ഒരു പാതിരാ സഞ്ചാരം

സഞ്ചാരസാഹിത്യമല്ല, ഒരു സഞ്ചാരിയുടെ സെൽഫിയാണ്. സഞ്ചാരിയെന്നാൽ യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ എന്നേ അർത്ഥമുള്ളൂ , സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്നവനെന്ന് പറയാനാകില്ല. സാഹചര്യം ഒത്തുവരുന്നില്ല എന്നത് തന്നെ കാരണം. നായകൻ അരുമബ്രോ, ലണ്ടൻ നിവാസി വളരെ ഷോർട്ടായ ഒരു ഹോളിഡേയ്ക്കു വീട്ടിലെത്തിയതാണ്. (ലണ്ടൻ കാരനായതിനാൽ പുട്ടിനു പീരപോലെ ഇടയ്ക്കു ഇംഗ്ലീഷ് വാക്കുകൾ വരാഞ്ഞാലൊരു ഗുമ്മില്ല). രണ്ടു രാജ്യങ്ങൾക്കിടയിലുള്ള സമയവ്യത്യാസം വന്നിറങ്ങി കുറച്ചു ദിവസത്തെ ഉറക്കത്തെയും ദിനചര്യകളെയും അവതാളത്തിലാക്കാറുണ്ട് സ്ഥിരമായി. ഇത്തവണയും അതിനൊരു മാറ്റവും കണ്ടില്ല. അഥവാ ഉറക്കത്തെ ഇവിടുത്തെ സമയത്തിലേക്കു ക്രമീകരിക്കാൻ ബ്രോ മെനക്കെട്ടില്ല എന്നുവേണം പറയാൻ: വെറും ഒരാഴ്ച കഴിഞ്ഞാൽ വീണ്ടും തിരികെ ക്രമീകരിക്കേണ്ടി വരില്ലേ എന്നൊരു ന്യായവും പറഞ്ഞു.

അങ്ങനെ നമ്മുടെ പാതിരാവുകളെ പയ്യൻ സായാഹ്നങ്ങളാക്കി മാറ്റി ടീവി ചാനലുകൾ മാറ്റിമാറ്റി ബോറടിച്ചിരിക്കുമ്പോൾ തലച്ചോറിലൊരു പ്രകാശം മിന്നി. നിർദ്ദിഷ്ട വിഴിഞ്ഞം പദ്ധതിയൊക്കെ ഒന്നു നേരിൽക്കണ്ടാലെന്താ? നേരെ പാതിരാ ഡ്രൈവിനിറങ്ങി. ബൈപ്പാസിൽ കോവളത്തേയ്ക്കു തിരിയുന്നിടമെത്തിയപ്പോൾ ഒരു മന:ചാഞ്ചല്യം കോവളത്തേയ്ക്കു വിട്ടാലോ? ചുമ്മാ കാറ്റേറ്റ് ഇത്തിരി നേരം ഡ്രൈവ് ചെയ്യാം. വിഴിഞ്ഞത്തു വരുമ്പോൾ വീട്ടിലുള്ള ചേച്ചിയേം കൊച്ചിനേം കൂടെകൊണ്ടുവരാം ; അവരും കാണട്ടെ മ്മടെ തുറമുഖം. കോവളം ചുറ്റിവന്നപ്പോൾ ബൈപാസ്സ് ഡ്രൈവിങ് ചെക്കനങ്ങു ബോധിച്ചു. അപ്പോഴാണ് തിരുവനന്തപുരത്ത് വരാൻപോകുന്ന ലുലുമാളിനെ കുറിച്ചോർത്തത്. എന്നാലങ്ങോട്ടുപോകാം ലുലു ആദ്യം കണ്ടവനാകുകയെന്നത് അത്ര മോശം കാര്യമൊന്നുമല്ലല്ലോ. സ്പോട്ടിലെത്തിയപ്പോഴോ അവിടെ കെട്ടിടം കെട്ടിപ്പൊക്കാനുള്ള ആശയം രൂപപ്പെട്ടുവരുന്നേയുള്ളൂ! വെറുതെ മോഹിപ്പിച്ചു ലുലു. ഇനിയൊരു രണ്ടുമൂന്നുവര്‍ഷമെടുക്കും ഇതൊക്കെയൊന്നു ഷേപ്പ് ആകാൻ. ങാ അന്നെങ്ങാനും വരാനൊത്താൽ വരാം, പയ്യൻ ആശ്വസിച്ചു. എന്നാപ്പിന്നെ വഴിയിൽക്കണ്ട ട്രാവൻകൂർ മാളായാലെന്തു? അല്ലേൽ വേണ്ട അതും വീട്ടുകാരോടൊത്തുവരാം. പെട്ടെന്നൊരു ഗ്രീൻ സിഗ്നൽ!! അതന്നെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം! ഇതേവരെ കാണാനൊത്തില്ല. അങ്ങോട്ടുതന്നാകട്ടെ അടുത്ത യാത്ര.

