യപ്പെടുന്ന ഒന്നുതന്നെയാണ്.
അറുപതുകളിൽ കൃഷിവകുപ്പാണ് കാസറഗോടിന്റെ താരതമ്യേന ഈർപ്പം കുറഞ്ഞ കുന്നിൻചെരിവുകളിൽ കശുമാവിൻതോട്ടങ്ങൾ വച്ചുപിടിപ്പിക്കാൻ തുടങ്ങിയത്. ’78- ൽ അത് പ്ലാന്റേഷൻ കോർപ്പറേഷൻ ഏറ്റെടുക്കുകയായിരുന്നു. ’81 മുതൽക്കാണ് എൻഡോസൾഫാൻ ഏരിയൽ സ്പ്രേ വർഷത്തിൽ മൂന്നുപ്രാവശ്യം സ്ഥിരമായി ചെയ്യാൻ ആരംഭിച്ചത്. 4500 ഹെക്ടറിലേറെവരുന്ന പ്ലാൻറ്റേഷൻ ഏരിയയിൽ അത് അന്ന് പ്രായോഗികമായ കീടനശീകരണം ആയിരുന്നിരിക്കാം. 90 കളുടെ അവസാനത്തോടെ പരിസരവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങിയെന്ന് കാണിച്ചു ആരോഗ്യരംഗത്തും മാധ്യമരംഗത്തുമുള്ള സാമൂഹ്യപ്രവർത്തകരുൾപ്പെട്ട സംഘങ്ങൾ ഈ വിഷയത്തിൽ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചെങ്കിലും പിന്നെയും വർഷങ്ങളുടെ കാത്തിരിപ്പു വേണ്ടിവന്നു അവരുടെ പ്രവർത്തനങ്ങൾ ഫലം കാണാൻ. 2000 തുടക്കത്തോടെ ICMR ന്റെയും മറ്റു ഡിപ്പാർട്മെന്റുകളുടെയും തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികൾ സ്ഥലം സന്ദർശിച്ചു പഠനങ്ങളാരംഭിച്ചു. എൻഡോസൾഫാൻ ഉപയോഗവും തദ്ദേശവാസികളുടെ പെട്ടെന്നുടലെടുത്ത ആരോഗ്യപ്രശ്നങ്ങളെയും മുൻനിർത്തിയുള്ള പഠനങ്ങളുടെ റിസൾട്ട് വ്യത്യസ്തങ്ങളായിരുന്നെങ്കിലും എല്ലാ പഠനങ്ങളും ഒരു കാര്യത്തിൽ യോജിച്ചു തന്നെ നിന്നു, ഏരിയൽ സ്പ്രേ വേണ്ട എന്നതിൽ,ശരിയായ മുൻകരുതലില്ലാതെ കീടനാശിനി വൻ അളവിൽ പ്രയോഗിച്ച പ്ലാന്റേഷൻ കോർപറേഷന്റെ വീഴ്ചയെക്കുറിച്ച്.‌ 20 വർഷത്തിലേറെ തുടർന്ന അമിത കീടനാശിനി ഉപയോഗം ഇതിനോടകം കാസറഗോഡിന്റെ ജലസ്രോതസ്സുകളെ മലിനമാക്കിയിരിക്കാം.
പഠനങ്ങളുടെയും ജനമുന്നേറ്റങ്ങളുടെയും അടിസ്ഥാനത്തിൽ ഗവൺമെന്റ് നിയോഗിച്ച കാർഷിക സർവ്വകലാശാല പഠനസംഘത്തിന് ജലസ്രോതസ്സുകളിൽ അപായകരമാം വിധം കീടനാശിനിയുടെ അളവ് കണ്ടെത്താനായില്ലെങ്കിലും മണ്ണിൽ അത് വളരെക്കൂടുതലാണെന്നു കണ്ടെത്താനായി. ഏരിയൽ സ്പ്രേ നിർത്തി ആവശ്യമായ അളവിൽ മാത്രം കീടനാശിനി ഉപയോഗിക്കാൻ റെക്കമെന്റ് ചെയ്തുകൊണ്ടുള്ളതായിരുന്നു KAU സംഘത്തിന്റെ പഠന റിപ്പോർട്ട്. ഗവൺമെന്റും ഇതര ഏജൻസികളും പഠനങ്ങൾ തുടരുമ്പോഴും കാസറഗോടിന്റെ ദുരന്തം തുടർന്നുകൊണ്ടേയിരുന്നു. അയ്യായിരത്തിനുമേൽ രോഗബാധിതരുണ്ടെന്നാണ് കണക്കെങ്കിലും കാസരഗോടിന്റെ ഉൾനാടുകളിൽ ഇനിയും പുറംലോകമറിയാത്ത ഒരുപാട് രോഗികളുണ്ടെന്ന് ഒരു സന്നദ്ധപ്രവർത്തകൻ ഈ വിഷയം സംസാരിച്ചപ്പോൾ കൂട്ടിച്ചേർത്തതോർക്കുന്നു. 2011 ലെ സ്റ്റോക്ക്ഹോം കൺവെൻഷൻ ഗ്ലോബൽ ബാൻ റെക്കമെൻഡേഷൻ അപ്പ്രൂവ് ചെയ്തു.
