ഒരു കോഫീഹൌസ് പ്രണയം

രാവിലെ തുടങ്ങിയ ഒരുക്കമാണ്. മുടിയെത്ര ചീകീട്ടും ശരിയാവുന്നേയില്ല. സംശയിക്കണ്ട, ഫാഷൻ ഷോയ്ക്കൊന്നും പങ്കെടുക്കാൻ പോണപോക്കല്ല. ഫസ്റ്റ് ഡേറ്റ് എന്നു സ്വയം അങ്ങു തീരുമാനിച്ചു, പോകാനുള്ള ഒരുക്കങ്ങൾ നടത്തുകയാണ് ഞാൻ. വെള്ളയിൽ നീല പ്രിന്റുള്ള ലോങ്ങ്‌ കുർത്തയിട്ടു കണ്ണാടിയിൽ തിരിഞ്ഞും പിരിഞ്ഞും നോക്കി സൗന്ദര്യമുറപ്പിക്കുന്ന എന്നെ നോക്കി അമ്മ ചുണ്ടുകോട്ടിയത് കണ്ടില്ലെന്നു നടിച്ചു. ബാഗെടുത്തു തോളിലൂടെചുറ്റിയിട്ടു അവസാന വട്ടം ഒന്നുകൂടി കണ്ണാടിയിൽ നോക്കി.
“ഫസ്റ്റ് ഡേറ്റ് അല്ലെ, സമയം തെറ്റീട്ടു ബോയ്‌ഫ്രണ്ട്‌ പിണങ്ങിപ്പൊണ്ട. വേഗം ചെന്നാട്ടെ!”
ചിരിയടക്കാൻ പണിപ്പെടുകയാണ് അമ്മ.
അപ്പോഴാണ് സമയത്തെക്കുറിച്ചോർത്തത്, ഉള്ള ഒരുക്കമൊക്കെ മതിയെന്നുറപ്പിച്ചു ഞാൻ പുറത്തുചാടി. ഹോ! ഈ അമ്മേടെ പരിഹാസം കാണാൻ വയ്യ. ഇങ്ങനേം ഉണ്ടാവോ രക്ഷകർത്താക്കൾ!! പറഞ്ഞിട്ടെന്താകാര്യം, കുറ്റം എന്റേത് തന്നെ. അല്ലാതാരെങ്കിലും ഇത്തരം കാര്യങ്ങളൊക്കെ വീട്ടിൽ പറഞ്ഞു ബന്ധുക്കളുടെയൊക്കെ സമ്മതം വാങ്ങാൻ നിൽക്ക്വോ? അനുഭവിക്ക്‌! പിറുപിറുത്തുകൊണ്ടാണ് ഇറങ്ങിയതെങ്കിലും ടെൻഷൻ ഇല്ലാതില്ല. ചെറിയൊരു സമയം കൊണ്ടുതന്നെ വീട്ടിലേക്ക് തിരികെപ്പോയാലോ എന്നുവരെ തോന്നി.
പരിഭ്രമമമടക്കി ചൈത്രത്തിന്റെ വളഞ്ഞു വളഞ്ഞു പോകുന്ന ഇരിപ്പിടങ്ങളിലൊന്നിൽ സ്ഥലം പിടിച്ചു. ഇവിടെവരാനാണ് പറഞ്ഞിരിക്കുന്നത്. അസുഖകരമായ ഒരു മണം മൂക്കിലടിച്ചുകയറി, പൊതുവെ കലങ്ങിമറിഞ്ഞ മനസ്സിനെ പിന്നേം അസ്വസ്ഥമാക്കി. ഏറെനേരം കാത്തിരിക്കേണ്ടിവന്നില്ല, കൈയ്യിലെന്തൊക്കെയോ പിടിച്ചുകൊണ്ടു ശിവൻ വളഞ്ഞുപുളഞ്ഞ കോണി കയറിവന്നു. വന്നപാടെ കൈയ്യിലിരുന്ന ഫ്രൂട്ടിയും ഡയറിമിൽക്കും എന്റെ മടിയിലേക്കിട്ടു ചോദിച്ചു,
“നേരം വെളുക്കും മുൻപ് ഇവിടെവന്നിരിക്കാൻ തുടങ്ങിയോ? നിനക്കാ ലൈബ്രറീലൊന്നും പൊയ്ക്കൂടായിരുന്നോ പെണ്ണേ”.
“അല്ല, ഇവിടെ വരാനല്ലേ പറഞ്ഞത്?”