അപ്പോൾ സമയം കൃത്യം രാത്രി രണ്ടുമണി. ഗ്രീൻഫീൽഡ് സ്റ്റേഡിയം കാണാൻ ഏറ്റവും യോജിച്ച സമയം ഇതുതന്നെ. ഫ്ളഡ് ലൈറ്റുകളാൽ അലംകൃതമായ സ്റ്റേഡിയത്തിന്റെ ഭംഗി ഒന്നുവേറെതന്നെയായിരിക്കും! കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണ്ടല്ലോ. ചെക്കൻ നേരെ അങ്ങോട്ട് വച്ചുപിടിച്ചു. ഗേറ്റിൽ അവനെ സെക്യൂരിറ്റി തടഞ്ഞു.

” ഉം? എങ്ങോട്ടാ ?”
” ചേട്ടാ ഈ സ്റ്റേഡിയം കാണാൻ ഇറങ്ങിയതാ. ഞാനിതു ഇതേവരെ കണ്ടിട്ടില്ല.”
” കാര്യമൊക്കെ ശരി, പക്ഷെ ഇപ്പൊ കാണാൻ പറ്റില്ല”.
” അതെന്താ ?”
ചെക്കൻ നിഷ്കളങ്കനായി ചോദിച്ചു.

” സാറൊന്നു വാച്ചിൽ നോക്കിയാട്ടെ. സമയം ഇപ്പോൾ രണ്ടുമണി കഴിഞ്ഞു. ഈ സമയത്താണോ സ്റ്റേഡിയം കാണാനിറങ്ങി പുറപ്പെടുന്നത്. പോയിട്ട് പകലെങ്ങാനും വരൂ.”
അപ്പോഴാണ് ലണ്ടൻ ബ്രോ വാസ്തവത്തിൽ സമയത്തെക്കുറിച്ചു ബോധവാനാകുന്നത്. ക്ഷമാപണ സ്വരത്തിൽ ആശാൻ വച്ചുകാച്ചി.

” ചേട്ടൻ പറഞ്ഞത് ശരിയാ. ഞാൻ സമയമിത്രേമായെന്നോർത്തില്ല. മുൻപിലൊരു വെളിച്ചം, അത്ര മാത്രേ കാണുന്നുണ്ടായിരുന്നുള്ളൂ.”

സെക്യൂരിറ്റികാരൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു,

” ഇപ്പോഴങ്ങനെ ഒരു വെളിച്ചം മാത്രമായിട്ടൊക്കെ തോന്നും. പോയിക്കിടന്നുറങ്ങിയാട്ടെ! രാവിലെയെണീക്കുമ്പോ എല്ലാം ശരിയാകും….. ”

ബിന്ദു ഹരികൃഷ്ണന്‍

Leave a Reply

Your email address will not be published.

error: Content is protected !!