എൻഡോസൾഫാൻ ദുരിതബാധിതർ എന്നൊരു കാറ്റഗറി തന്നെ രൂപപ്പെട്ടുവരുന്നത് ശ്രദ്ധയിൽപ്പെട്ട നാളുകളിലാണ് ഈ ഒരു വിഷയം ശ്രദ്ധിക്കാൻ തുടങ്ങിയത്. സെക്രട്ടേറിയറ്റ് നടയിൽ 2016- ൽ സുഖമില്ലാത്ത മക്കളെയും ചേർത്തുപിടിച്ച്‌ അമ്മമാർ നടത്തിയ സമരം അന്നത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അർഹതപ്പെട്ട സഹായധനം കിട്ടുന്നില്ലെന്നതായിരുന്നു അന്നവരെ അവിടെഎത്തിച്ചതെന്ന് സമരപ്പന്തലിൽ പറഞ്ഞുകേട്ടു. സെറിബ്രൽ പാൾസിയും ഹൈഡ്രോസിഫാലസ്സും ഡൌൺ സിൻഡ്രോമും ബാധിച്ച, അവശരായ പ്രായം നിശ്ചയിക്കാൻ പോലുമാകാത്തവരെ അന്നവിടെ കണ്ടു. അവരിൽപ്പലരും വർഷങ്ങളായി കിടക്കയിലൊതുങ്ങിപ്പോയവരാണെന്നും. ഉള്ളുപൊള്ളിക്കുന്ന ആ കാഴ്ചയാണ് എൻഡോസൾഫാൻ ദുരിതബാധിത മേഖലയിലേയ്ക്ക് നേരിട്ടിറങ്ങാൻ പ്രചോദനമായത്. മുൻപേ വന്നിരുന്ന പഠനങ്ങളിലൊന്നും ഒരു വ്യക്തത തോന്നിയില്ല. ഒരുവിഭാഗം എൻഡോസൾഫാൻ എന്ന കീടനാശിനിയെ പ്രതിക്കൂട്ടിലാക്കുകയും ഉപയോഗം വർഷങ്ങൾക്കുമുമ്പേ അവസാനിപ്പിച്ചെങ്കിലും അന്നത്തെ അമിതോപയോഗവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും മണ്ണിനെയും വെള്ളത്തിനേയും കേടുവരുത്തി, അവരുടെ മാത്രമല്ല ഇപ്പോൾ ജനിക്കുന്ന കുഞ്ഞുങ്ങളുടെ വരെ ജീവിതത്തിനെ ബാധിക്കുന്നതായി വിലയിരുത്തുകയും മറ്റൊരു വിഭാഗം നഖശിഖാന്തം അവരുടെ വാദങ്ങളെ എതിർക്കുകയും ചെയ്യുന്നു. വലിയൊരു സന്നാഹത്തോടെയല്ലാതെ ആ ഏരിയയിൽ എത്തിപ്പെട്ടതിനു തീർത്തും വൈകാരികമായൊരു വശംകൂടെയുണ്ടായിരുന്നു. “എന്റെ സ്വപ്നങ്ങളിലെപ്പോഴും മുരളുന്നൊരു ഹെലികോപ്ടറിന്റെ ഒച്ചയുണ്ട്. അതിനു പിന്നാലെ ഓടുമ്പോൾ എപ്പോഴൊക്കെയോ ദേഹത്തു തെറിച്ചുവീഴുന്ന വെള്ളത്തുള്ളികളുണ്ട്…” ഒരുപാടുകാലം പിന്തുടർന്നിരുന്ന ഒരു വാചകം. ആ ഒച്ചകൾ ഒരിക്കലെന്റെ കാതിനെയും തേടിയെത്തിയിരുന്നു. അനുസരണയുണ്ടെന്നു ഭാവിച്ചു മുന്നിലിരിക്കുന്ന 43- ഓളം മുഖങ്ങളിലും ആ ശബ്ദം കൗതുകമുണർത്തിയിരുന്നു; പിറകേ ഓടി അതിൽനിന്നു വർഷിക്കുന്ന വിഷത്തുള്ളികളിൽ കുളിക്കാനുള്ള ബാല്യം കൈവിട്ടവരായിരുന്നു അന്ന് എനിക്ക് മുന്നിലുണ്ടായിരുന്നത്. അറിയേണ്ടിയിരുന്നത് ഒന്നുമാത്രം, എന്ടോസൾഫാനാണോ ഞാനത്രയേറെ ഇഷ്ടപ്പെട്ടിരുന്ന, ആദ്യതൊഴിലിടങ്ങളിലൊന്നായ കാസറഗോടിന്റെ ഈ ദുരവസ്ഥയ്ക്ക് കാരണം, അതോ മറ്റുവല്ലതുമാണോ? അങ്ങനെയെങ്കിൽ അതെന്ത്? അതിനെ നേരിടാൻ ചെയ്യാനാവുന്നതെന്ത്? ഇത്രമാത്രമായിരുന്നു വിശദമായൊരു പഠനമുദ്ദേശിച്ചിറങ്ങാൻ കാരണം.