ഞാൻ വിക്കി.
“അത് നിനക്കൊരു കാപ്പി വാങ്ങിത്തരാനല്ലേ? ഇവിടാകുമ്പോ നിനക്ക് വരാൻ സൗകര്യമാണല്ലോ എന്ന് കരുതി. എന്താ വേണ്ടത്? മസാലദോശയോ ഗീറോസ്‌റ്റോ? പെട്ടെന്ന് കഴിച്ചിട്ട് പോകാൻ നോക്ക്. ലൈബ്രറീൽ കുറേനേരമിരിക്കാണെങ്കിൽ വിശക്കാതിരിക്കാനാ ജ്യൂസും ചോക്ലേറ്റും. അല്ലേൽ വീട്ടിൽ കൊണ്ടോയി തിന്നോ”.
ചടുപിടീന്ന് സംസാരിക്കുന്നത് ഈ പിള്ളേരെ പഠിപ്പിക്കുന്നവരുടെ പൊതുലക്ഷണമായിരിക്കോ? ചിന്ത അത്രയേ എത്തിയുള്ളൂ, ശിവന്റെ പൊട്ടിച്ചിരി കേട്ടു. കൂടെ ഞങ്ങളുടെ അടുത്തേയ്ക്കു ചിരിപ്പകർച്ചയുമായി ഓർഡറെടുക്കാൻ വരുന്ന രാജാവിനെയും കണ്ടു. കോഫീഹൌസിന്റെ കിരീടം വച്ച രാജാവിനെ ലവലേശം മാനിക്കാതെ ശിവൻ എന്റെ നേരെ വിരൽ ചലിപ്പിച്ചുകൊണ്ടൊരു ചോദ്യം.
“എന്തോന്നാ ഇത്? കണ്ണിലും ചുണ്ടിലുമൊക്കെ കളറും വാരിപ്പൂശി ,നീയെന്താ കഥകളിക്കു പോണൊണ്ടാ?”
വെയിറ്ററു ചേട്ടനും തമാശയിൽ പങ്കുചേർന്നപ്പോൾ ഞാനയാളുടെ കിരീടത്തിലൊരു മേട് കൊടുത്താലെന്തെന്നു ചിന്തിച്ചു. പിന്നെ വേണ്ടെന്നുവച്ചു തലകുനിച്ചിരിപ്പായി.
“നിനക്ക് മസാലദോശമതിയാ? ചേട്ടാ രണ്ടു മസാല ദോശ. രണ്ടുകാപ്പീമെടുത്തോ?” എന്റെ സമ്മതത്തിനൊന്നും കാക്കാതെ ശിവൻ ഓർഡർ കൊടുത്തു കഴിഞ്ഞു.
തലകുനിച്ചിരിക്കുന്ന എന്നെ നോക്കി ശിവൻ കുറച്ചുനേരം മിണ്ടാതിരുന്നു. അയാൾക്കെല്ലാം മനസ്സിലായിക്കാണുമെന്നോർത്തപ്പോൾ എന്റെ നാണക്കേട് പിന്നെയും കൂടി. പെട്ടെന്ന് ശിവൻ ചോദിച്ചു.
“നല്ല ഉടുപ്പാണല്ലോ. ഇത് പുതിയതാ. നിനക്ക് നന്നായി യോജിക്കുന്നുണ്ട് ഈ പ്രിന്റ്.”
സിറ്റുവേഷന് ലാഘവം വരുത്താനുള്ള പുറപ്പാടാണ്.
“അമ്മയ്ക്കറിയോ എന്നെ കാണാൻ ഇവിടെയാണ് വരുന്നത്, കോളേജിൽ അല്ലാന്ന്?”
മുഖമുയർത്താതെ തന്നെ ഞാൻ തലയാട്ടി.
ശിവൻ പിന്നെയും കുറച്ചു നേരത്തേയ്ക്ക് ഒന്നും മിണ്ടിയില്ല. തലപ്പാവുകാരൻ വെയിറ്ററുചേട്ടൻ ചിരിയോടെ തന്നെ ദോശ വിളമ്പിയിട്ടു പോയി.
“ഡീ.. നിന്നോട് ഒരു കാര്യം പറയണമെന്ന് കുറച്ചു നാളായി വിചാരിക്കുന്നു”. ശിവൻ ആമുഖമിട്ടു.