ഒരല്പം വിശദമായിത്തന്നെപോകുന്ന വേറൊരു പഠനറിപ്പോർട് അധികം താമസിയാതെ തേടിവന്നു. 2017- ൽ പബ്ലിഷ് ചെയ്ത ആ പേപ്പറിന്റെ ആധികാരികത ചോദ്യംചെയ്യപ്പെടാനാകാതെ നിലനിൽക്കുന്നു. അതിൽ പറഞ്ഞതുപോലെ, ആദ്യ പഠനങ്ങളിൽ കണ്ട റിസൾട്ട് പ്രകാരം 2002 -ൽ അവസാനിപ്പിച്ച എൻഡോസൾഫാൻ ഉപയോഗത്തിന്റെ കെടുതികൾ ഇപ്പോഴും തുടരുന്നു എന്നു മാത്രമല്ല, തദ്ദേശത്തെ വെള്ളത്തിൽ കാണാത്തത്ര സാന്ദ്രതയിൽ അത് രക്തത്തിൽ കാണുന്നു എന്നും മറ്റുമുള്ള വാദത്തിന്റെ ശാസ്ത്രീയത വിശ്വാസയോഗ്യമാകുന്നുമില്ല. കൂടാതെ കീടനാശിനി തളിച്ച വില്ലേജിലുള്ളതിനേക്കാളും ശ്വാസകോശസംബന്ധിയായതും മേൽവിവരിച്ച രോഗങ്ങളിൽ പെട്ടവയും കീടനാശിനി പ്രയോഗം നടന്നിട്ടില്ലാത്തിടത്തും അധികമായി കാണുന്നതും ആദ്യ വാദം പൊളിക്കുന്നതാണ്.
അങ്ങനെയെങ്കിൽ, കാസറഗോഡിന്റെ ദുരന്തന്തിന് വേറെയൊരു കാരണമുണ്ട്. മറ്റുള്ള ജില്ലകളിലും സെറിബ്രൽ പാൽസിയും ഡൌൺ സിൻഡ്രോമുമെല്ലാമുണ്ട്, നമ്മളതത്ര നോട്ട് ചെയ്യാത്തതാണെന്ന ചുറ്റും കേൾക്കുന്ന ശബ്ദങ്ങളെയും അത്രയ്ക്ക് മൈൻഡ് ചെയ്യാൻ തോന്നുന്നില്ല. കാരണം കാസര്ഗോഡിന്റേത് അത്ര നിസ്സാരമായിക്കാണാനാവില്ല, കുറഞ്ഞപക്ഷം എനിക്കെങ്കിലും. ഓരോന്നും നേരിട്ടറിഞ്ഞതാണ്, ഒരുപാടുനേരം വീർപ്പടക്കിയിരുന്ന്, സ്വകാര്യമായി പൊട്ടിക്കരഞ്ഞതാണ്. എരുമപ്പള്ളത്തെ, ചെന്നെത്താനൊരു വഴിപോലുമിലാത്ത വീട്ടിലെ തൊട്ടിലിലിൽ ഒന്നരവയസ്സിലും നേർത്തൊരു കരച്ചിലായി മാത്രം അടയാളപ്പെടുത്തിയിരുന്ന ജീവനെ, ബഡ്‌സ് സ്‌കൂളും കടന്ന്, ഈ വർഷം സാധാരണ സ്‌കൂളിലെ ഒന്നാംക്ലാസ്‌കാരനാവുന്ന അഭിജിത്തിനെ, വല്ലപ്പോഴും എന്നെത്തേടിവരുന്ന അമ്മേ എന്ന അവന്റെ വിളിയെ കണ്ടില്ലെന്നു നടിക്കാൻ എനിക്കാവില്ല തന്നെ..
#scienceInAction
#joinSienceChain
#സയൻസെഴുത്തിൽകണ്ണിചേരാം

ബിന്ദു

Leave a Reply

Your email address will not be published.

error: Content is protected !!