നെഞ്ച് പടാപടാന്നിടിക്കാൻ തുടങ്ങി. മസാലദോശ വായിലേക്ക് കുത്തിക്കയറ്റി വീർപ്പിച്ച കവിളുകളുമായി ഒരുവിധം ഞാൻ തലയുയർത്തി നോക്കി.
“നിന്റെ മേക്കപ്പ് നിനക്കൊട്ടും ചേരണില്ല, ഇത് ഈ സാധാരണ പെൺപിള്ളാരെപ്പോലെ അണിഞ്ഞൊരുങ്ങി… നിനക്കിതൊന്നും ചേരൂല്ല. നീ അടുത്തുവരുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം എനിക്ക് തോന്നണത് എന്താണന്നറിയ്യോ? പത്തുപതിന്നാലു വയസ്സുള്ളൊരു അനിയൻ ചെക്കൻ, അത്രേം ഓമനിക്കാൻ തോന്നുന്നൊരു പയ്യൻ അടുത്തിരുന്നു കലപിലാ വർത്താനം പറയുന്നു എന്നാ. ഇന്നാളൊരുദിവസം സ്റ്റാഫ് റൂമിലും ആരാണ്ടോ ചോദിക്കണ കേട്ടു, മാഷിന്റെ അനിയൻ ചെക്കനെപോലെ നടക്കണ കൊച്ചിനെ കണ്ടിട്ട് കുറച്ചായല്ലോ, അവധി കഴിഞ്ഞു മടങ്ങിപ്പോയാ എന്ന്. അതുകൊണ്ടു ഈ വാരിതേയ്ക്കലൊന്നുമില്ലാതെ സാധാരണ നീ നടക്കണ പോലെ നടന്നാ മതി കേട്ടാ. നിന്നെ ഒരു അനിയനായിത്തന്നെ കാണാനാണ് എനിക്കുമിഷ്ടം.”
ദാണ്ടെ അമിട്ട് പൊട്ടണ പോലെ പൊട്ടിക്കെടക്കണ്!!
ഒന്നുരണ്ട് നിമിഷമെടുത്തെങ്കിലും ഞാനുമങ്ങു റീലീവ്ഡ് ആയി. കവിളിൽ ഒതുക്കിയിരുന്ന മസാലദോശ സാവകാശം ചവച്ചു തിന്നാനുള്ള സമയം പോലുമെടുത്തില്ല ആദ്യ ഡേറ്റിംഗിന്റെ ഹാങ്ങോവറിൽ നിന്ന് അടിച്ചുപൊളിച്ചു ചായകുടി നടത്തുന്ന അലമ്പ് കൂട്ടുകെട്ടാവാൻ. കാപ്പിയുമായി അടുത്ത റൗണ്ട് രാജാവെത്തിയപ്പോഴേയ്ക്കും ശിവന്റെ പ്ലേറ്റിലെ ബീറ്റ്റൂട്ട് വാരിയെടുത്തു സ്വന്തം പ്ലേറ്റിലിടുന്ന എന്നെയാണ് കണ്ടത്. ഇതെത്ര കണ്ടിരിക്കുന്നു എന്ന് ചിരിക്കുന്ന രാജാവിന്റെ ഞൊറിഞ്ഞുവച്ച കിരീടത്തിൽ ഇത്തവണ ഞാനൊന്ന് ഞോണ്ടുകതന്നെ ചെയ്തു. അതിൽ ബാലൻസ് തെറ്റി ഒരൽപം കാപ്പി മേശമേൽ തുളുമ്പിയതു കണ്ട് എന്റെ നേരെ കണ്ണുരുട്ടിയ ശിവനെയും രാജാവിനെയും നോക്കി ഞാനുമൊരു കള്ളച്ചിരി പാസ്സാക്കി.

ബിന്ദു

Leave a Reply

Your email address will not be published.

error: Content is protected !!